നവാഗതനായ ഒമര്‍ സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് തിയേറ്ററുകളിലെത്തിയത് പ്രേമം ബോയ്സ് ആര്‍ ബാക്ക് എന്ന ടാഗ് ലൈനിലൂടെയാണ്. പ്രേമത്തിലെ ചെറുകഥാപാത്രങ്ങള്‍ ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ചെറിയ കഥയില്‍ മുഴുനീള ഹാസ്യമാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ഒരു ചെറിയ സിനിമ എന്ന നിലയില്‍ ലോജിക്കും യുക്തിയുമൊക്കെ തിയേറ്ററില്‍ കയറുന്നതിന് മുന്‍പ് പടിക്കല്‍ ഉപേക്ഷിച്ച് കയറിയാല്‍ ഏറെ നേരം ചിരിക്കാനുള്ള വകുപ്പുണ്ട് സിനിമയില്‍.
ഹാസ്യമുണ്ട് എന്ന് പറയുമ്പോള്‍ ഇതോടൊപ്പം പറയേണ്ട മറ്റൊന്ന് ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ അതിപ്രസരമാണ്. ഡബിള്‍ മീനിംഗ് ഡയലോഗുകള്‍ യുവതി യുവാക്കളെ ചിരിപ്പിക്കുമ്പോള്‍ കുടുംബപ്രേക്ഷകര്‍ക്ക് അലോസരമുണ്ടാക്കും. സ്വാഭാവികമായ നര്‍മങ്ങള്‍ ചിരി പടര്‍ത്തില്ലെന്ന സംവിധായകന്റെ തെറ്റിദ്ധാരണയിലാണെന്ന് തോന്നുന്നു ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ അമിതമായി കടന്നു വരുന്നത്.
രണ്ടു പകുതിയിലായി ഹരി എന്ന നായക കഥാപാത്രത്തിന്റെ രണ്ട് പ്രണയങ്ങളാണ് സിനിമ പറയുന്നത്. ഒടുവിലത്തെ രണ്ട് ട്വിസ്റ്റുകള്‍ ചിരിപ്പിക്കുകയും അതേസമയം വിവാഹവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില 'വിവാഹബ്യൂറോ' തട്ടിപ്പുകള്‍ വെട്ടിത്തുറന്ന് പറയുകയും ചെയ്യുന്നു. പ്രേമത്തിലെ ജോജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിജു വില്‍സനാണ് ഹാപ്പി വെഡ്ഡിംഗില്‍ ഹരിയെ അവതരിപ്പിച്ചത്. ഹരിയുടെ ബന്ധുവായി ഗിരിരാജന്‍ കോഴിയായി നമ്മെ ചിരിപ്പിച്ച ഷറഫുദ്ദീനുമെത്തുന്നു. ഷൗബിന്‍ സാഹിര്‍ ഈ സിനിമയില്‍ നിര്‍ണായകമായൊരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. അനു സിത്താരയും ദൃശ്യയുമാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളെ ഏല്‍പ്പിച്ച ചെറിയ ദൗത്യം ഭംഗിയായി അവതരിപ്പിക്കാന്‍ ഈ അഭിനേതാക്കള്‍ക്കെല്ലാം സാധിച്ചിട്ടുണ്ട്. സൈജുക്കുറുപ്പ്, തെസ്നീ ഖാന്‍, നിയാസ് ബക്കര്‍, മറീന മൈക്കിള്‍ എന്നിവര്‍ ചെറുകഥാപാത്രങ്ങളായി വന്നുപോകുന്നു. ഇവരെ ഒഴിച്ചുള്ള ബാക്കി എല്ലാ ചെറുകഥാപാത്രങ്ങളും പുതുമുഖങ്ങളാണ്.
സങ്കീര്‍ണമല്ലാത്ത സ്വാഭാവികമായ കഥപറച്ചില്‍ രീതി ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് ഈ സിനിമയും ഇഷ്ടമാകും. നേരത്തെ പറഞ്ഞ പോലെ യുക്തിയും ലോജിക്കും പടിക്കല്‍വെച്ച് തിയേറ്ററിലേക്ക് കയറാന്‍ സാധിക്കുന്നവര്‍ക്ക് വെറുതേ ചിരിക്കാനായി ഈ സിനിമയ്ക്ക് ടിക്കറ്റെടുക്കാം.