റാംജിറാവ് സ്പീക്കിങ് മലയാളസിനിമയിലെ ട്രെന്‍ഡ് സെറ്ററായിരുന്നു, തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ നിലനില്‍പിനായി ചെയ്യുന്ന തട്ടിപ്പുകളും വെട്ടിപ്പുകളും അവരെ കൊണ്ടെത്തിക്കുന്ന പുലിവാലുകളുടെ രസകരമായ റാംജിറാവ് മോഡല്‍ ആവിഷ്‌കാരങ്ങള്‍ക്ക് ഒരുപാടു തുടര്‍ച്ചകള്‍ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. തോമസ് സെബാസ്റ്റ്യനും ധ്യാന്‍ ശ്രീനിവാസനും ചേര്‍ന്നൊരുക്കിയ ഗൂഢാലോചന ഈ പഴയ തൊഴിലില്ലായ്മയുടെയും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കഥയാണ്. ഹരീഷ് കണാരന്റെ റിയാലിറ്റി ഷോ കോമഡികളും വി.കെ. പ്രകാശിന്റെ ത്രി കിങ്‌സ് മോഡല്‍ തമാശകളും ഈ ചിത്രത്തിലും ആവര്‍ത്തിക്കുന്നതിനാല്‍ വലിയ പുതുമകളൊന്നും അവകാശപ്പെടാനില്ല. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി ചിത്രം 'രാജമ്മ അറ്റ് യാഹൂ' എന്ന ചിത്രത്തോടു തരക്കേടില്ലാത്ത സാമ്യമുണ്ട്. 

തോമസ് സെബാസ്റ്റ്യന്‍ മൂന്നാമത്തെ സിനിമയാണിത്. രണ്ടുപേരും ജനപ്രിയ സിനിമകളുടെ ചേരുവകളെ കാലങ്ങള്‍ക്കനുസരിച്ച് റിയലിസ്റ്റിക്കായി അവതരിപ്പിച്ച എഴുത്തുകാരാണ്. എന്നാല്‍ ധ്യാനിന്റെ  കന്നിത്തിരക്കഥയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ല. തൊണ്ണൂറുകളിലെ  സിനിമകളില്‍ നിന്ന് കടംകൊണ്ടവയാണെന്ന് പറയേണ്ടി വരും. സിനിമയില്‍ ധ്യാന്‍ ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. നടനെന്ന നിലയില്‍ ആദ്യകാല പരിഭ്രമങ്ങളില്‍നിന്നു മാറി ധ്യാന്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 

കോഴിക്കോട്ടാണ് കഥ നടക്കുന്നത്, നഗരത്തിന്റെ  സൗഹൃദക്കൂട്ടായ്മയെക്കുറിച്ചുള്ള കഥയാണെന്നൊക്കെയാണ് സിനിമയുടെ പശ്ചാത്തലത്തില്‍ കഥാകാരനായ വിനീത് ശ്രീനിവാസന്റെ ശബ്ദം നമ്മോടു പറയുന്നത്. എന്നാല്‍ സര്‍ബത്തിനും തെരുവുഭക്ഷണങ്ങളുടെയും ക്ലോസപ്പിനപ്പുറം കോഴിക്കോടിനെപ്പറ്റി ഒന്നും ചിത്രം പറയുന്നില്ല. ഇവിടെ തൊഴിലില്ലായ്മയല്ല പ്രശ്‌നം, തൊഴിലിനുപോകാന്‍ താത്പര്യമില്ലാതെ തിന്നും കുടിച്ചും സുഖിച്ചു ജീവിക്കുന്ന നാലു ചെറുപ്പക്കാര്‍; വരുണ്‍, ജംഷീര്‍, അജാസ്, പ്രകാശന്‍ എന്നിവര്‍ വീട്ടുകാരുടെ ശകാരത്തെത്തുടര്‍ന്നു ബിസിനിസ് ചെയ്തു ജീവിക്കാന്‍ തീരുമാനിക്കുന്നു. കൂട്ടത്തില്‍ പ്രകാശന്‍ ഒരു ചിത്രകാരനാണ്. വരുണിന്റെ പിതാവ് (അലന്‍സിയര്‍) ബീച്ചിലുള്ള ഒരു ഹോട്ടല്‍ ഉടമയാണ്. ഈ ഹോട്ടലിലുള്ള എം.എഫ്. ഹുസൈന്‍ വരച്ച അലന്‍സിയറുടെ ഒരു ചിത്രത്തിലേക്ക് സിനിമയുടെ ഗൂഢാലോചന കേന്ദ്രീകരിച്ചിരിക്കുന്നു ചിത്രത്തില്‍ തൂങ്ങി ഒരു ട്രപ്പീസുകളിയാണ് സിനിമ തീരുംവരെ. അവസാനം എവിടെയോ കൊണ്ടുപോയി ഇടിച്ചുനിര്‍ത്തുന്നുണ്ട്.  

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് നാല്‍വര്‍ സംഘത്തെ അവതരിപ്പിക്കുന്നത്. അലന്‍സിയര്‍, വിഷ്ണു ഗോവിന്ദ്, ഭഗത് മാനുവല്‍, മംമ്താ മോഹന്‍ദാസ്, നിരജ്ഞന എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. സ്‌കിറ്റ് നിലവാരത്തിലുള്ളതാണെങ്കിലും ഹരീഷ് കണാരന്റെ കോമഡി പാക്കേജ് അല്‍പം 'റിലാക്‌സേഷന്‍' നല്‍കുന്നുണ്ട്. സര്‍വം സംഗീതമയമാണ് ഗൂഢാലോചന. അടിക്കും കലഹത്തിനും എന്തിനു സുഹൃത്തുക്കള്‍ നിരന്നു നടന്നാല്‍പോലും പിന്നണിയില്‍ പാട്ടാണ്. ഗോപിസുന്ദറിന്റെ പശ്ചാത്തല പരീക്ഷണങ്ങളൊക്കെ  അസ്ഥാനത്തായിപ്പോയോ എന്ന് സംശയം തോന്നിയാലും കുറ്റം പറയാന്‍ പറ്റില്ല.

Content Highlights: goodalochana,  Movie Review, Dhyan Sreenivasan, aju varghese, mamta mohandas, thomaa sebastian, mathrubhumi