മ്മൂട്ടി ഗാനമേള ഗായകനായി എത്തുന്നു, പഞ്ചവര്‍ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു..ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഇറങ്ങും മുൻപ് ചർച്ചയായ ചിത്രമാണ് ഗാനഗന്ധർവൻ... പാട്ടുകാരനല്ലാത്ത മമ്മൂട്ടി ഒരു ഗാനമേള കലാകാരനായി എത്തുന്നത് എങ്ങനെയായിരിക്കും എന്ന ആകാംക്ഷ തന്നെയാണ് പ്രേക്ഷകരെ തിയ്യറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

കലാസദനം ഗാനമേള ട്രൂപ്പിലെ ഗായകനായ കലാസദന്‍ ഉല്ലാസിന്‍റെ കഥയാണ് ഗാനഗന്ധര്‍വന്‍. ഗാനമേള അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഉല്ലാസിനെ പോലീസ് പിടിച്ചുകൊണ്ട് പോകുന്നിടത്താണ് കഥ ആരംഭിക്കുന്നത്. പിന്നീടുള്ള ഫ്ലാഷ്ബാക്കുകളിലൂയാണ് കഥ വികസിക്കുന്നത്.

തമിഴ്-ഹിന്ദി തട്ടുപൊളിപ്പന്‍ ഗാനങ്ങളാണ് ഉല്ലാസിന്‍റെ ഹൈലൈറ്റ്സ്.. പത്തിരുപത്തിയഞ്ച് വര്‍ഷത്തോളമായി ഗാനമേളകളില്‍ പാടുന്നുണ്ടെങ്കിലും ഒരു സിനിമയില്‍ പോലും പിന്നണി പാടാന്‍ സാധിക്കാത്തത് ഉല്ലാസിനെ അലട്ടുന്ന വിഷയമാണ്. ഭാര്യയും എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളും അടങ്ങുന്നതാണ് ഉല്ലാസിന്‍റെ കുടുംബം. വലിയ സമ്പാദ്യമൊന്നുമില്ലെങ്കിലും ഉള്ളത് കൊണ്ട് കഴിഞ്ഞു പോന്നിരുന്ന ഉല്ലാസിന്‍റെ ജീവിതത്തിലേക്ക് അവിചാരിതമായി സാന്ദ്ര എന്ന യുവതി കടന്നുവരുന്നതോടെ അയാളുടെ ജീവിതം ആകെ മാറിമറിയുന്നു..

സ്ഥലത്തട്ടിപ്പ് കേസില്‍ പെട്ടവരാണ് സാന്ദ്രയും അവളുടെ അച്ഛനും. സ്ഥലം തന്‍റെ പേരിലുള്ളതായതിനാല്‍ കേസും കൂട്ടും ആകുന്നതിന് മുന്‍പ് അമേരിക്കയിലേക്ക് കടക്കണമെന്നതാണ് സാന്ദ്രയുടെ ആഗ്രഹം.അങ്ങനെയാണ് അവര്‍ ഉല്ലാസിനരികില്‍ എത്തുന്നത്. ഗാനമേള ട്രൂപ്പുമായി മുന്‍പ് അമേരിക്കയില്‍ പോയിട്ടുള്ള ഉല്ലാസ് അവിടെയുള്ള തന്‍റെ ഒരു സുഹ‍ൃത്ത് വഴി ജോലിക്ക് ശ്രമിക്കുന്നുമുണ്ട്. പിന്നീട് ഉല്ലാസിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഗാനഗന്ധര്‍വന്‍ പറയുന്നത്.

കലാസദന്‍ ഉല്ലാസായുള്ള മമ്മൂട്ടി എന്ന നടന്‍റെ വേഷപ്പകര്‍ച്ച തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്... പ്രേക്ഷകരെ കയ്യിലെടുക്കുന്ന വിധം ചുവടുവച്ച് തട്ടുപൊളിപ്പന്‍ പാട്ടുകള്‍ പാടുന്ന ഉല്ലാസിനെ  അല്ലാതെ മമ്മൂട്ടിയെ ചിത്രത്തില്‍ എവിടെയും കാണാനാകില്ല. മനോജ് കെ ജയന്‍, മുകേഷ് ,സുരേഷ് കൃഷ്ണ, റാഫി, ഹരീഷ് കണാരന്‍, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ തങ്ങളുടെ സ്വതസിദ്ധമായ പ്രകടനത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുന്നു. പുതുമുഖങ്ങളാണെങ്കിലും മൂന്ന് നായികമാരുടേയും പ്രകടനവും മികച്ചത് തന്നെ.

അസഭ്യമോ അസ്ലീലമോ കലരാത്ത നര്‍മ്മങ്ങളും അത്യാവശ്യം നല്ല ട്വിസ്റ്റുകളും കൊണ്ടുവരുന്നതില്‍ തിരക്കഥാകൃത്തുക്കളായ രമേഷ് പിഷാരടിയും ഹരി പി നായരും വിജയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ കുടുംബപ്രേക്ഷകര്‍ക്ക് ആദ്യാവസാനം കണ്ട് രസിക്കാവുന്ന ചിത്രങ്ങളുടെ ഗണത്തിലേക്ക് ഗാനഗന്ധര്‍വനേയും എഴുതിച്ചേര്‍ക്കാം.

ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എൻ്റര്‍ടെയ്ൻമെൻ്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വൻ നിര്‍മിച്ചിരിക്കുന്നത് ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. ആൻ്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

Content Highlights : Ganagandharvan Movie Review Mammootty Ramesh Pisharody Hari P Nair