പോസിറ്റീവ്, മുംബൈ പോലീസ്, റോബിന്‍ ഹുഡ് എന്നീ ചിത്രങ്ങളില്‍ പോലീസ് വേഷത്തിലെത്തിയിട്ടുണ്ടെങ്കിലും അടിമുടി ഒരു പോലീസ് ഓഫീസറായി ജയസൂര്യ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് ഇടി അഥവാ ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം. 

ഓണ്‍ലൈന്‍ പ്രമോഷന്‍ രംഗത്ത് ശ്രദ്ധേയനായ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഇടിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് സാജിദ് യഹിയയും- അരൂസ് ഇര്‍ഫാനും ചേര്‍ന്നാണ്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ഒരു ചിരിപ്പടമാണ് ഒറ്റവാക്കില്‍ ഈ ചിത്രം. 

ദാവൂദ് ഇബ്രാഹിം എന്ന പോലീസ് ഓഫീസറുടെ  കഥയാണ് ഈ ചിത്രം പറയുന്നത്. പോലീസ് സിനിമകള്‍ കണ്ട് കണ്ട് ഒടുവില്‍ പോലീസായി തീര്‍ന്നയാളാണ് ദാവൂദ് ഇബ്രാഹിം.  പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമുള്ള ദാവൂദിന്റെ ആദ്യപോസ്റ്റിങ് കര്‍ണാടക- കേരള അതിര്‍ത്തിയിലെ കൊല്ലനഹളി എന്ന പോലീസ് സ്‌റ്റേഷനിലാണ്. 

വലിയ പ്രതീക്ഷകളോടേയും സ്വപ്‌നങ്ങളോടേയും  കല്ലനഹളിയിലേക്ക് തിരിക്കുന്ന ദാവൂദിനെ തകര്‍ത്തു കളയുന്നതായിരുന്നു അവിടുത്തെ കാഴ്ചകള്‍. ഏയ്ഞ്ചല്‍ മേരി, കുട്ടന്‍പിള്ള എന്നീ രണ്ട് പോലീസുകാര്‍ മാത്രമുള്ള തകര്‍ന്ന് തരിപ്പണമായ സ്റ്റേഷനാണ് കൊല്ലനഹള്ളിയിലേത്. 

പോലീസിനെ വില വയ്ക്കാത്ത ജനങ്ങളും നിര്‍ജീവമായ പോലീസ് സ്‌റ്റേഷനും ഇങ്ങനെ മനം മടുത്ത ദാവൂദ് അവിടെ നിന്ന് സ്ഥലംമാറ്റം കിട്ടാന്‍ നടത്തുന്ന ശ്രമങ്ങളും അതിനിടെ അയാള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇതെല്ലാമാണ് ഇടി പറയുന്ന കഥ. 

നര്‍മസമ്പന്നമായ കൊച്ചു കൊച്ചു രംഗങ്ങളാല്‍ നിറഞ്ഞ ആദ്യ പകുതി പിന്നെ ആക്ഷന് പ്രമുഖ്യമുള്ള രണ്ടാം പകുതി ഇങ്ങനെയാണ് ഇടിയുടെ ഇതിവൃത്തം. തമിഴ്-തെല്ലുങ്ക് മാസ് പടങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള നിരവധി ആക്ഷന്‍ രംഗങ്ങള്‍ ഇടിയിലുണ്ടെങ്കിലും അവയെല്ലാം നായകന്റെ സ്വപ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. 

നായകന്  മാസ് ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെങ്കിലും അതിനിടയില്‍ കഥയുടെ കരുത്ത് ചോര്‍ന്നു പോകുന്നുണ്ട്. രണ്ടാം പകുതിയോടെ മാത്രമാണ് കഥാഗതിയില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കുന്നത്. 

നായകനെ മാസാക്കി നിര്‍ത്താനുള്ള ശ്രമത്തില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സും വലിയ ആവേശം സൃഷ്ടിക്കാതെയാണ് അവസാനിക്കുന്നത്. സ്ലോമോഷന്‍ രംഗങ്ങള്‍ക്കും കാതടിപ്പിക്കുന്ന റാപ്പ് സംഗീതത്തിനും പഞ്ഞമില്ലാത്ത ചിത്രത്തിലെ ഗാനങ്ങള്‍ ശരാശരി നിലവാരത്തിലൊതുങ്ങി.  

ദാവൂദ് ഇബ്രാഹിമായി ജയസൂര്യ നിറഞ്ഞു നില്‍ക്കുന്ന ഇടിയില്‍ നായികയായി എത്തുന്നത് ശിവദയാണ് ആദ്യപകുതിയിലെ കിടിലന്‍ എന്‍ട്രിയും ഒരു പ്രണയഗാനവും കഴിഞ്ഞാല്‍ പിന്നെ ശിവദയുടെ സാന്നിധ്യം സിനിമയില്‍ ശുഷ്‌കമാണ്.ചിത്രത്തില്‍ അധോലോക നായകന്‍  അക്ബര്‍ അലിയായി എത്തുന്നത് സൂതും കാവും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ യോഗ് ജപീയാണ്. 

എയ്ഞ്ചല്‍ മേരിയായി എത്തുന്ന മോളി കണ്ണമാലി, കുട്ടന്‍പിള്ളയായി എത്തുന്ന സുനില്‍ സുഗത. വാസ്‌കോയായി എത്തുന്ന ജോജു ജോര്‍ജ്, വാസ്‌കോയുടെ കൂട്ടാളികളായി എത്തുന്ന സുധീര്‍ കോപ്പ തുടങ്ങിയവരുടെ പ്രകടനം തീയേറ്ററില്‍ ചിരി പടര്‍ത്തുന്നതാണ്. വര്‍ക്കിച്ചന്‍ എന്ന നാട്ടുപ്രമാണിയായി എത്തിയ സാജന്‍ പള്ളുരുത്തിയും സിനിമയില്‍ നര്‍മമധുരം നിറയ്ക്കുന്നു.

നിരവധി സിനിമകള്‍ക്കൊപ്പം വെള്ളിയാഴ്ച റിലീസ് ചെയ്ത ഇടിയെ വേറിട്ടു നിര്‍ത്തുന്ന പ്രധാനഘടകം ആക്ഷന്‍ രംഗങ്ങളാല്‍ നിറഞ്ഞ ഒരു പോലീസ് ചിത്രമാണിത് എന്നതാണ്. ഇടവേളയ്ക്ക് ശേഷമാണ് ഈ കാറ്റഗറിയില്‍ ഒരു ചിത്രം വരുന്നത്. സമീപകാലത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു ഒരു റിയലിസ്റ്റ്ക് പോലീസ് ചിത്രമായിരുന്നെങ്കില്‍ മാസ് ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ഒരു മസാലപടമാണ് ഇടി. ഈ ഗണത്തിലുള്ള അന്യഭാഷ ചിത്രങ്ങള്‍ക്ക് കേരളത്തിലും വലിയ ആരാധകരുണ്ടെങ്കിലും  ഒരു മാസ് മസാല പടം സൃഷ്ടിക്കേണ്ട ആവേശങ്ങളോ ആരവങ്ങളോ ഇല്ലാതെയാണ് ചിത്രത്തിന്റെ ആദ്യ ഷോ കോഴിക്കോട് അവസാനിച്ചത്.