ർജുൻ റെഡ്ഡി, ഗീതാഗോവിന്ദം തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിലും ഏറെ ആരാധകരെ സൃഷ്ടിച്ച തെലുഗു താരമാണ് വിജയ് ദേവരകൊണ്ട. വിജയുടെ ചിത്രം ആദ്യമായി മലയാളത്തിലും ഡബ്ബ് ചെയ്ത് റിലീസിനെത്തുമ്പോൾ ആരാധകർക്കും പ്രതീക്ഷകളേറെയായിരുന്നു. ആ പ്രതീക്ഷകളെ കാക്കുന്നതാണ് ഭരത് കമ്മ സംവിധാനം ചെയ്ത 'ഡിയർ കോമ്രേഡ്'.

കോളേജിലെ സ്റ്റുഡൻസ് യൂണിയനിലെ സജീവ പ്രവർത്തകനാണ് ബോബി (വിജയ് ദേവരകൊണ്ട). വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ മുൻപിൻ നോക്കാതെ ഇടപെടുന്നയാൾ. എന്നാൽ, വിദ്യാർഥി പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ താൽപര്യങ്ങൾ കൈകടത്തരുതെന്ന ഫിലോസഫി സ്വാഭാവികമായും അയാൾക്ക് ശത്രുക്കളെ നേടിക്കൊടുക്കുന്നു. എടുത്തുചാട്ടം കൊണ്ട് കോളേജിനകത്തും പുറത്തും പ്രശ്നങ്ങളുടെ മധ്യത്തിൽ നിൽക്കവേയാണ് ബോബിയുടെ ജീവിതത്തിലേക്ക് ക്രിക്കറ്ററായ ലില്ലി (രശ്മിക മന്ദാന) കടന്നുവരുന്നത്. തൊട്ടടുത്ത വീട്ടിൽ അതിഥിയായെത്തുന്ന ലില്ലിയുമായി ബോബി പ്രണയത്തിലാകുന്നെങ്കിലും വികാരങ്ങളെ നിയന്ത്രിക്കാനാകാത്ത ബോബിയുടെ പ്രകൃതം ഇവരുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നു. രണ്ടുവഴിക്ക് പിരിഞ്ഞ ബോബിയക്കും ലില്ലിയ്ക്കും പക്ഷേ, തികച്ചും വ്യത്യസ്തമായ സാഹചര്യത്തിൽ വീണ്ടും കണ്ടുമുട്ടേണ്ടിവരികയാണ്. അപ്പോഴേക്കും ഇരുവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചികഴിഞ്ഞിരുന്നു.

സ്റ്റണ്ട്‚ പ്രണയം, പാട്ട്-ഒരു കൊമേഴ്സ്യൽ ചിത്രത്തിന്റെ പതിവുചേരുവകൾ ചേരുന്നതാണ് 'ഡിയർ കോമ്രേഡി'ന്റെ ആദ്യപകുതി. രണ്ടാംപകുതിയിൽ പ്രധാന കഥാപാത്രങ്ങൾക്കൊപ്പം ചിത്രവും പക്വതയാർജിക്കുന്നു. പുറത്തുനടക്കുന്ന പ്രശ്നങ്ങൾക്കപ്പുറം കഥാപാത്രങ്ങളുടെ അന്തഃസംഘർഷങ്ങളിലേക്ക് കൂടി പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നതിൽ സംവിധായകൻ ഭരത് കമ്മ വിജയിച്ചിരിക്കുന്നു. എന്നാൽ, കഥാപാത്രങ്ങളുടെ വൈകാരിക തിരിമറിച്ചിലുകൾ ചിത്രത്തെ ആവശ്യത്തിലേറെ ദീർഘിപ്പിക്കുന്നുണ്ട്. തിരക്കഥയിലെ ദൗർബല്യങ്ങളാണ് ചിത്രത്തിന് തിരിച്ചടിയാകുന്നത്.

അതേസമയം, മൂലകഥയിൽ ഉൾച്ചേർന്നിരിക്കുന്ന ശക്തമായ പ്രമേയം ഒരു സാധാരണ കൊമേഴ്സ്യൽ ചിത്രത്തെക്കാൾ 'കോമ്രേഡിന് ആഴം നൽകുന്നുണ്ട്. വിജയ്-രശ്മിക ഹിറ്റ് ജോഡിയുടെ സാന്നിധ്യം ചിത്രത്തിന് മുതൽക്കൂട്ടാണ്. കയ്യടക്കമുള്ള പ്രകടനം കൊണ്ടും സ്ക്രീൻ പ്രസൻസ് കൊണ്ടും ഇരുവരും ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. മലയാളിയായ ശ്രുതി രാമചന്ദ്രനും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
സാങ്കേതിക വശങ്ങളിലും ചിത്രം മികവു പുലർത്തുന്നു.

സന്ദർഭങ്ങളോടിണങ്ങി നിൽക്കുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്ലസ് പോയിന്റ്സാണ്.  ഡബ്ബിങ്ങ്‌ ചിത്രത്തിന്റെ പരാധീനതകളില്ലാതെ കണ്ടിരിക്കാമെന്നത് ദേവരകൊണ്ടയുടെ മലയാളി ആരാധകർക്ക് 'ഡിയർ കോമ്രേഡി'നെ പ്രിയപ്പെട്ടതാക്കിയേക്കാം.