പട്ടാളകഥ പറയുന്ന ഒട്ടനവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് തന്നെയാണ് നവാഗതനായ സ്വപ്നേഷ് കെ നായര്‍ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ എടക്കാട് ബറ്റാലിയന്‍ 06-ഉം വന്നു ചേരുന്നത്. എങ്കിലും സ്ഥിരം പട്ടാളകഥകളുടെ ഫോര്‍മുലയില്‍ നിന്ന് മാറി ഒരു പട്ടാളക്കാരന്റെ വ്യക്തിജീവിതത്തിലേക്കും അവന്റെ ചുറ്റുമുള്ള സമൂഹത്തിലേക്കുമാണ് എടക്കാട് ബറ്റാലിയന്‍ കടന്നുചെല്ലുന്നത്. ജീവന്‍ ത്യജിച്ചും നാടിന് കാവല്‍ നില്‍ക്കുന്ന ഓരോ പട്ടാളക്കാരനുമുള്ള ആദരമാണ് ഈ ചിത്രം.
കോഴിക്കോട്ടെ എടക്കാട് എന്ന് പേരുള്ള ഒരു ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ ആര്‍മിയിലേക്കെത്തി ഇപ്പോള്‍ ക്യാപ്റ്റന്‍ റാങ്കിലിരിക്കുന്ന വ്യക്തിയാണ് ചിത്രത്തിലെ നായകന്‍ ഷഫീക് മുഹമ്മദ്. പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് തന്നെ എന്‍സിസിയിലും മറ്റും സജീവമായിരുന്ന ഷഫീക്ക് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ്. തന്റെ നാടിനും നാട്ടുകാര്‍ക്കും നന്മ വരണമെന്ന് ആഗ്രഹിക്കുന്ന ഷഫീക് നാട്ടിലെ വലിയൊരു സാമൂഹ്യ വിപത്തിനെതിരേ പ്രതികരിക്കുന്നതോടെ അയാള്‍ക്ക് അവിടെ ശത്രുക്കളുമാകുന്നു.
യുവതലമുറയെ കാര്‍ന്നുതിന്നുന്ന മയക്കുമരുന്നിന്റെ ഉപയോഗം എടക്കാടിലെ ചെറുപ്പക്കാരെയും ബാധിച്ചിട്ടുണ്ട്. ഈ സംഘങ്ങളെ ഷഫീക്ക് പല തവണ വിലക്കുകയും ഒടുക്കം പോലീസിന് പിടിച്ചു കൊടുക്കുകയും ചെയ്യുന്നതോടെ ഇവര്‍ക്ക് ഷഫീക്കിനെ കൊല്ലാനുള്ളത്ര വൈരാഗ്യമായി മാറുന്നു. പക്ഷേ, സ്വന്തം ജീവിതം കൊണ്ട് തന്നെ ഷഫീക് ഇവരുടെ ജീവിതത്തിലെ വെളിച്ചമായി മാറുന്നു. ഇതിനിടയില്‍ നാട്ടിലെ സ്‌കൂളില്‍ ടീച്ചറായ നൈല ഫാത്തിമയും ഷഫീക്കും തമ്മിലുള്ള കല്യാണവും ഉറപ്പിക്കുന്നു.
ചിത്രത്തിന്റെ ആദ്യ പകുതി എടക്കാടും ഷഫീക്കിന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളുമായിരുന്നു എങ്കില്‍ രണ്ടാം പകുതിയില്‍ ചിത്രം കശ്മീരിലേക്കും യാത്രയാവുന്നുണ്ട്.
പട്ടാളവേഷത്തില്‍ ടൊവിനോ ആദ്യമായാണ് എങ്കിലും ഒരു പട്ടാളക്കാരന്റെ ശരീരഭാഷ വളരെ കൃത്യമായി തന്നെ അവതരിപ്പിക്കാന്‍ ടൊവിനോയ്ക്കായിട്ടുണ്ട്. സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായെത്തുന്നത്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. അതുകൊണ്ട് തന്നെഈ താരജോഡികള്‍ തമ്മിലുള്ള കെമിസ്ട്രി നല്ല രീതിയില്‍ തന്നെ വന്നുചേര്‍ന്നിട്ടുണ്ട്.
രേഖ, പി.ബാലചന്ദ്രന്‍, നിര്‍മല്‍ പാലാഴി, ഷാലു റഹീം, സന്തോഷ് കീഴാറ്റൂര്‍, സുധീഷ്, ജോയ് മാത്യു, ദിവ്യ പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാസ് മേനോന്‍ ഒരുക്കിയ ഗാനങ്ങള്‍ ആസ്വാദ്യകരമാണ്. ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ പി.ബാലചന്ദ്രന്‍ തന്നെയാണ് എടക്കാടിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നമ്മള്‍ ഓരോരുത്തരും സ്വന്തം വീടുകളില്‍ സുരക്ഷിതരായി ഉറങ്ങുന്നത് സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി കാറ്റും മഴയും ചൂടും വകവയ്ക്കാതെ മറ്റു ചിലര്‍ ഉണര്‍ന്നിരിക്കുന്നതുകൊണ്ടാണെന്ന് ഓര്‍മപ്പെടുത്താന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെ പോലെയുള്ള ധീര രക്തസാക്ഷികള്‍ക്കുള്ള ആദരമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ നായകന്‍ പറയുന്നത് പോലെ രാജ്യത്തെ ഓരോ പൗരന്റെയും സമാധാനവും സന്തോഷവുമാണ് ഓരോ പട്ടാളക്കാരന്റെയും ജീവശ്വാസം എന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു
Content Highlights : Edakkad Battalion 06 Movie Review Tovino Thomas Samyuktha Menon Swapnesh K Nair