ദൈവമേ കൈതൊഴാം കെ.കുമാറാകണം എന്ന സിനിമ കണ്ടിറങ്ങുന്നവർ, ബഹുമാനപ്പെട്ട മലയാളത്തിന്റെ പ്രിയ നടൻ സലീംകുമാറിന്റെ മുൻപിൽ ഉറപ്പായും കൈതൊഴും എന്തിനെന്നോ, ദയവുചെയ്ത് ഇത്തരം സിനിമകൾ ഇനിയെങ്കിലും എടുക്കരുതേ എന്ന അപേക്ഷയുമായി. മുന്നിലിരിക്കുന്ന പ്രേക്ഷകനെ എത്രത്തോളം ബോറടിപ്പിക്കാമെന്നതിൽ ഗവേഷണം നടത്തുകയാണ് ഈ സിനിമ.
 
പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ഏതെല്ലാം നിലക്കാണ് വെല്ലുവിളിക്കുന്നതെന്ന് കണ്ടനുഭവിച്ച് തന്നെ അറിയേണ്ടിവരും. കാരണം അത്രപോലും സിനിമയായി കാഴ്ചക്കാരന്റെ മനസ്സിലേക്ക് ഇറങ്ങുവാൻ സാധിക്കാതെപോയി ഈ ചിത്രത്തിന്. അച്ഛനമ്മമാരുടെ കൈയിൽ നിന്ന് തെറ്റി ഉത്സവപറമ്പിൽ ആൾക്കൂട്ടത്തിനിടയിൽപ്പെട്ടുപോയവരെപോലെ എന്തുചെയ്യണമെന്നറിയാതെ തലങ്ങും വിലങ്ങും ഓടിനടക്കുന്ന കുട്ടിയെപ്പോലെയാണ് തീയേറ്ററിൽ കയറിയ പ്രേക്ഷകൻ. എങ്ങോട്ടാണ് ഈ സിനിമ നമ്മളെ കൊണ്ടുപോകുന്നതെന്ന് ആദ്യം തോന്നുമെങ്കിൽ പിന്നീട് എവിടെയെങ്കിലുംകൊണ്ടുപോയി അവസാനിപ്പിച്ചാൽ മതിയെന്നു തോന്നും. അവസാനം നായകൻ കണ്ട സ്വപ്നമായോ, ഫാന്റസിയായോ ഒക്കെ വ്യാഖ്യാനിച്ച് തടിയൂരാൻ ശ്രമിക്കുകയാണ് സിനിമ. 
 
കേരളത്തിലെ ജനങ്ങളുടെ ജീവിതം നേരിട്ട് കണ്ട് അനുഭവിച്ചറിയാൻ കേരളത്തിലേക്ക് വരുന്ന ദൈവത്തിലൂടെയാണ് കഥ. കൃഷ്ണകുമാർ (ജയറാം) എന്ന ഇടുക്കിയിലെ ഒരു വില്ലേജ് എക് സ്റ്റൻഷൻ ഓഫീസറുടെ വീട്ടിലേക്കാണ് ദൈവം എത്തുന്നത്.  
തുടർന്നുണ്ടാകുന്ന സംഭവങ്ങളുടെ അവസാനം എന്തുവാടേ ഈ സിനിമ എന്ന് സാദാ പ്രേക്ഷകൻ ചോദിക്കുന്ന ഈ സന്ദർഭത്തിലാണ് സിനിമാക്കാരുടെ സ്ഥിരം ട്വിസ്റ്റ് കടന്നുവരുന്നത്. എല്ലാം ഒരു സ്വപ്‌നമായിരുന്നു.

സ്വന്തം പ്രശസ്തിക്കുവേണ്ടി കൂട്ടയോട്ടം വരെ നടത്തുന്ന ഒരു ജ്വല്ലറി ഉടമയെ കണക്കിന് കളിയാക്കിവിടുന്നുണ്ട് ഈ സിനിമ. ഇത്തരമൊരു കഥാപാത്രം എന്തിനാണ് എന്നുള്ളതാണ് സിനിമയുടെ അവസാനത്തിലും പ്രേക്ഷകന് മനസ്സിലാകാത്ത ചോദ്യം. ഇതുപോലെ കേരളത്തിലെ ദൃശ്യമാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും പരിഹാസ്യരാക്കുന്നതിന്റെ അങ്ങേയറ്റത്ത് ചെന്ന് പരിഹാസ്യരാകുവാനും ശ്രമിക്കുന്നുണ്ട്. ആരോടോ ഉള്ള യജമാന ഭക്തി കാണിക്കുവാൻവേണ്ടി ബോധപൂർവം തിരുകികയറ്റിയ രംഗങ്ങളായി സാമാന്യബോധമുള്ള പ്രേക്ഷകർക്ക് പെട്ടെന്ന് മനസ്സിലാകും ഇത്. 

പ്രത്യേകിച്ച് മലയാള സിനിമാ രംഗത്ത് അടുത്തിടെയുണ്ടായ സംഭവവികാസങ്ങളിൽ ഒരു പക്ഷം പിടിച്ച് രംഗത്തുവന്ന വ്യക്തിത്വമാണ് മലയാളത്തിന്റെ പ്രിയ നടനായിരുന്നു സലീംകുമാറെന്നുള്ളത് കൊണ്ട്.

കറുത്ത ജൂതൻ എന്ന ഏറെ വ്യത്യസ്തമായ ഒരു ചലച്ചിത്രത്തിലൂടെ ഏറെ പ്രതീക്ഷകൾ നല്കിയ സലീം കുമാറിന്റെ ഈ സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകന്റെ മനസ്സും ബുദ്ധിയുമെല്ലാം കറുത്തുപോകുക മാത്രമാണ് ഉണ്ടാകുന്നതെന്ന് പറയാതെ വയ്യ.

Content Highlights: Dhaivame Kaithozham K Kumarakkane SalimKumar Malayalam Movie Review Jayaram