യന്‍താര പോലീസ് ഓഫീസറായെത്തുന്ന ഇമൈക്ക നൊടികളില്‍ കണ്‍ചിമ്മാതെ കണ്ടിരിക്കാന്‍ മാത്രം ഒന്നുമില്ല. കണ്ടുമടുത്ത ഇന്‍വസ്റ്റീഗേറ്റീവ് ത്രില്ലറില്‍ നിന്ന് വ്യത്യസ്തത തേടിപ്പോയാല്‍ നിരാശയായിരിക്കും ഫലം. ഇന്‍വസ്റ്റീഗേറ്റീവ് ത്രില്ലറുകളിലെ പൂച്ചയും എലിയും കളി തന്നെയാണ് അജയ് ഗണമുത്തു സംവിധാനം ചെയ്ത ചിത്രത്തിലുള്ളത്. 'ഡിമോണ്‍ടി കോളനി'യുമായി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച അജയ് ഗണമുത്തുവിന് രണ്ടാം ചിത്രത്തില്‍ പ്രതീക്ഷക്കൊത്തുയരാനായില്ല എന്ന് വ്യക്തം. 

നയന്‍താരയുടെ അഞ്ജലി എന്ന സി.ബി.ഐ ഓഫീസറുടെ കഥാപാത്രത്തേക്കാള്‍ കാണിയുടെ കണ്ണിലുടക്കുക അനുരാഗ് കശ്യപ് അവതരിപ്പിച്ച രുദ്രയെന്ന വില്ലന്‍ കഥാപാത്രമാണ്. സൊണാക്ഷി സിന്‍ഹയുടെ ശക്തമായ കഥാപാത്രവുമായെത്തിയ ബോളിവുഡ് ചിത്രം അകിറയിലെ വില്ലനായ പോലീസ് ഓഫീസറെയാണ് രുദ്രയെ കാണുമ്പോള്‍ ഓര്‍മ്മവരിക. അതില്‍ ക്രൂരനായ എസിപി റാണയായെത്തിയ അനുരാഗ് കശ്യപിന്റെ ആ കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് ഇമൈക്ക നൊടികളിലെ രുദ്ര. 

ഒരു പ്ലോട്ടില്‍ അഞ്ജലിയും രുദ്രയും തമ്മിലുള്ള പൂച്ചയും എലിയും കളി തുടരുമ്പോള്‍ മറ്റൊരു പ്ലോട്ടില്‍ ഡോക്ടര്‍ അര്‍ജ്ജുനും കൃതിക റാവുവും തമ്മിലുള്ള പ്രണയമാണ് പറയുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ്‌ ത്രില്ലറില്‍ കുടുംബവും പ്രണയവും കുത്തിക്കയറ്റി ത്രില്ലറിന്റെ മൂഡ് കളയുന്നത് ഇമൈക്ക നൊടികളിലും ആവര്‍ത്തിച്ചുവെന്ന് മാത്രം. അഞ്ജലിയുടെ അനിയനാണ് അഥര്‍വ്വ അഭിനയിക്കുന്ന അര്‍ജുനെന്ന കഥാപാത്രം. കാമുകി കൃതികയായെത്തുന്നത് റാഷി ഖന്നയാണ്. അഞ്ജലിയും രുദ്രയും തമ്മിലുള്ള കണ്‍കെട്ട് കളിയിലേക്ക്‌ അര്‍ജുനും കൃതികയും കടന്നുവരുന്നതോടെയാണ് ചിത്രത്തിന്റെ തലം മാറുന്നത്. 

ബെംഗളൂരുവാണ് കഥയുടെ പശ്ചാത്തലം. അഞ്ചു വര്‍ഷം മുമ്പ് അഞ്ജലിയുടെ നേതൃത്വത്തില്‍ സി.ബി.ഐ നടത്തിയ ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രുദ്രയെന്ന സൈക്കോ കില്ലര്‍ തിരിച്ചുവരുന്നതാണ് കഥ. രുദ്രയുടെ അതേ രീതി ഉപയോഗിച്ച് അയാള്‍ വീണ്ടും കൊലപാതങ്ങള്‍ നടത്തുന്നു. അയാളുടെ ലക്ഷ്യം അഞ്ജലിയാണ്. പക്ഷേ അഞ്ചു വര്‍ഷം മുമ്പ് താന്‍ കൊലപ്പെടുത്തിയ രുദ്ര എങ്ങനെ തിരിച്ചുവന്നുവെന്നും അത് തന്നെ ലക്ഷ്യം വെക്കുന്നത് എന്തിനാണെന്നും അഞ്ജലിക്കറിയില്ല. പിന്നീട് രുദ്രയുടെ പിന്നിലുള്ള രഹസ്യം ചുരുളഴിക്കുന്നതാണ് സിനിമ.

സസ്‌പെന്‍സും ട്വിസ്റ്റുമായാണ് സിനിമക്കുള്ളിലെ പ്ലോട്ടുകള്‍ തമ്മില്‍ കൂടിക്കുഴയുന്നത്. എന്നാല്‍ ഇത് ഓരോന്നും കാണുന്നയാള്‍ക്ക് പ്രവചിക്കാനാകും. ഇതു തന്നെയാണ് ഈ സസ്‌പെന്‍സ് ത്രില്ലറുടെ ന്യൂനത. രുദ്രയാരാണെന്ന വെളിപ്പെടുത്തല്‍ മാത്രമാണ് ആകെ ഈ സിനിമയില്‍ പിടിച്ചിരുത്തുന്ന ഘടകം. 

ഇടയ്‌ക്കൊന്നു വന്നു പോയ വിജയ് സേതുപതി തന്റെ റോള്‍ ഭംഗിയാക്കിയിട്ടുണ്ട്. നാനും റൗഡി താനിന് ശേഷം നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കുന്ന വിജയ് സേതുപതി വിക്രമാദിത്യനെന്ന കഥാപാത്രാമായാണെത്തുന്നത്. അഞ്ജലിയുടെ ഭര്‍ത്താവാണ് ഇയാള്‍. മൂന്നു സീനിലും ഒരു പാട്ടിലും മാത്രമേയുള്ളുവെങ്കിലും കഥയില്‍ നിര്‍ണായകമായ റോളാണ് വിക്രമാദിത്യനുള്ളത്. നാനും റൗഡി താനിലെ 'ആര്‍ യു ഓകെ ബേബി' എന്ന സിഗ്നേച്ചര്‍ ഡയലോഗ് ഇമൈക്കെ നൊടികളിലും ആവര്‍ത്തിച്ച് ആരാധകരെ കൈയിലെടുക്കാന്‍ വിജയ് സേതുപതിക്ക് കഴിഞ്ഞൂവെന്ന് പറയാം.

അഞ്ജലിയുടേയും വിക്രമാദിത്യന്റേയും മകളായെത്തുന്ന കുഞ്ഞു ശാലിനി (മനസ്‌വി) കാണികള്‍ക്ക് ചിരിക്കാനുള്ള വകയുണ്ടാക്കുന്നു. മലയാള നടന്‍ ദേവനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

പ്ലോട്ടിനനുസരിച്ച് സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയിരിക്കുന്നത് ആദിയും ജീവയും ചേര്‍ന്ന 'ഹിപ് ഹോപ് തമിഴ' കൂട്ടുകെട്ടാണ്.  പ്രണയവും വിരഹവും വര്‍ണിക്കുന്ന പാട്ടുകളൊക്കെയും കണ്ടു മറന്നു പോകുന്നതാണ്.  രുദ്രയെന്ന കഥാപാത്രമായി അനുരാഗ് കശ്യപ് പ്രത്യക്ഷപ്പെടുമ്പോഴുള്ള പശ്ചാത്തല സംഗീതം മാത്രമാണ് തിയേറ്റര്‍ വിടുമ്പോള്‍ മനസ്സില്‍ ബാക്കിയുണ്ടാകുക.

തിരക്കഥയും സംഭാഷണവുമൊരുക്കിയ പട്ടുകോട്ടൈ പ്രഭാകറിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി ഇഴച്ചിലില്ലാതെ കഥ മുന്നോട്ടുകൊണ്ടുപോകുക എന്നതായിരുന്നു. എന്നാല്‍ ആ വെല്ലുവിളി പരാജയമാകുന്ന കാഴ്ച്ചയാണ് തിയേറ്ററില്‍ കാണാനാകുക. ആര്‍.ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച, ഭുവന്‍ ശ്രീനിവാസന്‍ എഡിറ്ററായ ഈ ചിത്രം രണ്ടേമുക്കാല്‍ മണിക്കൂര്‍ എന്തിന് വലിച്ചിഴച്ചു എന്നു തോന്നിപ്പോകും. 

Contnet Highlights: Imaikkaa Nodigal Tamil Movie Review Nayantara Anurag Kashyap Atharvaa