ജീവിതത്തതില്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ പറയുന്നത് പോലും മനസ്സിലാകാതെ വന്നേക്കും. അത് ചിലപ്പോള്‍ നിങ്ങളുടെ ബന്ധങ്ങള്‍ വളരെ സങ്കീര്‍ണമാക്കിയേക്കും, ഇറാനിയന്‍ സംവിധായകന്‍ റൗഹുള്ള ഹെജാസ് സംവിധാനം ചെയ്ത ദി ഡാര്‍ക്ക് റൂം എന്ന ചിത്രം സംസാരിക്കുന്നത് അത്തരത്തിലുള്ള ചില മനുഷ്യരുടെ കഥയാണ്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാത്തിലാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

ഹാലെ എന്ന യുവതി മെഡിക്കല്‍  റെപ്രസന്റേറ്റീവായ ഭര്‍ത്താവ് ഫര്‍ഹാദിനും മകന്‍ ആമീറിനുമൊപ്പമാണ് ജീവിക്കുന്നത്. ഇവര്‍ കുടുംബസമേതം പുതിയ ഒരു ഫ്‌ളാറ്റിലേക്ക് താമസം മാറുന്നു. ഫ്ളാറ്റ് സമുച്ചയത്തിന്റെ പുറത്തുള്ള ഒരു മരുഭൂമിയില്‍ ആമീറിനെ കാണാതാതകുന്നത് മുതലാണ് സിനിമ ആരംഭിക്കുന്നത്. തിരച്ചിലിനൊടുവില്‍ അവര്‍ക്ക് ആമീറിനെ തിരികെ ലഭിക്കുന്നു. സംഭവത്തതിന് ശേഷം ആമീറില്‍ ചില ശാരീരിക മാറ്റങ്ങള്‍ ഫര്‍ഹാദ് കാണുന്നു. തന്റെ നഗ്‌നമായ ശരീരം ഒരാള്‍ കണ്ടുവെന്ന് ആമീര്‍ വെളിപ്പെടുത്തുന്നു. അത് ഫര്‍ഹാദിനെ വല്ലാതെ അസ്വസ്ഥനാക്കുകയാണ്. തന്റെ മകനെ ആരോ ലൈംഗികമായി ഉപയോഗിച്ചുവെന്ന തോന്നല്‍ അയാളില്‍ ശക്തമാകുന്നു. അയാള്‍ക്ക് ചുറ്റുമുള്ളവരില്‍ പലരെയും അയാള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു, ചോദ്യം ചെയ്യുന്നു. എന്നാല്‍ ഒരു നിഗമനത്തതിലേക്ക് എത്താന്‍ അയാള്‍ക്ക് സാധിക്കുന്നില്ല. മകന്‍ പറഞ്ഞ കാര്യങ്ങള്‍ ഫര്‍ഹാദ് ഹലെയുമായി പങ്കുവയ്ക്കുന്നു. ഇത് ഹലെയെ മാനസികമായി ഉലയ്ക്കുന്നു. ആരുടെയും സഹായമില്ലാതെ മകനെ ഉപദ്രവിച്ചയാളെ താന്‍ കണ്ടുപിടിക്കുമെന്ന് പറഞ്ഞ് ഹലെ ഫര്‍ഹാദിനെ വെല്ലുവിളിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കാതല്‍. 

ഇറാന്റെ  രാഷ്ട്രീയ-സാമൂഹിക പശ്ചാത്തില്‍ കഥ പറയുന്ന ഒരു ചിത്രമാണെങ്കിലും ഇതിന്റെ പ്രമേയത്തിന് ആഗോള തരത്തില്‍ സ്വീകാര്യതയുണ്ട്. ഒരു പക്ഷേ ലോകത്തിന്റെ ഏത് കോണിലും നിങ്ങള്‍ക്ക്  ഒരു 'ഡാര്‍ക്ക് റൂം' കണ്ടെത്താനാകും. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ അതിസങ്കീര്‍ണമാണ്. അതില്‍ ഏറെ  ശക്തമായ കഥാപാത്രം ഹലെയുടെയാണ്. കാമ്പുള്ള സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ഇറാന്‍ ചിത്രങ്ങള്‍ എല്ലായ്പ്പോഴും മികച്ചു നിന്നിട്ടുണ്ട്. ദി ഡാര്‍ക്ക് റൂമും അതിനൊരു അപവാദമല്ല.

Content Highlights : iranian film The Dark Room film review 23rd iffk 2018, 23rd iffk 2018 latest news and updates