മോഹന്‍ജൊ ദാരോയുടെ പരാജയത്തില്‍നിന്നുള്ള തിരിച്ചുവരവെന്ന് ഹൃത്വിക് റോഷനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും ആശ്വസിക്കാവുന്ന ചിത്രമാണ് കാബില്‍. അന്ധനായ നായകന്‍, അയാളുടെ സ്വപ്‌നവും പ്രണയവും പ്രതികാരവുമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍, തുടക്കത്തിലും രണ്ടാം പകുതിയിലും ദൃശ്യമായ  ഇഴച്ചിൽ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നതായിരുന്നെന്ന് പറയാതെ വയ്യ. 

ഹോളിവുഡ് ചിത്രം ബ്ലൈന്‍ഡ് ഫ്യൂറി, കൊറിയന്‍ ചിത്രം ബ്രോക്കണ്‍ എന്നിവയുമായി സാദൃശ്യം പുലര്‍ത്തുന്ന ചിത്രത്തെ ഒരു ബോളിവുഡ് ടച്ച് നല്‍കി അവതരിപ്പിക്കുകയാണ് സഞ്ജയ് ഗുപ്ത എന്ന സംവിധായകന്‍ ചെയ്തത്.  അതുകൊണ്ടുതന്നെ വലിയ പുതുമകളൊന്നും അവകാശപ്പെടാനില്ല പ്രമേയത്തിന്.

ലോകം മുഴുവന്‍ എതിരു നിൽക്കുന്ന കാഴ്ചയില്ലാത്തവന്റെ ഓറ്റയാള്‍ പോരാട്ടമാണ് കാബില്‍. ചിട്ടയോടെ ജീവിതം നയിക്കുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റായ രോഹന്‍ ഭട്ട് നാഗറിന്റെ  വേഷത്തിലാണ് ഹൃത്വിക് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സുപ്രിയ ശര്‍മ എന്ന അന്ധയായ പെണ്‍കുട്ടി  ജീവിതത്തില്‍ കൂട്ടായെത്തുമ്പോള്‍ അയാളുടെ ജീവിതത്തിന് പുതിയ വെളിച്ചം ലഭിക്കുകയാണ്. മധുവിധു തീരും മുന്‍പേ സുപ്രിയയെയും രോഹനെയും കാത്തിരുന്നത് ഒരു വലിയ ദുരന്തമായിരുന്നു. നിയമ സംവിധാനങ്ങള്‍ അധികാരമുള്ളവന് മുന്‍പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ നായകന്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. 

രോഹന്‍ എന്ന അന്ധകഥാപാത്രം ഹൃത്വിക്കിന്റെ കൈകളില്‍ ഭദ്രമാണ്. കാഴ്ചയില്ലാത്തവന്റെ ശരീരഭാഷ  സ്വായത്തമാക്കാന്‍ ഹൃത്വിക് ഏറെ ഗൃഹപാഠം ചെയ്തിട്ടുണ്ടെന്ന് വ്യക്തം. സഞ്ജയ് ബന്‍സാലിയുടെ ഗുസാരിഷിന് ശേഷം ഹൃത്വിക് ചെയ്ത വ്യത്യസ്തമായ വേഷമാണ് കാബിലിലേത്. നായികയായെത്തിയ യാമി ഗൗതമിന് ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യാനില്ല. പ്രതിനായകനായെത്തിയ റോണിത് റോയ് തന്റെ വേഷം പതിവു പോലെ ഗംഭീരമാക്കിയിട്ടുണ്ട്. എങ്കിലും കൂടുതല്‍ സമയവും സ്‌ക്രീനില്‍ നിറഞ്ഞു നിൽക്കുന്നത് ഹൃത്വിക്കിന്റെ മുഖം തന്നെ. 

അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തുന്ന നിയമപാലകരോടും ഭരണാധികാരികളോടും നായകന്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങള്‍ തിയേറ്ററുകളില്‍ കൈയടിക്ക് വഴിവയ്ക്കുന്നുണ്ട്. തീര്‍ച്ചയായും ഇത് തിരക്കഥാകൃത്തുക്കളായ സഞ്ജയ് മസൂമിനും വിജയ് കുമാര്‍ മിശ്രക്കും അവകാശപ്പെട്ടതാണെന്ന് പറയാതെ വയ്യ.

ഹൃത്വിക്കിന്റെ പിതൃസഹോദരനായ രാജേഷ് റോഷനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. രാജേഷിന്റെ മുന്‍ചിത്രങ്ങളായ കഹോനാ പ്യാര്‍ ഹെ. കോയി മില്‍ ഗയ, കൃഷ്,  തുടങ്ങിയവ സൃഷ്ടിച്ച ഓളം കാബിലില്‍ അദ്ദേഹത്തിന് തുടരാനായിട്ടില്ല. മിക്ക ബോളിവുഡ് സിനിമകളുടെയും പതിവു ചേരുവയായ ഐറ്റം ഡാൻസിന്റെ കാര്യത്തിൽ കാബിലും അപവാദമായില്ല.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ പതിവ് ചേരുവകളുള്ള, ശരാശരിക്ക് മുകളില്‍ നിലവാരം പുലര്‍ത്തുന്ന ഒരു ബോളിവുഡ് ചിത്രം എന്ന് കാബിലിനെ വിശേഷിപ്പിക്കാം. ഷാരൂഖ് ഖാന്റെ റയീസുമായാണ് ബോക്സ് ഓഫീസിൽ കാബിലിന് ഏറ്റുമുട്ടാനുള്ളത്. ഇത് അണിയറ പ്രവര്‍ത്തകരിൽ സൃഷ്ടിച്ച തലവേദന ചെറുതല്ല. ഏതിനാണ് അന്തിമ വിജയമെന്ന് ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു.