പതിറ്റാണ്ടുകളായി കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ പുകഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന കണ്ണൂരിന്റെ അക്രമ രാഷ്ട്രീയം പ്രമേയമാക്കി മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. കച്ചവട സിനിമകളും വിഷയത്തെ ഗൗരവമായി സമീപിക്കുന്ന ചിത്രങ്ങളും അവയില്‍ ഉള്‍പ്പെടും. ഇരുപക്ഷങ്ങള്‍ തമ്മിലുള്ള രക്തരൂക്ഷിതമായ വൈരത്തിന്റെ അതേ കഥാപശ്ചാത്തലംതന്നെയാണ് നവാഗത സംവിധായകനായ ബി. അജിത് കുമാറിന്റെ 'ഈട' എന്ന ചിത്രത്തിനുമുള്ളത്.
കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ഉണങ്ങാത്ത വ്രണം സൃഷ്ടിച്ച് അനന്തമായി തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പറയുന്ന പ്രണയ കഥയാണ് ഈട. ഷേക്‌സ്പിയറിന്റെ റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്ന നാടകത്തിന്റെ ആശയാനുവാദവുമാണ് ചിത്രം. കൊലയ്ക്കു മറുപടിയായി മറുകൊലകള്‍ അരങ്ങേറുന്ന കണ്ണൂരിലെ ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളെ തീര്‍ത്തും റിയലിസ്റ്റിക് ആയാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്.
ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയുകയും ചര്‍ച്ച ചെയ്യപ്പെടുകയും പിന്നീട് മറവിയിലെയ്ക്കു വീഴുകയും പിന്നീട് ആവര്‍ത്തിക്കുകയും ചെയ്യുന്ന പതിവു സംഗതിയാണ് കണ്ണൂരിന് പുറത്തുള്ളവരെ സംബന്ധിച്ചിടത്തോളം ഈ കൊലപാതക പരമ്പരകള്‍. അവിടത്തെ യഥാര്‍ഥ ജീവിതം പലപ്പോഴും അതിഭാവുകത്വത്തോടെയോ വികലമായോ ആണ് മെയിന്‍ സ്ട്രീം സിനിമകള്‍ കൈകാര്യം ചെയ്തിട്ടുള്ളത്. കൊല്ലിനും കൊലയ്ക്കും പുറപ്പെടുന്നവരെയും ഇരകളെയും കൂടാതെ നിരവധി പേര്‍ ഇവിടങ്ങളില്‍ ജീവിക്കുന്നുണ്ട്. അടഞ്ഞ കമ്പാര്‍ട്ടുമെന്റുകളായി, പൊതു മണ്ഡലത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന, പാര്‍ട്ടി ഗ്രാമങ്ങള്‍ എന്നു വിളിക്കപ്പെടുന്ന പ്രദേശങ്ങളിലെ സാധാരണ മനുഷ്യര്‍ എങ്ങനെയാണ് സംഘര്‍ഷങ്ങളുടെ ഇരകളാക്കപ്പെടുന്നതെന്ന് യാഥാര്‍ഥ്യബോധത്തോടെ കാട്ടിത്തരുന്നുണ്ട് ഈട എന്ന ചിത്രം.
രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടക്കുന്ന ഒരു ദിവസത്തെ കണ്ണൂര്‍ നഗരത്തില്‍നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തിലാണ് ആനന്ദും ഐശ്വര്യയും ആദ്യമായി കണ്ടുമുട്ടുന്നത്. ഒരേ നാട്ടുകാര്‍. മൈസൂരില്‍ പഠിക്കുന്ന ഐശ്വര്യയും അവിടത്തന്നെ ജോലിചെയ്യുന്ന ആനന്ദും നാട്ടില്‍വെച്ചാണ് കണ്ടുമുട്ടുന്നതെങ്കിലും മൈസൂരില്‍ വെച്ച് അവരുടെ ബന്ധം പ്രണയമായി വളരുന്നു. നിരന്തരം ഏറ്റുമുട്ടുലുകള്‍ നടക്കുന്ന നാട്ടിലെ വ്യത്യസ്ത പക്ഷങ്ങളില്‍ പെട്ടവരാണ് ഇരുവരുടെയും കുടുംബക്കാര്‍. അതുതന്നെയാണ് അവരുടെ പ്രണയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.
ഐശ്വര്യയുടെ വീട്ടുകാര്‍ കടുത്ത ഇടതുപക്ഷക്കാരാണ്. പാര്‍ട്ടിയാണ് അവരുടെ കുടുംബ കാര്യങ്ങള്‍ പോലും നിശ്ചയിക്കുന്നത്. അമ്മാവന്റെ മകന്‍ നാട്ടിലെ പ്രധാന പാര്‍ട്ടി പ്രവര്‍ത്തകനാണ്. പാര്‍ട്ടിയിലെ ഉയര്‍ന്നുവരുന്ന യുവനേതാവുമായി ഐശ്വര്യയ്ക്ക് വിവാഹം പറഞ്ഞുവെച്ചിരിക്കുകയുമാണ്. വലതുപക്ഷ കക്ഷിയുടെ നാട്ടിലെ പ്രമുഖ നേതാവാണ് ആനന്ദിന്റെ അമ്മാവന്‍. പലപ്പോഴും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അദ്ദേഹമാണ്. തങ്ങളുടെ നാട്ടിലെ സാഹചര്യങ്ങള്‍ നന്നായറിയുന്നതുകൊണ്ടുതന്നെ തങ്ങളുടെ പ്രണയം നാട്ടില്‍ ഉണ്ടാക്കാനിടയുള്ള വലിയ പ്രശ്‌നങ്ങളെക്കുറിച്ച് ഇരുവര്‍ക്കും ബോധ്യമുണ്ട്. എന്നാല്‍ അതിനെ മറികടന്ന് ഒന്നാകാന്‍ അവര്‍ തീരുമാനിക്കുന്നതോടെയാണ് ചിത്രം സംഘര്‍ഷഭരിതമാകുന്നത്.
ഏറെ പരിചിതവും അതേസമയം വളരെ അപകടകരവുമായ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. കൊലപാതക രാഷ്ട്രീയത്തിന്റെ വേരുകള്‍ ചികയാനുള്ള ശ്രമമല്ല തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ നടത്തുന്നത്. മറിച്ച്, ഈ അന്തരീക്ഷത്തില്‍ ജീവിക്കുന്ന, പ്രണയിക്കുന്ന യുവാവിന്റെയും യുവതിയുടെയും ജീവിതത്തിലെ സംഘര്‍ഷങ്ങളും നിസ്സഹായതകളുമാണ് സിനിമ പറയുന്നത്. മാനുഷിക പരിഗണനകളോ യുക്തിയോ മിക്കപ്പോഴും രാഷ്ട്രീയ പ്രത്യയശാസ്ത്രളോ പോലും അപ്രസക്തമാകുന്ന പ്രാകൃതമായ കുടിപ്പകയുടെ രാഷ്ട്രീയം എങ്ങനെ മാനവിക വിരുദ്ധമായിത്തീരുന്നു എന്നാണ് ചിത്രം കാട്ടിത്തരുന്നത്.
ഗൗരവമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത് എന്നതുകൊണ്ടുതന്നെ അനായാസം കണ്ടുപോകാവുന്ന ചിത്രമല്ല ഈട. പ്രമേയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടും പ്രമേയത്തിന്റെ വ്യത്യസ്ത തലങ്ങളെ തിരിച്ചറിഞ്ഞും തന്നെയാണ് തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. അതിനാടകീയവും അതിവൈകാരികവുമായിത്തീരാതെ കഥാസന്ദര്‍ഭങ്ങളില്‍ മിതത്വവും ഔചിത്യവും സൂക്ഷിക്കാന്‍ തിരക്കഥയ്ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രമേയമായിട്ടും ക്ലീഷേ രംഗങ്ങള്‍ കുറവാണ് ചിത്രത്തില്‍. ഏതാനും ചില സന്ദര്‍ഭങ്ങളിലൊഴികെ നേരിട്ടുള്ള രാഷ്ട്രീയ വിശകലനങ്ങള്‍ നടത്തുന്ന, വായില്‍ക്കൊള്ളാത്ത സംഭാഷണങ്ങള്‍ കഥാപാത്രങ്ങളെക്കൊണ്ട് പറയിക്കാതിരുന്നതും ഉചിതമായി.
ഇത്തരമൊരു വിഷയം കണ്ണൂര്‍ എന്ന പ്രദേശത്തെ മുന്‍നിര്‍ത്തി മാത്രമേ പറയാനാവൂ എന്നതുകൊണ്ടുതന്നെ കണ്ണൂരിന്റെ സംസ്‌കാരവും ഭൂപ്രകൃതിയും ഭാഷയുമെല്ലാം യാഥാതഥമായി ചിത്രത്തിലുണ്ട്. ഏതാനും ചില കഥാപാത്രങ്ങളൊഴികെ ബാക്കിയെല്ലാവരെക്കൊണ്ടും കണ്ണൂര്‍ ഭാഷാശൈലിയില്‍ സംസാരിപ്പിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കണ്ണൂരിലെ ഗ്രാമങ്ങളും ചെറുകവലകളുമെല്ലാം അതിന്റെ സ്വാഭാവിക തനിമയോടെയാണ് ചിത്രത്തിലുള്ളത്. തെയ്യവും തറിയുമെല്ലാം സാന്ദര്‍ഭികമായി മാത്രമേ കടന്നുവരുന്നുള്ളൂ എന്നതും ആശ്വാസകരം.
കൊലപാതകങ്ങളെ ഇഷ്ടപ്പെടുന്നവരുടെ നാടായി കണ്ണൂര്‍ ലോകത്തിനു മുന്നില്‍ അടയാളപ്പെടുമ്പോള്‍ ഈട എന്ന ചിത്രം ചില യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടിത്തരുന്നുണ്ട്. മനുഷ്യനില്‍ വിശ്വസിക്കുന്ന ആനന്ദും ഐശ്വര്യയും, കക്ഷിരാഷ്ട്രീയത്തിനപ്പുറം പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഐശ്വര്യയുടെ അച്ഛന്‍, ഏറ്റുമുട്ടലുകളുടെ ജീവിക്കുന്ന ഇരയായി വീല്‍ചെയറില്‍ കഴിയുന്ന കഥാപാത്രം തുടങ്ങിയവരെല്ലാം ആ യാഥാര്‍ഥ്യത്തിന്റെ അടയാളങ്ങളാണ്. അമ്മയും പെങ്ങളും ഭാര്യയും കുഞ്ഞുമെല്ലാം പ്രതിനിധാനം ചെയ്യുന്ന, ആത്യന്തികമായി ഇരയാക്കപ്പെടുന്ന സ്ത്രീയുടെ നിസ്സഹായതയും അതോടൊപ്പം നിശ്ചയദാര്‍ഢ്യവും ചിത്രം മുന്നോട്ടുവയ്ക്കുന്നുണ്ട്. തളര്‍ന്നുവീഴുന്ന ആനന്ദിനെ താങ്ങിയെടുത്ത് വിജനമായ, എന്നാല്‍ ഏതു നിമിഷവും ആക്രമം പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന തെരുവിലേക്കിറങ്ങുന്ന ഐശ്വര്യയില്‍ ചിത്രം അവസാനിക്കുമ്പോള്‍ ഈട മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം വ്യക്തമാകുന്നു.
ആത്മാര്‍ഥവും സത്യസന്ധവുമായ ഒരു ചലച്ചിത്ര ശ്രമം എന്ന നിലയില്‍ തീര്‍ച്ചയായും കാണേണ്ട ചിത്രമാണ് ഈട. എന്നിരിക്കിലും തിരക്കഥയില്‍ പലയിടത്തുമുള്ള പിഴവുകള്‍ ആഖ്യാനത്തെ ചിലയിടത്തെങ്കിലും ദുര്‍ബലമാക്കുന്നുണ്ടെന്നത് ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. പ്രണയത്തിലേക്കു പ്രവേശിക്കുന്ന നായികാ നായകന്‍മാരെ അവതരിപ്പിക്കുമ്പോഴും പോലീസും പാര്‍ട്ടിക്കാരും വേട്ടയാടുന്ന നായകനെ ചിത്രീകരിക്കുമ്പോഴുമെല്ലാം അത് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നുണ്ട്. കൈയടക്കംകൊണ്ട് അതിനെ മറികടക്കാന്‍ സംവിധായകന് സാധിക്കുന്നുമില്ല. സിനിമയുടെ മൊത്തം അനുഭവത്തെ ഇത് ബാധിച്ചിട്ടുമുണ്ട്. പ്രമേയത്തിന്റെ ഗൗരവസ്വഭാവം കൂടിയാകുമ്പോള്‍ സാധാരണ പ്രേക്ഷന്‍ ഈടയെ എങ്ങനെ വിലയിരുത്തുമെന്നത് കണ്ടറിയേണ്ടതാണ്.
ആനന്ദിനെ അവതരിപ്പിച്ച ഷെയ്ന്‍ നിഗവും ഐശ്വര്യയെ അവതരിപ്പിച്ച നിമിഷ സജയനും അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. തന്റെ മുന്‍ കഥാപാത്രങ്ങളുടേതുപോലെതന്നെ ഈ ചിത്രത്തിലും തുടരുന്ന പക്വതയെത്താത്ത, ദുര്‍ബലനായ യുവാവിന്റെ ഇമേജില്‍നിന്നും മാനറിസങ്ങളില്‍നിന്നും ഷെയ്ന്‍ നിഗം എന്ന നടന്‍ എത്രയുംപെട്ടെന്ന് മുന്നേറേണ്ടതുണ്ട് എന്നുകൂടി ഈ ചിത്രം ഓര്‍മപ്പെടുത്തുന്നു. അലന്‍സിയര്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍, രാജേഷ് ശര്‍മ, സുനിത എന്നിവര്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. പപ്പുവിന്റെ ഛായാഗ്രഹണവും സംവിധായകന്റെ തന്നെ ചിത്രസംയോജനവും മികച്ചുനിന്നു. അന്‍വര്‍ അലി രചന നിര്‍വ്വഹിച്ച് ജോണ്‍ പി. വര്‍ക്കിയും ചന്ദ്രന്‍ വെയാട്ടുമ്മലും സംഗീതം നല്‍കിയ പാട്ടുകളും സിനിമയോട് ചേര്‍ന്നുനില്‍ക്കുന്നുണ്ട്.
Content Highlights: Eeda Movie review, Eeda Movie, Malayalam movie review, Shane Nigam movie Eeda, Nimisha Sajayan movie Eeda