വ്യത്യസ്തമായ ത്രില്ലര്‍ ചിത്രങ്ങള്‍ മലയാളികള്‍ എന്നും കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. അക്കൂട്ടത്തിലേക്ക് പുതുതായി എത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ അഭിനയിച്ച ഇരുള്‍. ഫഹദ് ഫാസിലിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ ഒടിടി റിലീസ് കൂടിയാണ് ചിത്രം. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ് സംവിധാനം.

അലക്സ് പാറയില്‍ എന്ന യുവ നോവലിസ്റ്റും സുഹൃത്തും അഭിഭാഷകയുമായ അര്‍ച്ചന പിള്ളയും ഒരു രാത്രിയില്‍ വലിയൊരു വീട്ടില്‍ എത്തുന്നതും അവിടെ വിചിത്രമായ സ്വഭാവ രീതികളുള്ള മറ്റൊരു വ്യക്തിയെ പരിചയപ്പെടുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് കഥാതന്തു. പതിയെ തുടങ്ങി ഒരു പ്രത്യേകഘട്ടത്തില്‍ ത്രില്ലര്‍ സ്വഭാവത്തിലേക്ക് മാറുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പേരിനെ സൂചിപ്പിക്കുന്നതുപോലെ രാത്രിയിലാണ് ഭൂരിഭാഗം രംഗങ്ങളും.

ജീവനുള്ള അഭിനേതാക്കള്‍ക്കൊപ്പം ഇരുട്ടും ഒരു കഥാപാത്രം തന്നെയാണ് ചിത്രത്തില്‍. സംഭാഷണം തീരേ കുറച്ച് നേര്‍ത്ത പശ്ചാത്തലസംഗീതത്തിന്റെ മാത്രം അകമ്പടിയോടെ ഭയപ്പെടുത്തുന്നതില്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും വിജയിച്ചിട്ടുണ്ട്. ആകെയുള്ള ഒന്നര മണിക്കൂറില്‍ ചിത്രത്തിനാകെ ത്രില്ലര്‍ സ്വഭാവം കാത്തുസൂക്ഷിക്കാനും ടീം ഇരുളിന് സാധിച്ചിട്ടുണ്ട്. അതേസമയം തിരക്കഥയില്‍ പൂര്‍ത്തിയാവാതെ തുറന്നുകിടക്കുന്ന ചില പഴുതുകള്‍ പ്രേക്ഷകനില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്താനിടയുണ്ട്.

താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ചില സംഭാഷണങ്ങളില്‍ അതിനാടകീയത നിറഞ്ഞിരിക്കുന്നത് ഒരു പോരായ്മയാണ്. പ്രേക്ഷകനില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ക്ലൈമാക്സ് എത്രമാത്രം തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഉത്തരങ്ങള്‍ നല്‍കി എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ജോമോന്‍ ടി ജോണിന്റെ ക്യാമറയും ശ്രീരാഗ് സജിയുടെ പശ്ചാത്തലസംഗീതവുമാണ് ചിത്രത്തിന്റെ ത്രില്ലര്‍ മൂഡ് ആദ്യാവസാനം നിലനിര്‍ത്തുന്നതിലെ പ്രധാനഘടകം. താരങ്ങള്‍ മൂവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

ചുരുക്കത്തില്‍ അമിതപ്രതീക്ഷകളില്ലാതെ സമീപിച്ചാല്‍ ഒരുവട്ടം കാണാം ഇരുള്‍. നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Content Highlights: Irul Movie Review Darshana Rajendran Fadhadh Faasil Soubin shahir