സംവിധാനം:  ജിജോ ആന്റണി
നിര്‍മ്മാണം:  ആഗസ്ത് സിനിമ
തിരക്കഥ സംഭാഷണം: മനോജ് നായര്‍, ജിജോ ആന്റണി
ഛായാഗ്രഹണം:  അഭിനന്ദന്‍ രാമാനുജം

2016 തുടങ്ങി മാര്‍ച്ച് മാസം പാതി പിന്നിടുമ്പോള്‍ പൃഥിരാജിന്റേതായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഡാര്‍വിന്റെ പരിണാമം.  പൃഥിരാജിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  പോയവര്‍ഷം പുറത്തിറങ്ങിയ ഡബിള്‍ ബാരലാണ് ഇതിനു മുന്‍പ് ആഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ച മറ്റൊരു ചിത്രം. ഡബിള്‍ ബാരല്‍ ഒരു പരീക്ഷണചിത്രമായിരുന്നുവെങ്കില്‍ അത്രത്തോളം പുതുമുകള്‍ അവകാശപ്പെടാനില്ലാത്ത ചിത്രമാണ് ഡാര്‍വിന്റെ പരിണാമം.

കൊട്ടാരക്കരയില്‍ നിന്ന് കൊച്ചിയുടെ അപരിചിതത്വത്തിലേക്ക്  ഗര്‍ഭിണിയായ ഭാര്യയുമായി വരുന്ന അനില്‍ ആന്റോ എന്ന യുവാവിന്റേയും, കൊച്ചിയിലെ ക്വട്ടേഷന്‍ നേതാവായ ഗൊറില്ലാ ഡാര്‍വിന്റേയും ജീവിതങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അനില്‍ ആന്റോയായി പൃഥിരാജും,ഗൊറില്ല ഡാര്‍വിനായി ചെമ്പന്‍ വിനോദും കൈയടി നേടുന്നു..

ജീവിതപ്രതിസന്ധികള്‍ക്ക് മുന്‍പില്‍ പതറിപോയ യുവാവായും, കൊച്ചിയിലെ ക്വട്ടേഷന്‍ ഗുണ്ടകളെ അടിച്ചിടുന്ന ആ്ക്ഷന്‍ ഹീറോയായുമെല്ലാം പൃഥിരാജിന് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍, മറുവശത്ത് മണ്ടത്തരങ്ങളും, പ്രണയവും, ക്രൂരതയുമെല്ലാം  മാറി മാറി വരുന്ന ഗൊറില്ല ഡാര്‍വിന്‍ എന്ന നായകനൊത്ത വില്ലനായി ചെമ്പന്‍ വിനോദും ചിത്രത്തിലുണ്ട്. 

ആന്റോയുടെ ഭാര്യ അമലയായി എത്തുന്ന ചാന്ദ്‌നി ശ്രീധര്‍ പാളിച്ചകളില്ലാതെ  തന്റെ കഥാപാത്രത്തെമനോഹരമാക്കിയിട്ടുണ്ട്. ,ആന്റോയുടെ അമ്മ വേഷത്തിലെത്തിയ സേതുലക്ഷമിയുടെ പ്രകടനവും പരാമര്‍ശിക്കപ്പെട്ടേണ്ടത് തന്നെ. കിഡ്‌നാപ്പര്‍ അയ്യപ്പനായി എത്തുന്ന ഷമ്മിതിലകനും അയ്യപ്പന്റെ അനുയായികളുടെ വേഷത്തിലെത്തുന്ന ധര്‍മജനും,ഹരീഷും ചിത്രത്തിന് നര്‍മ്മരസം പകരുമ്പോള്‍ ന്യൂജനറേഷനിലെ പുതിയ താരം സൗബിന്‍ ഷാഹിര്‍
കാര്യമായി ഒന്നും ചെയ്യാനില്ലാതെ  ഏതാനും സീനുകളിലെ സാന്നിധ്യമായി ഒതുങ്ങുന്നു. ഇവരെ കൂടാതെ തരികിട സാബു, കോട്ടയം പ്രദീപ്, തെസ്‌നിഖാന്‍, മാമുക്കോയ തുടങ്ങി ഒരു നീണ്ട താരനിരയും ചിത്രത്തിലുണ്ട്. 

ക്രൂരനും മണ്ടനുമായ വില്ലനെ നന്മ നിറഞ്ഞ നായകന്‍ തന്ത്രപൂര്‍വ്വം നല്ലവനാക്കി മാറ്റുന്ന കഥ മുന്‍പും സിനിമകളില്‍ വന്നിട്ടുണ്ട്.  2014-ല്‍ പുറത്തിറങ്ങിയ തമിഴില്‍ ഹിറ്റ് ചിത്രമായിരുന്ന ജിഗര്‍തണ്ട അങ്ങനെയൊരു കഥയെ ഗംഭീരമായി അവതരിപ്പിച്ചു വിജയിപ്പിച്ചിട്ടുണ്ട്. 
ആകെ കഥയെ വായിച്ചു നോക്കിയാല്‍ ജിഗര്‍തണ്ടയോട് സാമ്യം തോന്നുന്ന കഥാതന്തു തന്നെയാണ് ഡാര്‍വിന്റെ പരിണാമവും കൈകാര്യം ചെയ്യുന്നത്. 

തന്റെ താരപരിവേഷങ്ങള്‍ മാറ്റിവച്ച് ചെമ്പന്‍ വിനോദിനൊപ്പം നില്‍ക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പൃഥിരാജ് കാണിച്ച മനസിനെ അഭിനന്ദിക്കേണ്ടതുണ്ടെങ്കിലും ആ രീതിയില്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അഭിനയമൂഹുര്‍ത്തങ്ങളോ, കഥാഘടനയോ ഡാര്‍വിന്റെ പരിണാമത്തിലില്ല.

കഥയുടെ തുടക്കത്തില്‍ കടന്നു വരുന്ന സൗബിന്റെ കഥാപാത്രത്തെ പിന്നെ കാണുന്നത് രണ്ടാം പകുതിയിലാണ്, ഷമ്മി തിലകന്‍ അവതരിപ്പിച്ച കിഡ്‌നാപ്പര്‍ അയ്യപ്പനും അനുയായികളും (ഹരീഷ്,ധര്‍മജന്‍ എന്നിവരാണ് ഈ വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്) ഇതു പോലെ രണ്ടോ മൂന്നോ സീനുകളില്‍ മാത്രമേ വരുന്നുള്ളൂ, രണ്ടര മണിക്കൂര്‍ നീളുന്ന ചിത്രത്തിന്റെ ആദ്യത്തെ ഒരു മണിക്കൂറില്‍ കഥയും കഥാപാത്രങ്ങളും കര കാണാത്ത കപ്പലു പോലെ അലയുന്നുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ വരുന്ന മൂന്ന് ഗാനങ്ങള്‍ കൂടിയാവുന്നതോടെ ആദ്യപകുതിക്ക് ദൈര്‍ഘ്യമേറുന്നു. 

രണ്ടാം പകുതിയിലേക്ക് വരുന്നതോടെ ചിത്രം ഡാര്‍വിനും അനില്‍ ആന്റോയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായി മാറുന്നു.  ഇതോടെ ആദ്യപകുതിയില്‍ നിറഞ്ഞു നിന്ന കഥാപാത്രങ്ങള്‍ പലതും അപ്രത്യക്ഷരാവുന്നു . തന്നെ ദ്രോഹിച്ച ഡാര്‍വിനോട് കണക്ക് പറഞ്ഞു പകരം ചോദിക്കാന്‍ അനില്‍ ആന്റോ ഒരുങ്ങുന്നതോടെ ഡാര്‍വിനും സംഘാഗംങ്ങളും അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ്  രണ്ടാം പകുതിയില്‍ രസകരമായി അവതരിപ്പിച്ചിട്ടുള്ളത്. 

കൊന്തയും പൂണൂലും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജിജോ ആന്റെണിയുടെ രണ്ടാമത്തെ ചിത്രമാണ് ഡാര്‍വിന്റെ പരിണാമം. മനോജ് നായരുടെ തിരക്കഥയ്ക്ക് സംവിധായകനും കൂടി ചേര്‍ന്നാണ് സംഭാഷണമൊരുക്കിയിരിക്കുന്നത്. പി.എസ്.റഫീഖ്, ബി.കെ.ഹരിനാരായണന്‍, അരുണ്‍ ഇട്ടിനാത്ത്, പിയൂഷ് ഗിറ്റ് എന്നിവരുടെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ ഈണമിട്ടൊരുക്കിയ ഗാനങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നവയാണ്. എന്നാല്‍ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം മികവുറ്റതാണ്. അഭിനന്ദ് രാമനുജത്തിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ കഥയ്‌ക്കൊപ്പം ചേരുന്നതാണ്.

ഡാര്‍വിന്റെ ഗ്യാംഗും അയ്യപ്പന്റെ ഗ്യാംഗും ചേര്‍ന്ന് സൃഷ്ടിക്കുന്ന നര്‍മ്മരംഗങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നതാണെങ്കിലും പലയിടത്തും പൊട്ടിപ്പോയ തിരക്കഥ ചിത്രത്തിന് വെല്ലുവിളിയാണ്. അത് കൊണ്ട് തന്നെ ആക്ഷനും, ഡ്രാമയും, കോമഡിയുമെല്ലാം നിറയുന്ന ഒരു ശരാശരി ചിത്രം എന്ന വിശേഷണമാവും ഡാര്‍വിന്റെ പരിണാമത്തിന് യോജിക്കുക.