സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ ശപഥമെടുത്ത മനസ്സാണ് അയാളുടേത്. അത്തരമൊരു മനുഷ്യന്‍ നിയമത്തിനു മുന്നില്‍  പിടിക്കപ്പെടുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ദൃശ്യം 2. ജോര്‍ജ്ജുകുട്ടിക്കും പ്രേക്ഷകര്‍ക്കും മാത്രം അറിയാവുന്ന ആ  സത്യം അന്വേഷിച്ചുള്ള പോലീസിന്റെ യാത്രയാണ് ദൃശ്യം 2 പറയുന്നത്. ഭയത്തിന്റേയും അസ്വസ്ഥതകളുടേയും നടുവില്‍ ജീവിക്കുന്ന ജോര്‍ജ്ജുകുട്ടിയുടെ കുടുംബകാഴ്ച്ചകളിലൂടെ തുടങ്ങുന്ന സിനിമ, രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ  ത്രില്ലര്‍ സ്വഭാവത്തിലേക്ക് മാറുന്നു. നാലാം ക്ലാസ് വരെ മാത്രം പഠിച്ച ഒരാളുടെ കരുനീക്കങ്ങള്‍ക്ക് മുന്നില്‍ രണ്ടാം തവണയും പോലീസ് മുട്ടുമടക്കുമോ എന്നതാണ് ക്ലൈമാക്‌സ്.

2013-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ - ജീത്തു ജോസഫ് ടീമിന്റെ ദൃശ്യത്തിന്റെ തുടര്‍ച്ച തന്നെയാണ് രണ്ടാം ഭാഗം. ആദ്യകഥയുടെ തുടര്‍ച്ചയായി കെട്ടിപ്പടുത്ത രണ്ടാം ഭാഗം ട്വിസ്റ്റുകള്‍ കൊണ്ടും മികച്ച സംഭാഷണങ്ങള്‍കൊണ്ടും സമ്പന്നമാണ്. സത്യത്തില്‍ നമ്മള്‍ അയാളെയല്ല, അയാള്‍ നമ്മളെയാണ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതെന്ന ഒറ്റവരി ഡയലോഗിലുണ്ട് ജോര്‍ജ്ജുകുട്ടിയുടെ ജീവിതം.

മലയാളി പ്രേക്ഷകര്‍ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ കാത്തിരുന്ന റിലീസാണ് ദൃശ്യം-2 വിന്റേത്. ആ പ്രതീക്ഷകള്‍ നിലനിര്‍ത്താനായി എന്നതുതന്നെയാണ് സിനിമയുടെ വിജയം. ബോക്‌സോഫീസില്‍ വന്‍വിജയമായ ചിത്രങ്ങള്‍ക്ക്  രണ്ടാംഭാഗം ഒരുക്കുക എന്നത്  വെല്ലുവിളിയാണ്. ആ വെല്ലുവിളിയില്‍ സംവിധായകന്‍ ജീത്തു ജോസഫ് വിജയിച്ചിരിക്കുന്നു. മോഹന്‍ലാല്‍ എന്ന നടനും ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മാതാവിനും അഭിമാനിക്കാം.

കെട്ടുറപ്പുള്ള തിരക്കഥ അതിന്റെ രസച്ചരട് പൊട്ടാതെ സൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നു. ജോര്‍ജ് കുട്ടിയായി മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി നിറഞ്ഞാടുമ്പോള്‍ ചങ്കിടിപ്പോടെയല്ലാതെ ദൃശ്യം 2 കണ്ടു തീര്‍ക്കാനാവില്ല. കൊലപാതക കേസ് തെളിയിക്കാന്‍ പോലീസ് നടത്തുന്ന നീക്കങ്ങളും ജോര്‍ജ്ജുകുട്ടിയുടെ പ്രതിരോധങ്ങളുമാണ് സീനുകളെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.

ആദ്യഭാഗത്തില്‍നിന്ന് ഭംഗിയുള്ളൊരു നൂല്‍പാലമിട്ടാണ് സംവിധായകന്‍ രണ്ടാം ഭാഗത്തിലേക്ക് കടക്കുന്നത്. പുതിയ വരവില്‍ ജോര്‍ജ്ജുകുട്ടി തിയേറ്റര്‍ ഉടമയും സമൂഹത്തില്‍ ഉയര്‍ന്ന ജീവിതം നയിക്കുന്ന ഒരാളുമായി മാറിക്കഴിഞ്ഞു. 

മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ അനില്‍ എന്നിവര്‍ക്കൊപ്പം ആശ ശരത്, സിദ്ദിഖ്, നാരയണന്‍ നായര്‍, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി ചുരുക്കം ചിലര്‍ മാത്രമാണ് രണ്ടാം ഭാഗത്തിലുള്ളത്. മുരളി ഗോപിയുടെ പ്രകടനമാണ് ദൃശ്യം 2 ന്റെ മറ്റൊരു ഹൈലേറ്റ്. പോലീസ് കഥാപാത്രമായി ജോര്‍ജ്ജുകുട്ടിക്ക് ഒത്ത എതിരാളിയായി മറുഭാഗത്ത് നിറഞ്ഞുനില്‍ക്കുന്നു മുരളി ഗോപി. സായ്കുമാര്‍, ഗണേഷ് കുമാര്‍, കൃഷ്ണ പ്രഭ, ശാന്തി പ്രിയ, അജിത്ത്, സുമേശ്, അഞ്ജലി നായര്‍ എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കി.

ഒരേ പകല്‍ എന്നു തുടങ്ങുന്ന ഗാനം കഥാപറച്ചിലിനൊപ്പം ഇഴുകിചേരുന്നു. പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ കഥാവഴിയില്‍ നല്ല പിന്തുണയാകുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പരിമിതിക്കുള്ളില്‍നിന്ന് മികച്ചൊരു സിനിമ സൃഷ്ടിക്കാന്‍ സാധിച്ച ദൃശ്യം 2 ടീമിനെ അഭിനന്ദിച്ചേ പറ്റൂ. 

Content Highlights: Drisyam 2 Review, Mohanlal, Jeethu Joseph, Movie Meena Ansiba esther Amazon Prime Video