ജൂണ്‍ മാസത്തില്‍ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തതാണെങ്കിലും ഈ സിനിമ കേരളത്തില്‍ എത്തിയത് ഇപ്പോള്‍ മാത്രമാണ്. കേരളത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ വലിയ നിരൂപക പ്രശംസ നേടിയ ചിത്രമാണിത്. തമിഴിലെ ഇളമുറ സംവിധായകരുടെ പട്ടികയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ സിനിമ മേക്കിങ് കൊണ്ടും കഥ കൊണ്ടും മികവ് പുലര്‍ത്തുന്ന സിനിമയാണ്. മെലോഡ്രാമയ്ക്ക് പകരം ഡാര്‍ക്ക് ഹ്യൂമറും റിയലിസവും ഇടകലര്‍ത്തിയുള്ള ഫിലിം മേക്കിങ് രീതിയാണ് ഇതില്‍ പരീക്ഷിച്ചിരിക്കുന്നത്. കുറ്റങ്ങളും കുറവുകളും വിരളമായി മാത്രമെ ഈ സിനിമയില്‍ കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളു. അങ്ങനെ കണ്ടെത്തിയാല്‍ തന്നെ കഥ പറച്ചിലിന്റെ ത്രില്ലില്‍ അവ നാം മറക്കും.
സാമൂഹിക വിമര്‍ശമോ ജനങ്ങള്‍ക്ക് സന്ദേശമെത്തിക്കലോ അല്ല തന്റെ സിനിമകളുടെ ലക്ഷ്യമെന്നും കഥ പറയുകയാണ് തന്റെ രീതിയെന്നും ഉറക്കെ വിളിച്ചു പറയുന്നുണ്ട് ഇരൈവിയിലൂടെ കാര്‍ത്തിക് സുബ്ബരാജ്. പരമ്പരാഗത തിരക്കഥാ ശൈലിയല്ല സിനിമകള്‍ക്കായി കാര്‍ത്തിക്ക് സ്വീകരിക്കുന്നത്. പിസ്സാ, ജിഗര്‍ദണ്ഡാ തുടങ്ങിയ സിനിമകളുടെ പട്ടികയിലേക്കാണ് ഇരൈവിയും എത്തുന്നത്. ഇരൈവി എന്നാല്‍ ദേവത എന്നാണ് അര്‍ത്ഥം. സ്ത്രീകളിലൂടെ തുടങ്ങി പുരുഷന്മാരില്‍ അവസാനിക്കുന്ന കഥയാണിത്. പുരുഷകേന്ദ്രീകൃതമായ ഒരു സാമൂഹിക ചുറ്റുപാടിലുള്ള മൂന്ന് സ്ത്രീകള്‍, അവരുമായി ബന്ധപ്പെട്ട മൂന്നു പുരുഷന്മാര്‍ അവരുടെ അതിജീവനം, സാഹസം, അഹങ്കാരം ഇവയൊക്കെയാണ് സിനിമയുടെ അടിസ്ഥാനശില. മെയില്‍ ഷോവനിസം എങ്ങനെ സ്ത്രീകളെ ബാധിക്കുന്നു അവരുടെ ജീവിതം തകര്‍ക്കുന്നു എന്നിങ്ങനെയുള്ള ഒട്ടനവധി സംഭവങ്ങളാല്‍ സമ്പന്നമാണ് ഈ സിനിമ. ഹാപ്പി എന്‍ഡിംഗായിരിക്കണം സിനിമയുടെ ക്ലൈമാക്‌സ് എന്ന് പറഞ്ഞു പഠിപ്പിച്ചവരോടും ചൂണ്ടിക്കാണിച്ചവരോടും പോയി പണിനോക്കാന്‍ പറയുന്ന സിനിമാ നിര്‍മാണ രീതിയാണ് കാര്‍ത്തിക് സുബ്ബരാജിന്റേത്.
കുടുംബത്തിന്റെ രാഷ്ട്രീയം, സമൂഹത്തിന്റെ രാഷ്ട്രീയം തുടങ്ങിയവ സന്നിവേശിപ്പിച്ച് ആഴവും പരപ്പുമുള്ള തിരക്കഥയാണ് ഇരൈവിക്കായി ഒരുക്കിയിരിക്കുന്നത്. കഥാപാത്ര സൃഷ്ടിയിലും ഈ ആഴം വ്യക്തമാകുന്നുണ്ട്. അരുള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന എസ്.ജെ. സൂര്യ, സഹോദരന്‍ ജഗന്റെ വേഷത്തിലെത്തുന്ന ബോബി സിംഹ, ഇവരുടെ പിതാവിന്റെ സഹായിയുടെ മകന്റെ വേഷത്തിലെത്തുന്ന മൈക്കിള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയ് സേതുപതി എന്നിവര്‍ അഭിനയത്തിന്റെ മികവില്‍ അതിരുകള്‍ ഭേദിച്ചപ്പോള്‍ അവര്‍ക്കൊപ്പം തന്നെ നില്‍ക്കുന്ന പ്രകടനമായിരുന്നു അഞ്ജലിയും കമാലിനി മുഖര്‍ജിയും നടത്തിയത്. ഓവര്‍ ആക്ടിംഗ് കൊണ് മുന്‍പുള്ള പല സിനിമകളിലും വെറുപ്പിച്ചിട്ടുള്ള എസ്.ജെ. സൂര്യ പക്ഷെ ഈ സിനിമയില്‍ കൈയടക്കമുള്ള പ്രകടനമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. മനസ്സില്‍ തങ്ങി നില്‍ക്കുന്ന പല നിമിഷങ്ങളും പ്രേക്ഷകരില്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി എന്നത് പ്രതീക്ഷ നല്‍കുന്നു.
മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന കഥയല്ലിത്. സിനിമയുടെ കഥ പറഞ്ഞ് റിവ്യു എഴുതുന്ന രീതിയോട് വിയോജിപ്പുള്ളതിനാല്‍ അതിന് മുതിരുന്നില്ല. സിനിമയില്‍ വെറുതേ തല കാണിച്ച് കടന്നു പോകുന്ന കഥാപാത്രത്തിന് പോലും വലിയ പ്രാധാന്യമുള്ള തരത്തിലാണ് തിരക്കഥയുടെ വിന്യാസം. ഒരു കഥയ്ക്കുള്ളില്‍ മറ്റൊരു കഥ അതിനുള്ളില്‍ മറ്റൊരു കഥ എന്ന മുറയ്ക്ക് കഥകള്‍ കൊണ്ട് കെട്ടിപ്പൊക്കിയുണ്ടാക്കിയതാണ് ഇരൈവി. കേരളത്തിലെ വയനാട്ടില്‍ ഉള്‍പ്പെടെയായി ഷൂട്ട് ചെയ്തിരിക്കുന്ന ഈ സിനിമയുടെ പോക്ക് എങ്ങോട്ടാണെന്ന് കാഴ്ച്ചക്കാരന് നിര്‍ണയിക്കാന്‍ സാധിക്കില്ല. അണ്‍പ്രഡിക്ടബിള്‍ സ്റ്റോറി ലൈന്‍ എന്ന് ധൈര്യപൂര്‍വം ഇരൈവിയെ വിളിക്കാം. പാട്ടുകള്‍, പശ്ചാത്തലസംഗീതം എന്നിവ കഥാസന്ദര്‍ഭത്തോട് ഒത്തിണങ്ങി നില്‍ക്കുന്നവയാണ്. ലൈവ് സൗണ്ട് റെക്കോര്‍ഡിംഗാണ് ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. മലയാളീ ടെക്ക്‌നീഷ്യന്മാരായ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മലയാളിയായ വിവേക് ഹര്‍ഷനാണ് സിനിമയുടെ എഡിറ്റര്‍.
തമിഴില്‍ നിന്ന് പുറത്തിറങ്ങുന്ന പരീക്ഷണ ചിത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കാര്‍ത്തിക്ക് സുബ്ബരാജിന്റെ സിനിമ തീര്‍ച്ചയായും പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട സിനിമയാണ്. ഞാന്‍ കാത്തിരിക്കുന്നു കാര്‍ത്തിക്കിന്റെ അടുത്ത സിനിമയ്ക്കായി.