രു മലയാള സിനിമ കണ്ട് മനസും കണ്ണും നിറഞ്ഞ അനുഭവം പ്രേക്ഷകർ അവസാനമായി അനുഭവിച്ചറിഞ്ഞത് എന്നാവും? ഓർത്തെടുക്കാൻ സമയമെടുക്കുന്നുവെങ്കിൽ ആ ചോദ്യത്തിനുള്ള ഉത്തരവുമായാണ് റോജിൻ തോമസ് സംവിധാനം ചെയ്ത #ഹോം എന്ന ചിത്രം എത്തുന്നത്. 

സ്മാർട്ട്ഫോൺ ഇന്നത്തെ കുടുംബങ്ങളെ എത്രമാത്രം ബാധിച്ചിട്ടുണ്ട്? അതിന്റെ സാധ്യതകൾ എത്രമാത്രം കുടുംബ ബന്ധങ്ങളിൽ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്? #ഹോമിൽ പ്രേക്ഷകർക്ക് അത് കാണാനാകും.

​#ഹോം ഇത് നമ്മൾ ഓരോരുത്തരുടെയും കഥയാണ്. ഏത് നേരവും മുങ്ങിത്തപ്പുന്ന കയ്യിലെ സ്മാർട്ട്ഫോൺ മാറ്റി വച്ച് നോക്കിയാൽ നിങ്ങൾക്ക് കാണാം ഒലിവർ ട്വിസ്റ്റിനെയും കുട്ടിയമ്മയെയും ചാൾസിനെയും ആന്റണിയെയുമെല്ലാം. സാങ്കേതികവിദ്യയ്ക്ക് സ്വാധീനമുള്ള കാലത്ത് ജീവിക്കുന്ന മക്കൾക്കിടയിൽ സാങ്കേതികജ്ഞാനത്തിന്റെ അഭാവം കാരണം പിന്തള്ളപ്പെട്ടുപോവുന്ന രക്ഷിതാക്കളുള്ള അനേകം വീടുകൾ നമ്മുടെ നാട്ടിലുണ്ട്.  സ്മാർട്ട്ഫോൺ ഉപയോഗിക്കാനറിയാത്ത, ഫെയ്സ്ബുക്കും വാട്സാപ്പും ഇൻസ്റ്റ​ഗ്രാമും എന്തെന്നറിയാത്ത, ഫോണിൽ ഒരു ഫോട്ടോ പോലും എടുക്കാനറിയാത്ത 'വേറെ ഏതോ ലോകത്ത്' ജീവിക്കുന്ന മാതാപിതാക്കൾ.

അവരുടെ സന്തോഷം മക്കളുമൊത്തുള്ള നിമിഷങ്ങളാണ്. എന്നാൽ ഫോണിൽ നിന്ന് ഒരു നിമിഷം പോലും കണ്ണെടുക്കാനാവാത്ത, തങ്ങളുടെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഫോണിൽ നിന്ന് തന്നെ കണ്ടെത്തുന്ന ഇന്നത്തെ തലമുറയ്ക്ക് അച്ഛനമ്മമാരെ മനസിലാക്കാനും അറിയാത്ത കാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കാനും എവിടെ നേരം.

നാൽപ്പതുകളിലും അൻപതുകളിലും ഇംഗ്ലിഷ് സാഹിത്യത്തിലെ ക്ലാസിക്കുകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരുന്ന പല എഴുത്തുകാരുടെയും ടൈപ്പിസ്റ്റ് ആയി ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു ഒലിവർ ട്വിസ്റ്റിന്റെ അപ്പച്ചൻ. ചാൾസ് ഡിക്കൻസിന്റെ നോവലിലെ  കഥാപാത്രത്തോടുള്ള ഇഷ്ടം കാരണം അദ്ദേഹം മകന് നൽകിയ പേരാണ് ഒലിവർ ട്വിസ്റ്റ് എന്നത്. വിഡിയോ കാസറ്റ് ലൈബ്രറി നടത്തിപ്പുകാരനായിരുന്ന ഒലിവറിന് കാലത്തിനൊപ്പം നീന്താനാകാത്തതിനാൽ കട പൂട്ടേണ്ടി വന്നു. സാങ്കേതികവിദ്യയുടെ ലോകത്ത് ജീവിക്കുന്ന രണ്ട് മക്കളാണ് ഒലിവറിനും ഭാര്യ കുട്ടിയമ്മ്ക്കും. മൂത്തമകൻ ആന്റണി സംവിധായകനും രണ്ടാമത്തെ മകൻ ചാൾസ് യൂട്യൂബറും. 

ഭാര്യയും അച്ഛനും മക്കളുമടങ്ങുന്നതാണ് ഒലിവർ ട്വിസ്റ്റിന്റെ ലോകം. നവയു​ഗത്തിന്റെ മാറ്റങ്ങൾക്കൊപ്പം മുന്നോട്ട് പോകാത്ത ഒലിവറിന് ആകെ അറിയുന്നത് സ്നേഹിക്കാനാണ്.  നാളുകൾക്ക് ശേഷം കാണുന്ന മൂത്ത മകൻ ആന്റണിയോട് അയാൾ 'ആർത്തി'യോടെയാണ് വിശേഷങ്ങൾ ചോദിക്കുന്നത്. അവനോട് സംസാരിക്കുമ്പോഴുള്ള അയാളുടെ ആവേശത്തിലുണ്ട് മക്കളോട് കടലോളം സ്നേഹം കൊണ്ട് നടക്കുന്ന അച്ഛന്റെ ഉള്ളം. 

നമ്മളിൽ പലരുടെയും വീടും ചുറ്റുപാടും തന്നെയാണ് കഥാ പശ്ചാത്തലം. സ്മാർട്ട്ഫോണിന്റെയും ഇന്റർനെറ്റിന്റെയും ലോകത്തിൽ ജീവിക്കുന്ന മക്കൾക്കൊപ്പം എത്തിപ്പെടാൻ ഒലിവർ ട്വിസ്റ്റ് നടത്തുന്ന പരിശ്രമങ്ങൾ ഒരേസമയം ചിരിപ്പിക്കും, ചിന്തിപ്പിക്കും, കരയിക്കും.  പിഎച്ച്ഡിയും മറ്റുമുള്ള, ടെക്നോളജിയിൽ അപ്ഡേറ്റഡായ, സ്വന്തം ആത്മകഥ എഴുതിയ ഭാവി അമ്മായിഅച്ഛനോടുള്ള ആന്റണിക്കുള്ള ആദരവിനും ബഹുമാനത്തിനും സ്നേഹത്തിനും മുന്നിൽ  പ്രത്യേകിച്ച് എടുത്തു പറയാൻ തക്കവിധ നേട്ടങ്ങളൊന്നും തന്റെ ജീവിതത്തിലില്ലെന്ന തിരിച്ചറിവ്  ഒലിവറിനെ നിരാശനാക്കുന്നുണ്ട്. എന്നാൽ മകനോട് പറയാൻ 'എക്സ്ട്രാ ഓർഡിനറി' ആയ ഒരു സംഭവം അയാളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന തിരിച്ചറിവ് ചിത്രത്തിന്റെ കാതലാണ്.

ഒലിവർ ട്വിസ്റ്റ് ആയെത്തിയ ഇന്ദ്രൻസ് തന്നെയാണ് ഈ വീടിന്റെ നട്ടെല്ല്. ഒലിവറിന്റെ ഭാര്യ കുട്ടിയമ്മയായി എത്തിയ മഞ്ജു പിള്ള അതിഭാവുകത്വമേതുമില്ലാതെ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. "എനിക്കെന്റെ മോന്റെ അടുത്ത് വെറുതേ ഇരുന്നൂടേ" എന്ന് ചോദിക്കുന്ന അച്ഛനെ ഒന്നുമറിയാത്തവനാക്കിയ മകനോട് "ആ ഇരിക്കുന്നത് നിന്റെ തന്തയാ, അത് നിനക്ക് ഓർമ്മവേണം, നീയൊക്കെ ആരാടാ, ഭൂമിയിലേക്ക് പൊട്ടിവീണ രാജാക്കന്മാരോ"  എന്ന് പൊട്ടിത്തെറിക്കുന്ന, ഭർത്താവിനേയും ഭർതൃപിതാവിനേയും മക്കളെയും ജീവിതമായി കാണുന്ന കുട്ടിയമ്മയെ അത്രമാത്രം കയ്യടക്കത്തോടെ മഞ്ജു പിള്ള കൈകാര്യം ചെയ്തിരിക്കുന്നു. ഒരു നവാഗത സംവിധായകന്റെ ആശങ്കകളും പ്രതിസന്ധിയും മനോഹരമായി അവതരിപ്പിച്ച ശ്രീനാഥ് ഭാസിയും ത​ഗ് ഡയലോ​ഗുകളും  കൗണ്ടറുകളുമായി യൂട്യൂബ് ജീവിയായ ചാൾസ് ആയി എത്തിയ നസ്ലിനും കയ്യടി നേടുന്നു.

ഒലിവറിന്റെ ആത്മാർഥ സുഹൃത്ത് സൂര്യനായി എത്തിയ ജോണി ആന്റണി, കൈനകരി തങ്കച്ചൻ, ശ്രീകാന്ത് മുരളി, ആശ അരവിന്ദ്, ദീപ തോമസ്, കെ.പി.എ.സി ലളിത, പ്രിയങ്ക, വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. രാഹുൽ സുബ്രഹ്മണ്യന്റെ സം​ഗീതവും വീടിനകത്തെയും പുറത്തെയും കാഴ്ച്ചകൾ മനോഹരമായി ഒപ്പിയെടുത്ത നീൽ ഡി കുഞ്ഞയുടെ ക്യാമറയും ചിത്രത്തിന്റെ പ്ലസുകളിൽ ഒന്നാണ്. 

ഇത് നിങ്ങളുടെ വീടാണ്, ഇതിൽ നിങ്ങളൊക്കെ തന്നെ ആണ് ഉള്ളത്. കാണണം കണ്ണും മനസും നിറച്ചിരിക്കും ഈ കൊച്ചു ചിത്രം.

Content Highlights : Home Malayalam Movie review Rojin Thomas Indrans Sreenath bhasi Manju Pillai Naslen