ഫോണ്‍ പോലും കയ്യിലില്ലാതെ ഒറ്റയ്ക്ക് ഒരു കൊടുംകാട്ടില്‍ അകപ്പെട്ടാല്‍ എന്ത് ചെയ്യും? ആളൊഴിഞ്ഞ കെട്ടിടത്തിലെ ലിഫ്റ്റിനകത്ത്, മൈനസ് ഡിഗ്രിയില്‍ ഫ്രീസറിനകത്ത്... മരണത്തെ മുന്നില്‍ കാണുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവിക്കാന്‍ വേണ്ടി ഒരുവന്‍ നടത്തുന്ന അതിജീവന ശ്രമങ്ങളുണ്ടല്ലോ, ആ ശ്രമത്തിന്റെ കഥയാണ് നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ഒരുക്കിയ ഹെലന്‍ പറയുന്നത്. ഒറ്റ വാക്കില്‍ ഹെലന്‍ ഒരു സര്‍വൈവല്‍ ത്രില്ലറാണ്. 

മരണത്തെ മുഖാമുഖം കാണുന്ന നിമിഷത്തില്‍ ജീവന്‍ രക്ഷിക്കാന്‍ പൊരുതുന്ന ഹെലന്‍ എന്ന യുവതിയുടെ കഥയാണ് ഇത്. നഴ്‌സിംഗ് കഴിഞ്ഞെങ്കിലും വേതനം കുറവായതിനാല്‍ വിദേശത്തേക്ക് പോകാനുള്ള പരിശ്രമത്തിലാണ് ഹെലന്‍. ഇതോടൊപ്പം പാര്‍ട്ട് ടൈം ആയി ചിക് ഹബ് എന്ന ഫാസ്റ്റ്ഫുഡ് കൗണ്ടറിലും അവള്‍ ജോലി ചെയ്യുന്നുണ്ട്. ചെറുപ്പത്തിലേ അമ്മ മരിച്ച ഹെലന് അച്ഛന്‍ പോള്‍ ആണ് എല്ലാം. ഒപ്പം പപ്പ അറിയാതെ അവള്‍ കൊണ്ടുനടക്കുന്ന അവളുടെ പ്രണയം അസറും.

കാനഡയിലേക്ക് പോകാനായുള്ള ഇന്റര്‍വ്യൂ വിജയിച്ച്, അങ്ങോട്ട് വിമാന ടിക്കറ്റ് വരെ ബുക്ക് ചെയ്ത സമയത്ത് അവള്‍ അപ്രതീക്ഷിതമായി ഒരു ട്രാപ്പില്‍ അകപ്പെടുന്നു. മരണം മുന്നില്‍ കാണുന്ന ഈ സന്ദര്‍ഭത്തില്‍നിന്ന് ഹെലന്‍ രക്ഷപ്പെടുമോ ഇല്ലയോ എന്നതാണ് പിന്നീടുള്ള സിനിമ.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ബേബി മോള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ അന്ന ബെന്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ഹെലനായെത്തുന്നത്. ബേബി മോളെ മാറ്റിനിര്‍ത്തി പൂര്‍ണമായും ഹെലനായി മാറിയിരിക്കുകയാണ് അന്ന. ചിത്രത്തിന്റെ പകുതിയിലേറെയും അന്നയുടെ പ്രകടനമാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. അസ്ഥി കോച്ചുന്ന തണുപ്പത്ത് മരണത്തില്‍നിന്നും രക്ഷപ്പെടാന്‍ ഹെലന്‍ നടത്തുന്ന പരിശ്രമങ്ങള്‍ പ്രേക്ഷകനിലേക്ക് അതേപടി എത്തിക്കാന്‍ അന്നയുടെ പ്രകടനത്തിന് സാധിച്ചിട്ടുണ്ട്.

ഹെലന്റെ അച്ഛന്റെ വേഷത്തിലെത്തിയ ലാലിന്റെ പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. എടുത്തു പറയേണ്ടതാണ് അജു വര്‍ഗീസിന്റെ നെഗറ്റീവ് കഥാപാത്രം. ഹാസ്യ കഥാപാത്രങ്ങളില്‍നിന്നും അജുവിന്റെ മോചനമാണ് ചിത്രത്തിലെ എസ്ഐ രതീഷ്‌കുമാര്‍. അസര്‍ എന്ന നായക കഥാപാത്രമായെത്തിയ നോബിള്‍ തോമസിന്റെ പ്രകടനവും മികച്ചത്. ഷാന്‍ റഹ്‌മാന്‍ ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ ഫീല്‍ ഉറപ്പ് നല്‍കുന്നതാണ്.

നോബിള്‍ തോമസ്, മാത്തുക്കുട്ടി സേവ്യര്‍, ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം കണ്ടിരിക്കാവുന്ന ഒരു നല്ല സര്‍വൈവല്‍ ത്രില്ലറിനായി ഹെലന് ടിക്കറ്റെടുക്കാം

Content Highlights : Helen Movie review Starring Anna Ben Lal Noble Thomas Aju Vargheese Directed by Mathukutty Xavier