ന്യന്‍, ഐ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിക്രം വ്യത്യസ്തമായ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം എന്നായിരുന്നു ഇരുമുഖന്റെ ഏറ്റവും വലിയ പ്രത്യേകത. നായകന്റെയും വില്ലന്റെയും വേഷങ്ങള്‍ ഒരാൾ തന്നെ കൈകാര്യം ചെയ്യുന്നത് സിനിമയിൽ ഇപ്പോള്‍ പുതുമയുള്ള കാര്യമല്ല. അഴകിയ തമിഴ് മകനില്‍ വിജയും 24 ല്‍ സൂര്യയും ബല്‍റാം വേഴ്‌സസ് താരാദാസില്‍ മമ്മൂട്ടിയുമെല്ലാം നായകനും വില്ലനുമായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഖിലന്‍ എന്ന റോ ഏജന്റായും ലൗവ് എന്ന ശാസ്ത്രജ്ഞനായും  വിക്രം പ്രത്യക്ഷപ്പെടുന്നു. മീര എന്ന കമ്പ്യൂട്ടര്‍ ഹാക്കറായി നയന്‍താരയും വിക്രമിന്റെ സഹപ്രവര്‍ത്തകയായ ആയുഷിയായി നിത്യ മോനോനും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

മലേഷ്യയിലെ ഇന്ത്യന്‍ എംബസി ഒരു വൃദ്ധന്‍ ആക്രമിക്കുന്നതാണ് ചിത്രത്തിന്റെ തുടക്കം. വൃദ്ധനു പിന്നിലുള്ളവരെ കണ്ടെത്തേണ്ടത് അനിവാര്യമാകുമ്പോള്‍ നാല് വര്‍ഷം മുന്‍പ് റോ വിട്ടുപോയ അഖിലന്‍ എന്ന ഏജന്റിനെ തേടിപ്പിടിക്കുന്നു. അഖിലന്റെ ഭൂതകാലത്ത് നടന്ന ചില അനിഷ്ട സംഭവങ്ങള്‍ അയാളെ വേട്ടയാടുന്നുണ്ട് അതിനാല്‍ അന്വേഷണത്തിന്റെ ഭാഗമാകാന്‍ അയാള്‍ വിസമ്മതിക്കുന്നു. അപകടകാരിയായ ലൗവ് എന്ന ശാസ്ത്രജ്ഞനാണ് അതിനു പിന്നില്‍ എന്നറിയുമ്പോള്‍ അഖിലന്‍ അന്വേഷണം ഏറ്റെടുക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

പ്രേക്ഷകര്‍ക്ക് ഒരു വലിയ സര്‍പ്രൈസ് നല്‍കിയാണ് ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുന്നത്. അഖിലെന്ന റോ ഏജന്റിനേക്കാള്‍ പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുക ലൗ എന്ന വില്ലനാണ്. അല്‍പ്പം സ്‌ത്രൈണതയുള്ള ഈ കഥാപാത്രത്തെ വളരെ മനോഹരമായാണ് വിക്രം കൈകാര്യം ചെയ്തിരിക്കുന്നത്. ഒരേ അഭിനേതാവാണ് ഇരുവേഷങ്ങളും കൈകാര്യം ചെയ്യുന്നതെന്ന കാര്യമേ പലപ്പോഴും നാം വിസ്മരിച്ചുപോവും.

മീരയുടെ വേഷത്തിലെത്തുന്ന നയന്‍താരയ്ക്കോ ആയൂഷിയായെത്തുന്ന നിത്യക്കോ ചിത്രത്തില്‍ കാര്യമായി അഭിനയ മൂഹുര്‍ത്തങ്ങളൊന്നുമില്ല. ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ധാരാളം സംഘട്ടന രംഗങ്ങള്‍ ഉള്ളതിനാല്‍ ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ഇരുമുഖന്‍ ഇഷ്ടപ്പെട്ടേക്കാം. ആദ്യ പകുതി വളരെ പെട്ടന്ന് അവസാനിക്കുമ്പോള്‍ രണ്ടാം പകുതി കുറച്ചു സമയമെങ്കിലും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നുണ്ട്.

യാഥാര്‍ത്ഥ്യങ്ങളോട് ഒട്ടും നീതി പുലര്‍ത്താത്ത നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഇരുമുഖന്‍ ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണെന്ന അണിയറ പ്രവര്‍ത്തകരുടെ അവകാശവാദത്തോട് യോജിക്കുക ബുദ്ധിമുട്ടാവും. ചിത്രത്തിലെ പല രംഗങ്ങള്‍ക്കും ടോം ക്ര്യൂയിസിന്റെ മിഷന്‍ ഇംപോസിബിളിനോടോ അല്ലെങ്കില്‍ ഹോളിവുഡ് ആക്ഷന്‍ സീരിസ് ഫാസ്റ്റ് ആന്റ് ഫ്യൂരിയസിനോടോ സാമ്യം തോന്നിയേക്കാം. മുത്തയ്യ എന്ന മലേഷ്യന്‍ പോലീസ് ഓഫീസറായെത്തുന്ന തമ്പി രാമയ്യയുടെ തമാശകള്‍ പ്രേക്ഷകരെ നന്നായി ചിരിപ്പിക്കുന്നുണ്ട്. ഹാരിസ് ജയരാജ് സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കാര്യമായ പുതുമയൊന്നും അവകാശപ്പെടാനില്ല. 

അമിത പ്രതീക്ഷകളില്ലാതെ സംഘട്ടനം, പ്രണയം, വിരഹം, തമാശ എന്നിങ്ങനെ എല്ലാ ചേരുവകളും ഉള്ള ഒരു തട്ടുപൊളിപ്പന്‍ തമിഴ് സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഇരുമുഖന് കയറാം.