ഗുസ്തിയുടെയും ഗുസ്തിക്കാരുടെയും കഥപറയുന്ന അധികം സിനിമകളൊന്നുമില്ല മലയാളത്തില്‍. ഭയങ്കരനായും കോമാളിയായും ഗുസ്തിക്കാര്‍ മലയാള സിനിമയില്‍  പലപ്പോഴായി വന്നുപോയപ്പോള്‍ ഗുസ്തി എന്ന കായിക വിനോദത്തെ സീരിയസ്സായി സമീപിച്ച ചിത്രങ്ങള്‍ കുറവാണെന്ന് തന്നെ പറയാം.  അതില്‍ നിന്നുമൊരുമാറ്റമാണ് ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പിറന്ന ഗോദ.

കണ്ണാടിക്കല്‍ എന്ന ഗ്രാമത്തിന്റെ ഗുസ്തി പ്രേമത്തിന്റെ കഥപറയുന്ന ചിത്രം, ഗുസ്തിക്കാരിയായ അതിഥി സിങ്ങിന്റെ കഥപറയുന്ന ചിത്രം. പഞ്ചാബി സ്വദേശിനിയും ഗുസ്തിക്കാരിയുമായ അതിഥി സിങ് എന്ന കഥാപാത്രമായി പഞ്ചാബി നടി വാമിഖ ഖബ്ബിയും കണ്ണാടിക്കല്‍ ഗ്രാമത്തിലെ ഗുസ്തി സംഘം ക്യാപ്റ്റനായി രഞ്ജി പണിക്കറും ക്യാപ്റ്റന്റെ മകനായ ആഞ്ജനേയ ദാസായി ടോവിനോയും ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

പഞ്ചാബിലെ ഒരു ഗ്രാമത്തില്‍ ഗുസ്തിക്കാരിയായി വളര്‍ന്നുവന്ന അതിഥി സിങ് എന്ന പെണ്‍കുട്ടിയിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ഗുസ്തിയില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ഗുസ്തി അവസാനിപ്പിക്കണമെന്നും വിവാഹം കഴിക്കണമെന്നുമുള്ള സമ്മര്‍ദ്ദം അവള്‍ക്കുമേലും വന്നുപതിക്കുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള അതിഥിയുടെ ശ്രമാണ് ചിത്രത്തില്‍ അവരുടെ കഥ.

ഗോദയില്‍ നായകനല്ല നായികയാണുള്ളത്. നിശ്ചയദാര്‍ഢ്യത്തോടെ തന്റെ ലക്ഷ്യം കൈവരിക്കാന്‍ ജീവിതത്തോട് മല്ലടിക്കുന്ന പെണ്‍കുട്ടി. ആഞ്ജനേയ ദാസിന്റെ പ്രണയാഭ്യര്‍ത്ഥനയില്‍ മനംമയങ്ങിവീഴുന്നില്ല അവള്‍. നിയന്ത്രണങ്ങള്‍ക്ക് മേല്‍ താന്‍ വഴങ്ങില്ലെന്ന് അവള്‍ വിളിച്ചുപറയുന്നു.

പഞ്ചാബില്‍ വെച്ചാണ് ആഞ്ജനേയ ദാസും അതിഥിയും സൗഹൃദത്തിലാവുന്നത്. ഈ സൗഹൃദം ഗുസ്തിക്കാരിയായ അതിഥിയെ കേരളത്തിലുള്ള ആഞ്ജനേയ ദാസിന്റെ ഗ്രാമത്തിലേക്കെത്തിക്കുന്നു. അസ്സല്‍ പഞ്ചാബിയായ അതിഥി സിങ് ഗുസ്തിയുടെ ഗ്രാമമായ കണ്ണാടിക്കലിന്റെ സ്വന്തമാകുന്നതാണ് പിന്നീടുള്ള കഥ. 

തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് വാമിഖ ഗബ്ബിയുടെത്. ഗുസ്തി സീനുകളും വികാര നിമിഷങ്ങളും മനോഹരമായി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട് വാമിഖ. പഞ്ചാബുകാരിയായ കഥാപാത്രം തന്നെയായത് വാമിഖയ്ക്ക് ചിത്രത്തില്‍ സഹായമാവുന്നു. വാമിഖയ്ക്ക് പിന്നിലാണ് ടോവിനോയുടെ കഥാപാത്രം. എങ്കിലും അഭിനയ മുഹൂര്‍ത്തങ്ങളില്‍ ടൊവിനോയും മികച്ച് നില്‍ക്കുന്നു. 

കണ്ണാടിക്കല്‍ ഗ്രാമത്തിന്റെ പഴയകാല ഗുസ്തി പ്രതാപം മനസ്സില്‍ സൂക്ഷിക്കുന്ന പഴയ തലമുറക്കാരില്‍ മുന്‍പനായി രഞ്ജി പണിക്കരുടെ കഥാപാത്രം. അദ്ദേഹത്തെ ഗ്രാമം വിളിക്കുന്നത് ക്യാപ്റ്റന്‍ എന്നാണ്. മാസ് എന്‍ട്രി സീനും പരുക്കന്‍ ഭാവവും ആവേശം തരുന്ന ഡയലോഗ് ഡെലിവെറിയും എല്ലാം ഉള്ള ക്യാപ്റ്റന്‍ കഥാപാത്രം നിമിഷങ്ങള്‍ക്കുള്ളിലാണ് കാണികളെ കയ്യിലടുത്തത്.

അജു  വർഗീസ്, മാമുക്കോയ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അരുണ്‍കുമാര്‍ അരവിന്ദ്, ഹരീഷ് കണാരന്‍ തുടങ്ങിയവരടങ്ങുന്ന ഒരു സംഘമാണ് ചിത്രത്തിലെ ഹാസ്യവിഭാഗം കൈകാര്യം ചെയ്യുന്നത്. ഷാന്‍ റഹ്മാന്റെ സംഗീതവും വിഷ്ണു ശര്‍മ്മയുടെ ഛായാഗ്രാഹണവും കഥയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. 

സംവിധായകനെന്ന നിലയില്‍ ബേസില്‍ ജോസഫിന്റെ മികച്ചൊരു സൃഷ്ടിയാണ് ഗോദ. നല്ലൊരു കഥ നല്ലരീതിയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. സ്‌ക്രീനിലെ ഗുസ്തി ആവേശം കാണികളിലേക്കും ഗോദ പകരുന്നുണ്ട്. ആര്‍ക്കും ധൈര്യമായി കാണാവുന്ന നല്ലൊരു ചിത്രമാണ് ഗോദ.