ലയാളത്തിലെ ഹിറ്റ് ജോഡികളായ ആസിഫ് അലി-രജീഷ വിജയന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജിബു ജേക്കബിന്റെ സംവിധാനത്തിലൊരുങ്ങിയ 'എല്ലാം ശരിയാകും'.  തന്റെ എല്ലാ ചിത്രങ്ങളിലും രാഷ്ട്രീയത്തിന്റെ വ്യത്യസ്ത തലങ്ങള്‍ അവതരിപ്പിക്കാറുള്ള ജിബു ജേക്കബ് ഇത്തവണ കുടുംബ ബന്ധങ്ങള്‍ക്കിടയില്‍ രാഷ്ട്രീയം വിലങ്ങുതടിയായി മാറിയാല്‍ സംഭവിക്കാനിടയുള്ള സാധ്യതകളെ തുറന്നു കാട്ടുന്നു. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോന്ന വൈകാരികമായ കഥയും അത് പ്രകടിപ്പിക്കുന്നതില്‍ കഥാപാത്രങ്ങളുടെ നിര്‍ണായകമായ സ്ഥാനവും കഥയുടെ വിജയത്തിന് വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.

ശക്തമായ ഒരു കഥാതന്തു അവതരിപ്പിക്കുമ്പോഴും അതില്‍ ഹാസ്യത്തിന്റെ മേമ്പൊടി ചാലിക്കുന്നതില്‍ സംവിധായകനുള്ള മികവ് ആദ്യചിത്രം മുതലേ വ്യക്തമാണ്. 

രാഷ്ട്രീയം നല്‍കുന്ന പേരിലും പ്രശസ്തിയിലും അധികാര സ്ഥാനങ്ങളിലും മതിമറക്കുന്ന യു.പി.എഫ് നേതാവ് കെ.സി. ചാക്കോ (സിദ്ധിഖ്) ഒരു സ്ഥാനത്ത് നില്‍ക്കുമ്പോള്‍ എതിര്‍ സ്ഥാനത്ത് രാഷ്ട്രീയമെന്നത് സേവനമാണെന്ന് വിശ്വസിക്കുന്ന ഡി.ഐ.എഫ്.വൈ. നേതാവ് വിനീതാണ് (ആസിഫ് അലി). യഥാര്‍ത്ഥത്തില്‍ ചാക്കോയും വിനീതും ആനുകാലിക രാഷ്ട്രീയത്തിന്റെ പ്രതീകങ്ങളായി മാറുകയാണിവിടെ.

വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ ആസ്വദിച്ച് കാണാറുള്ള ആസിഫ് അലി-രജീഷ വിജയന്‍ കൂട്ടുകെട്ടിന്റെ ഇണക്കങ്ങളും പിണക്കങ്ങളും ഈ ചിത്രത്തിലും പ്രേക്ഷകരെ കാത്തിരിക്കുന്നു. ഔസേപ്പച്ചന്റെ മാസ്മരിക സംഗീതം കഥയ്ക്കും കഥാസന്ദര്‍ഭഘങ്ങള്‍ക്കും തികച്ചും അനുയോജ്യമായത് തന്നെ. ജിബു ജേക്കബിന്റെ ആദ്യ ചിത്രമായ വെള്ളിമൂങ്ങയിലെ ചില ഹിറ്റ് കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലും ചെറിയ വേഷങ്ങളിലെത്തുന്നു.

നാഴികയ്ക്ക് നാല്‍പ്പത് വട്ടം തന്റെ ജീവിതം മകള്‍ക്കായി ഉഴിഞ്ഞു വെച്ചിരിക്കുകയാണെന്ന് പറയാറുള്ള ചാക്കോ യഥാര്‍ത്ഥത്തില്‍ മകളുടെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങി കൊടുക്കുന്നുവെന്ന വ്യാജേന സത്യത്തില്‍ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് മാത്രമാണ് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍, കാലാകാലങ്ങളായി അനുഷ്ഠിച്ചു വരുന്ന രാഷ്ട്രീയ വൈരികള്‍ക്കല്ല ,എക്കാലവും നിലനില്‍ക്കുന്ന കുടുംബ ബന്ധത്തിനാണ് വിലയെന്ന് മനസ്സിലാക്കുന്ന ചാക്കോയിലെ മാറ്റങ്ങളാണ് കഥയെ മറുകരയ്ക്ക് എത്തിക്കുന്നത്.

കുടുംബ ബന്ധങ്ങളുടെ വില തന്റെ ചിത്രങ്ങളിലൂടെ പറയാറുള്ള ജിബു ജേക്കബ് അത്തരം വലിയൊരു ക്യാന്‍വാസില്‍ തന്നെയാണ് 'എല്ലാം ശരിയാകും' ഒരുക്കിയിരിക്കുന്നത്. കഥയുടെ ആദ്യ പകുതി പ്രണയം, സൗഹൃദം എന്നിവയാല്‍ സമ്പന്നമാണെങ്കില്‍ രണ്ടാം പകുതി പകയുടെ രാഷ്ട്രീയമാണ് പറഞ്ഞു പോകുന്നത്. സച്ചിന്‍ 41-ാം വയസ്സില്‍ വിരമിച്ചു. ഉസൈന്‍ ബോള്‍ട്ട് 31-ാം വയസ്സില്‍ വിരമിച്ചു. രാഷ്ട്രീയക്കാരന്‍ 70 വയസ്സിലെങ്കിലും വിരമിക്കേണ്ട എന്ന സന്ദേശമാണ് ചിത്രം ഉയര്‍ത്തുന്നത്. കോവിഡിന് ശേഷമുള്ള വെള്ളിത്തിരയുടെ മടങ്ങിവരവില്‍ പ്രേക്ഷകര്‍ക്ക് കണ്ടാസ്വദിക്കാന്‍ കഴിയുന്ന ഒരു കുടുംബ ചിത്രം തന്നെയാണ് ' എല്ലാം ശരിയാകും'

Content Highlights: Ellam Sheriyakum Movie Review