തുല്യ ശക്തികളായ രണ്ട് കഥാപാത്രങ്ങള്‍. ഇരുവരും പ്രേക്ഷകര്‍ക്ക് പുതുമുഖങ്ങളല്ല. അവര്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആര് വിജയിക്കും. അതിനുള്ള ഉത്തരമാണ് ഗോഡ്‌സില്ല വേഴ്‌സസ് കിങ് കോങ് എന്ന ചിത്രം. ഗോഡ്‌സില്ല കിങ് ഓഫ് മോണ്‍സ്‌റ്റേഴ്‌സ് (2019), കോങ്; സ്‌കള്‍ ഐലന്‍ഡ് എന്നീ രണ്ടു ചിത്രങ്ങളുടെയും സ്വീക്വലാണ് ഗോഡ്‌സില്ല വേഴ്‌സസ് കിംങ് കോങ്. തലമുറകളായി പ്രേക്ഷകര്‍ ഇരും കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ഗോഡ്‌സില്ല ഫ്രാഞ്ചൈസിയിലെ 36-ാമത്തെ ചിത്രവും. അലക്‌സാണ്ടര്‍ സ്‌കാര്‍ഗാര്‍ഡ്, മില്ലി ബോബി ബ്രൗണ്‍, ബ്രയാന്‍ ടൈര്‍ ഹെന്‍ഡ്രി, ഷോണ്‍ ഓഗുറി തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തിലുണ്ട്. 

കിങ് ഖിഡോറയെ ഗോഡ്‌സില്ല തോല്‍പ്പിച്ച് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്നു. കിങ് കോങ്ങിനെയാകട്ടെ വളരെ സുരക്ഷിതമായ മനുഷ്യനിര്‍മിത സ്‌കള്‍ലാന്‍ഡില്‍ ഡോക്ടര്‍ ഇലേന്‍ ആന്‍ഡ്രൂസിന്റെ നേതൃത്വത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഗോഡ്‌സില്ലയില്‍  നിന്നും കിങ് കോങ്ങിനെ സംരക്ഷിക്കുന്ന എന്ന ഉദ്ദേശത്തോടെയാണ്  ഇലേന്‍ ആന്‍ഡ്രൂസ് സ്‌കള്‍ലാന്‍ഡ് ഒരുക്കിയിരിക്കുന്നത്. ഇലേന്‍ ആന്‍ഡ്രൂസിന്റെ ദത്തുപുത്രിയായ കേള്‍വിശക്തിയില്ലാത്ത ജിയ എന്ന കുട്ടിയും ഇവിടെയുണ്ട്. 

അതിനിടെയാണ് അപ്രതീക്ഷിതമായ ഒരു സംഭവം അരങ്ങേറുന്നത്. അപെക്‌സ് സൈബര്‍നെറ്റിക്‌സ് എന്ന കമ്പനിയില്‍ ഗോഡ്‌സില്ല അപ്രതീക്ഷിതമായ ഒരാക്രമണം അഴിച്ചുവിടുന്നു. ആ അക്രമത്തില്‍ വലിയ നാശനഷ്ടവും ധാരാളം പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്യുന്നു. ഗോഡ്‌സില്ലയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെങ്കില്‍ തുല്യശക്തിയുള്ള ആരെങ്കിലും രംഗത്ത് വരണം. അതൊടുവില്‍ എത്തി നില്‍ക്കുന്നത് കിങ് കോങ്ങിന് മുന്നിലും. ഇലേന്‍ ആന്‍ഡ്രൂസിന്റെ സമ്മതത്തോടെയും സഹായത്തോടെയും കിങ് കോങ്ങിനെ സ്‌കള്‍ലാന്‍ഡില്‍  നിന്ന് ഹോളോ എര്‍ത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍  ആരംഭിക്കുന്നു. അപെക്‌സ് സൈബര്‍നെറ്റിക്‌സിനായി ഈ ചുമതല വഹിക്കുന്നത് ഡോക്ടര്‍ നഥാന്‍  ലിന്‍ഡ് ആണ്്. ഒടുവില്‍ കിങ് കോങ് ഗോഡ്‌സില്ലയ്ക്ക്് മുന്നിലേക്ക്. ഇനിയുള്ള പോരാട്ടം സ്‌ക്രീനില്‍ കാണാം. 

ആഡം വിന്‍ഗാര്‍ഡ് സംവിധാനം ചെയ്ത ഈ മോണ്‍സ്റ്റര്‍ ചിത്രം പ്രേക്ഷകരെ ത്രസിപ്പിക്കും. വീറും വാശിയും നിറഞ്ഞ ഈ പോരാട്ടത്തില്‍ രണ്ടുപേരില്‍ ആരെങ്കിലും തോറ്റുകൊടുക്കുമെന്ന് കരുതുന്നുവെങ്കില്‍ അത് തെറ്റിദ്ധാരണയാണ്. അങ്ങനെ മുട്ടുമടക്കുന്നവരല്ല ഇരുവരും. രണ്ടു സൂപ്പര്‍നാച്ചുറല്‍ കഥാപാത്രങ്ങളാണിതെന്നും അതിഗംഭീരമായ വിഷ്വല്‍ ഇഫട്കുകളുടെ സഹായത്തോടെയാണ് ആവേശകരമായ ഈ പോരാട്ടം നടക്കുന്നതെന്നും മറന്നുപോയാല്‍ അതില്‍ ഒട്ടും തന്നെ അത്ഭുതമില്ല. അതുകൊണ്ടു തന്നെ വിഷ്വല്‍ ഇഫക്ട് ചെയ്ത ജോണ്‍ ഡിജെപ്രത്യേക പരമാര്‍ശം അര്‍ഹിക്കുന്നു. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിക്കുനാവുള്ള ഘടകങ്ങള്‍ ഈ ചിത്രത്തിലുണ്ട്. സൂപ്പര്‍നാച്വറല്‍ മാസ് മസാല പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച് കാഴ്ചാനുഭവം തന്നെയായിരിക്കും ഈ ചിത്രം.

Content Highlights: Godzilla vs. Kong Review Hollywood Adam Wingard