പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ സംവിധായകനായ കെ.കെ.രാജീവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'എവിടെ'. ആശാ ശരത്ത് കേന്ദ്രകഥാപാത്രമായെത്തുന്ന എവിടെ, കട്ടപ്പനയിലെ ഒരു സാധാരണ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്നൊരു ത്രില്ലര്‍ ചിത്രമാണ്. ഒപ്പം സമകാലിക സമൂഹത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയത്തിലേക്ക് കൂടി വിരല്‍ചൂണ്ടുന്നു എന്നതാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
ഒന്നര മാസമായി ഭര്‍ത്താവ് സക്കറിയയെ (മനോജ് കെ. ജയന്‍) കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന ജെസ്സിയില്‍ (ആശാ ശരത്) നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അറിയപ്പെടുന്നൊരു ഡ്രമ്മറായ സക്കറിയ പരിപാടികള്‍ക്കായി വളരെ ദിവസം വീട്ടില്‍നിന്ന് വിട്ടുനില്‍ക്കാറുണ്ടെങ്കിലും എല്ലാത്തവണയും പരിപാടി അവതരിപ്പിക്കാന്‍ കൃത്യമായി എത്താറുള്ള നാട്ടിലെ പള്ളിപ്പെരുന്നാളിനും എത്താതിനെ തുടര്‍ന്നാണ് ജെസ്സിയും മകന്‍ നീലും (ഷെബിന്‍ ബെന്‍സണ്‍) പരാതി നല്‍കാന്‍ തീരുമാനിച്ചത്.
പരാതി നല്‍കി ഏതാനും ദിവസങ്ങള്‍ കഴിയുമ്പോഴേക്കും സക്കറിയയുടെ കത്ത് കിട്ടുന്നതോടെ അവര്‍ പരാതി പിന്‍വലിക്കുന്നു. എന്നാല്‍, തന്റെ ഭര്‍ത്താവല്ല ആ കത്തുകള്‍ എഴുതിയതെന്ന് അധികം വൈകാതെ ജെസ്സി തിരിച്ചറിയുന്നതോടെ ചിത്രം ഉദ്വേഗത്തിലേക്ക് നീങ്ങുന്നു. തുടര്‍ന്ന് തന്റെ ഭര്‍ത്താവിനെ തേടി ജെസ്സി നടത്തുന്ന അന്വേഷണം അപ്രതീക്ഷിത സംഭവങ്ങളിലേക്കാണ് അവളെ എത്തിക്കുന്നത്.
ആദ്യപകുതിയില്‍ ഒരു കുടുംബചിത്രമെന്ന് തോന്നിക്കുന്ന 'എവിടെ' രണ്ടാംപകുതിയിലാണ് ത്രില്ലര്‍ മൂഡിലേക്ക് നീങ്ങുന്നത്. ആദ്യപകുതിയില്‍ പ്രേക്ഷകനില്‍ സംശയം ജനിപ്പിക്കുന്ന രംഗങ്ങള്‍ക്ക് രണ്ടാംപകുതിയില്‍ ചിത്രം ഉത്തരം തരുന്നു. രണ്ടാംപകുതില്‍ ജെസ്സിയുടെയും ഭര്‍തൃപിതാവ് കുട്ടിച്ചന്റെയും (പ്രേം പ്രകാശ്) സക്കറിയയെ തേടിയുള്ള അന്വേഷണങ്ങള്‍ പ്രേക്ഷകനില്‍ ഉദ്വേഗം നിറയ്ക്കും. അവസാന ലാപ്പില്‍ അല്‍പം വേഗം കുറയുന്നുണ്ടെങ്കിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നൊരു ക്ലൈമാക്‌സുമായാണ് ഈ കെ.കെ.രാജീവ് ചിത്രം അവസാനിക്കുന്നത്.
കഥാഗതിയെ സാധൂകരിക്കാന്‍ തിരക്കഥയില്‍ സ്വീകരിച്ചിരിക്കുന്ന ചില 'കുറുക്കുവഴികള്‍' ചിത്രത്തില്‍ അങ്ങിങ്ങ് കല്ലുകടി സൃഷ്ടിക്കുന്നുണ്ട്. ചില രംഗങ്ങളിലെയും സംഭാഷണങ്ങളിലെയും അതിവൈകാരികത ചിത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണോ എന്നും പ്രേക്ഷകന് സംശയം തോന്നാം. അതേസമയം, നമ്മുടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പിടിമുറുക്കുന്ന ലഹരിയുടെ സ്വാധീനം അതിന്റെ തീവ്രതയിലും സമഗ്രതയിലും ചിത്രത്തില്‍ ഉള്‍ച്ചേര്‍ക്കുന്നതില്‍ തിരക്കഥാകൃത്തും സംവിധായകനും സാമര്‍ത്ഥ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റിലില്‍ ഉയര്‍ത്തുന്ന 'എവിടെ' എന്ന ചോദ്യം ആദ്യാവസാനം പ്രേക്ഷകനില്‍ സന്നിവേശിപ്പിക്കുന്നതിലും അണിയറക്കാര്‍ വിജയിച്ചു.
ആശാ ശരത് എന്ന അഭിനേത്രിയുടെ കരിയറില്‍ ഓര്‍മിക്കപ്പെടുന്നൊരു കഥാപാത്രമായിരിക്കും ജെസ്സി. ജെസ്സിയെന്ന സാധാരണക്കാരിയായ വീട്ടമ്മയുടെയും കരുത്തുറ്റ സ്ത്രീയുടെയും പകര്‍ച്ചകള്‍ ആശയില്‍ ഭദ്രമായിരുന്നു. നീല്‍ സക്കറിയയായി യുവതാരം ഷെബിന്‍ ബെന്‍സണ്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രേം പ്രകാശിന്റെ കുട്ടിച്ചനും ശ്രദ്ധേയമായി. ഷഹാന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജന്റെ കയ്യടക്കവും പരാമര്‍ശമര്‍ഹിക്കുന്നു. ബൈജു, മനോജ് കെ. ജയന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ തങ്ങളുടെ ഭാഗം ഭംഗിയാക്കി.
കൃഷ്ണന്‍ സി. ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. കഥ: ബോബി-സഞ്ജയ്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും രാജേഷ് കുമാര്‍ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. ഹോളിഡേ മൂവീസ് റിലീസ് ചെയ്യുന്ന ചിത്രം ജോയ് തോമസ്, പ്രേം പ്രകാശ്, തൊമ്മിക്കുഞ്ഞ് സൂരജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
Content Highlights :Evidey Movie Review KK Rajeev Asha Sarath Manoj K Jayan