Dishoomടിപ്പിക്കല്‍ ബോളിവുഡ് സിനിമയാണ് ഡിഷ്യും. ആവശ്യത്തിന് മസാല, അതിനുള്ളിലൊരു കഥ എന്നതാണ് സിനിമയുടെ ഫോര്‍മാറ്റ്. ബൈക്കിന്റെ പൊങ്ങിച്ചാട്ടവും അവസാന നിമിഷത്തിലെ ബോംബ് നിര്‍വീര്യമാക്കലും പോലുള്ള ക്ലീഷേകള്‍ സിനിമകളില്‍ സഹജമാണ്. അത്തരം നാടകീയരംഗങ്ങള്‍ ആവശ്യത്തിന് ഡിഷ്യുമിലുമുണ്ട്.

ഡിഷ്യും എന്ന പേര് കേള്‍ക്കുമ്പോള്‍ ഡിഷ്യും ഡിഷ്യും എന്ന ഇടിയും ചവിട്ടുമൊക്കെയാണ് നമുക്ക് ഓര്‍മ വരുന്നതെങ്കിലും ഈ സിനിമയില്‍ അധികം ഫൈറ്റ് സീനുകളൊന്നുമില്ല. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഒരു കേസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതും അതുവഴിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വലിയൊരു പ്രശ്നം പരിഹരിക്കുന്നതുമാണ് കഥ. 

നാല് വര്‍ഷത്തിന് ശേഷമുള്ള അക്ഷയ് ഖന്നയുടെ മടങ്ങി വരവ്, ജോണ്‍ ഏബ്രഹാമിന്റെ ഏറെ നാളുകള്‍ക്ക് ശേഷമുള്ള ഹിറ്റ്, എബിസിഡി 2, ദില്‍വാലെ എന്നീ ദുരന്തങ്ങള്‍ക്ക് ശേഷമുള്ള വരുണ്‍ ധവാന്റെ ചിത്രം, അക്ഷയ് കുമാര്‍, നര്‍ഗീസ് ഫക്രി, പരിണീതി ചോപ്ര എന്നിവരുടെ കാമിയോ റോളുകള്‍ - ഇവയൊക്കെ കൊണ്ട് കഴിഞ്ഞ ആഴ്ച്ചയിലെ ബിഗ് റിലീസാണ് ഡിഷ്യും എന്ന് പറയാം. വരുണ്‍ ധവാന്റെ സഹോദരന്‍ രോഹിത് ധവാനാണ് സംവിധായകന്‍.

മിഡില്‍ ഈസ്റ്റില്‍ എവിടെയോ നടക്കുന്ന കഥ എന്നാണ് സിനിമയില്‍ എഴുതിക്കാണിക്കുന്നത്. ഇത് അബുദാബിയാണെന്ന് മനസ്സിലാകുന്നുണ്ടെങ്കിലും അത് കൃത്യമായി സിനിമയില്‍ പ്രതിപാദിക്കുന്നില്ല. ഈ സിനിമ പാക്കിസ്താനിൽ നിരോധിച്ചത് സങ്കടപ്പെടുത്തിയെന്ന് വരുണ്‍ ധവാന്‍ പറഞ്ഞതായി കണ്ടു. ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകും എന്തുകൊണ്ടാണ് പാക് സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചതെന്ന്. 

Dishoom

വിരാജ് ശര്‍മ എന്ന ഇന്ത്യയുടെ ടോപ് സ്‌കോറിംഗ് ബാറ്റ്സ്മാന്‍ തട്ടിക്കൊണ്ടു പോകപ്പെടുന്നതും അതേത്തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. വിരാട് കോലിയുടെ ആദ്യ പേരും രോഹിത് ശര്‍മയുടെ രണ്ടാം പേരും കൂട്ടിയിണക്കിയാകണം വിരാജ് ശര്‍മ്മ എന്ന പേരിലേക്ക് എത്തിയത്. വിരാട് കോലിയുടെ സ്റ്റൈലുമായി സിനിമയിലെ വിരാജിന് ഏറെ സാമ്യങ്ങളുണ്ട്. സക്കീബ് സലീം ഖുറേഷിയാണ് വിരാജിന്റെ റോളില്‍. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് സാമ്യമുള്ളൊരു കഥാപാത്രവുമുണ്ട് ഇതില്‍. ബെറ്റിങ്, അധോലോകം, പാര്‍ട്ടിയിംഗ് തുടങ്ങി എപ്പോഴും ഹാപ്പനിംഗാണ് സിനിമ.

Dishoom

ധൂമിലെ അഭിഷേക് ബച്ചന്‍, ഉദയ് ചോപ്ര കോമ്പിനേഷന്‍ പോലൊന്നാണ് ഡിഷ്യുമില്‍ ജോണ്‍ ഏബ്രഹാം വരുണ്‍ ധവാന്‍ കോമ്പിനേഷന്‍. ത്രില്ലിങ് എഫക്ടുള്ള ഒരു ക്ലീന്‍ എന്റര്‍ടെയ്നറാണ് ഡിഷ്യും എന്ന കാര്യത്തില്‍ സംശയമില്ല. രോഹിത് ധവാന്റെ മുന്‍ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് എന്റര്‍ടെയ്ന്‍മെന്റിന് അപ്പുറം ഈ സിനിമയില്‍ നിന്ന് വലിയ പ്രതീക്ഷകളൊന്നും ഉണ്ടാകില്ല. ആ വിശ്വാസം രോഹിത് കാത്തുസൂക്ഷിച്ചിട്ടുമുണ്ട്.