സ്രയുടെ പ്രമോഷന്‍സ് തുടങ്ങിയ സമയത്ത് സംവിധായകന്‍ ജെകെ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് ഈ സിനിമയില്‍ ഭയം മാത്രമല്ല ഉള്ളതെന്നാണ്. പാന്‍ സിനിമാസില്‍ നിന്ന് എസ്രയുടെ ആദ്യ ഷോ കണ്ട് പുറത്തിറങ്ങുമ്പോള്‍ തോന്നിയതും ഇത് തന്നെയാണ്. ഭയം മാത്രമല്ല, കെട്ടുറപ്പുള്ളൊരു കഥ കൂടി പറയാനുണ്ട് എസ്രയ്ക്ക്. മലയാള സിനിമയുടെ സാങ്കേതിക പരിമിതികള്‍ക്ക് ഉള്ളില്‍നിന്ന് കൊണ്ട് സംവിധായകന്‍ ജെകെയും കൂട്ടരും നിലവാരമുള്ളൊരു സിനിമയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി പണം മുടക്കിയ ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റിനും എവിഎ പ്രൊഡക്ഷന്‍സിനും ഇനി അഭിമാനിക്കാം.

പഴയകാല ജൂതന്മാരുടെ ആചാരരീതികളുടെ ചുവടുപിടിച്ചാണ് എസ്രയുടെ കഥ പറഞ്ഞ് തുടങ്ങുന്നത്. ഇതില്‍ പ്രധാനം ഡിബുക്ക് ബോക്‌സ് എന്നൊരു ആവാഹനപെട്ടിയാണ്. ശരീരത്തില്‍ നിന്ന് പുറത്തെത്തിയ ജൂതാത്മാവിനെ ആവാഹിച്ച് ഡിബുക്കിനുള്ളിലാണ് സൂക്ഷിക്കുന്നത്. ഈ ഡിബുക്ക് ബോക്‌സ് തുറക്കുമ്പോള്‍ ഇതില്‍ കുടിയിരിക്കുന്ന ആത്മാവ് ജീവനുള്ളൊരു ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ സിനിമയില്‍ ഡിബുക്കിനുള്ളിലുള്ളത് ഏബ്രഹാം എസ്ര എന്നൊരു ജൂതന്റെ ആത്മാവാണ്. ലോകത്തോട് പ്രതികാരം ചെയ്യാനായാണ് എസ്ര ഡിബുക്കിനുള്ളില്‍ കാത്തിരിക്കുന്നത്.

ഷിപ്പിങ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ രഞ്ജനെ ഒരു പ്രത്യേക പ്രോജക്ടിനായി കമ്പനി മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് അയക്കുന്നിടത്താണ് സിനിമയുടെ തുടക്കം. കൊച്ചിയിലെത്തി താമസം തുടങ്ങുമ്പോഴാണ് എസ്രയുടെ ഡിബുക്കുമായി രഞ്ജനും ഭാര്യ പ്രിയക്കും ബന്ധമുണ്ടാകുന്നത്. പിന്നീട് അങ്ങോട്ട് പറയുന്നത് മുഴുവനും സിനിമയുടെ നട്ടെല്ലായ കഥയാണ്. അത് പറയാന്‍ സാധിക്കില്ല. കഥ പറഞ്ഞ് പോകുന്നതിനിടയില്‍ എസ്രയുടെ ജീവിതം പറയുന്നതിനായി സിനിമ പിന്നോട്ട് സഞ്ചരിക്കുന്നുണ്ട്. എസ്രയാര് എന്ന് ഇതുവരെ സിനിമ കാണാത്ത ആര്‍ക്കും അറിയില്ല. അത് സിനിമ കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്, അല്ലെങ്കില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ പറയട്ടെ.

സിനിമയുടെ ആദ്യ പകുതി കഥ പറയാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനാല്‍ ചെറിയ ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ സിനിമയ്ക്ക് ചടുലത കൈവരുന്നു. മലയാളത്തില്‍ ഈ കഴിഞ്ഞ കാലത്ത് ഇറങ്ങിയ സിനിമകളില്‍ അണിയറ പ്രവര്‍ത്തകര്‍ എന്തെങ്കിലുമൊക്കെ പ്രയത്‌നം നടത്തിയിട്ടുണ്ടെന്ന് തോന്നിപ്പിക്കുന്നത് എസ്ര മാത്രമാണ്. അഭിനയത്തില്‍ പൃഥ്വിരാജ് ഒരുപടി മുകളില്‍ നിന്നപ്പോള്‍ ഒപ്പമെത്താന്‍ പ്രിയാ ആനന്ദും നല്ല ശ്രമം നടത്തിയിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ സിനിമകളില്‍ ഗംഭീര പ്രകടനം കാഴ്ച്ച വെച്ച സുജിത്ത് ജൂത പുരോഹിതന്റെ വേഷത്തില്‍ തിളങ്ങി. പോലീസ് ഓഫീസറായി എത്തിയ ടൊവീനോ തോമസ് തന്റെ കഥാപാത്രത്തോട് പൂര്‍ണ നീതി പുലര്‍ത്തി. സുദേവ് നായര്‍, ആന്‍ ശീതള്‍, വിജയരാഘവന്‍, പ്രതാപ് പോത്തന്‍ എന്നിവരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

സുജിത്ത് വാസുദേവിന്റെ ഛായാഗ്രഹണവും സുശിന്‍ ശ്യാമിന്റെ സംഗീതവും നിലവാരം പുലര്‍ത്തി. എടുത്തു പറയേണ്ടത് ലൈലാകമേ എന്ന പാട്ടിന്റെ ഈണഭംഗിയാണ്. രണ്ട് മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യം ഒരല്‍പ്പം കുറയ്ക്കാമായിരുന്നു എന്നൊരു അഭിപ്രായം സിനിമ കണ്ടിറങ്ങിയപ്പോള്‍ തോന്നി. പൃഥ്വിരാജിന്റെ ജോലിയുടെ സ്വഭാവം, എസ്രയുടെ കഥ, ജൂതന്മാര്‍ എന്നിവയെക്കുറിച്ചുള്ള നീണ്ടവിശദീകരണങ്ങളാണ് സിനിമയുടെ ദൈര്‍ഘ്യം കൂട്ടിയത്. മലയാളത്തില്‍ സോളോ റിലീസായി ഇറങ്ങിയ എസ്രയ്ക്ക് അതിന്റെ നേട്ടങ്ങള്‍ തിയേറ്ററുകളില്‍നിന്ന് കൊയ്യാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അതിഭീമമായ ഭയം പ്രതീക്ഷിച്ച് എസ്രയ്ക്ക് പോകരുത്. സാധാരണ പ്രേക്ഷകനെ പോലും പേടിപ്പിക്കുന്ന അവസരങ്ങള്‍ സിനിമയില്‍ വിരളമായി മാത്രമെ സംഭവിക്കുന്നുള്ളു. ഹൊറര്‍ ത്രില്ലര്‍ എന്നതിലുപരി നിലവാരമുള്ളൊരു മിസ്റ്ററി ത്രില്ലര്‍ എന്ന് എസ്രയെ വിശേഷിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.