‘തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾ നമ്മൾ ഒരിക്കലും ചെയ്യരുത്’. അപ്പാനി ശരത്തിനെ നായകനാക്കി നവാഗതനായ സുധീപ് ഇ.എസ്. സംവിധാനംചെയ്ത ‘കോണ്ടസ’ എന്ന കൊച്ചുചിത്രം ആത്യന്തികമായി പറയാനുദ്ദേശിക്കുന്നത് ഇതാണ്. വളരെ ശക്തമായ ഒരു സാമൂഹികവിഷയത്തെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്. ക്വാറി മാഫിയയും മണൽകടത്തും സ്വർണക്കടത്തും ഗുണ്ടായിസവുമെല്ലാം കോണ്ടസയിൽ കടന്നുവരുന്നുണ്ട്.
 
പരിസ്ഥിതിചൂഷണത്തിനെതിരേയുള്ള പ്രക്ഷോഭഗാനത്തോടെ ആരംഭിക്കുന്ന ചിത്രം പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചാകും പറയുന്നതെന്ന് പ്രേക്ഷകർ ധരിച്ചെങ്കിൽ തെറ്റി. സിനിമയിലെ പ്രകൃതിസംരക്ഷണത്തിന്റെ പ്രധാന്യം ഈ പാട്ടിലും രണ്ട് സംഭാഷണങ്ങളിലും ഒതുങ്ങിപ്പോയെന്ന് പറയേണ്ടിവരും.
 
പകരം, പഴയ വീഞ്ഞിനെ പുതിയ കുപ്പിയിൽ അവതരിപ്പിക്കുന്ന ക്ലീഷേ അവതരണമാണ് സുധീപ് തന്റെ കന്നി സംവിധാനസംരംഭത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. അതിമാനുഷികനല്ലാത്ത, നേരും നെറിയും കൈമുതലായുള്ള സാധാരണക്കാരനാണ് ചിത്രത്തിലെ നായകൻ ചന്തു. ചെങ്കൽക്വാറിയും ആവശ്യത്തിലധികം ഗുണ്ടായിസവും പോലീസിൽ പിടിപാടുമുള്ള മണ്ണ് ജയൻ എന്ന ക്വാറിയുടമയുടെ അടുത്ത് ചില പ്രത്യേക സാഹചര്യങ്ങൾകൊണ്ട് ചന്തു എത്തിച്ചേരുന്നതോടെയാണ് കഥ വികസിക്കുന്നത്. ജയന്റെ ഇഷ്ടം പിടിച്ചുപറ്റി അയാൾ കാണിക്കുന്ന നെറികേടുകളെ പറഞ്ഞുതിരുത്തി അയാളെ മാനസാന്തരപ്പെടുത്തി നല്ലവനാക്കുന്ന നായകനെയല്ല പക്ഷേ, ചിത്രത്തിൽ കാണാനാവുക.
 
ജയന്റെ പോക്രിത്തരങ്ങൾക്കുമുന്നിൽ മുഖംതിരിക്കുന്ന ചന്തുവിന് മുന്നിലേക്ക് അടുത്ത പ്രതിസന്ധി കടന്നുവരുകയാണ്. മണൽമാഫിയയ്ക്ക് പുറമേ സ്വർണക്കടത്തിലേക്കും ചന്തു വീണുപോകുന്നു. അതോടെ അഡിഗ എന്ന അടുത്ത ശത്രു ചന്തുവിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ഇതിനിടയിൽ ജയന്റെ മകളുമായി ചന്തു പ്രണയത്തിലാകുന്നുമുണ്ട്.

ചന്തു എന്ന കഥാപാത്രത്തിലൂടെ അപ്പാനി ശരത് നായകനായുള്ള തന്റെ അരങ്ങേറ്റം മോശമാക്കിയിട്ടില്ല എന്നുതന്നെ പറയാം. പ്രശ്നങ്ങളും പരിവട്ടങ്ങളുമുള്ള, പണക്കാരനാവാൻ മോഹമുള്ള തികച്ചും സാധാരണക്കാരനായ യുവാവിനെ തരക്കേടില്ലാതെതന്നെ ശരത് അവതരിപ്പിച്ചു. ചന്തുവിന്റെ സന്തതസഹചാരിയായ സുഹൃത്ത് സദ്ദാമായി വേഷമിടുന്നത് സൈനുദ്ദീന്റെ മകൻ സിനിൽ സൈനുദ്ദീൻ ആണ്. 

വില്ലത്തരമാകട്ടെ, ഹാസ്യമാകട്ടെ, സ്വഭാവനടനാകട്ടെ ശ്രീജിത്ത് രവി എന്ന നടൻ തനിക്ക് ലഭിക്കുന്ന വേഷങ്ങൾ ഗംഭീരമാക്കാറുണ്ട്. ഗുണ്ടയായ മണ്ണ് ജയൻ എന്ന ക്വാറിയുടമയുടെ വേഷം ശ്രീജിത്ത് രവിയുടെ കൈയിൽ ഭദ്രമായിരുന്നു. അതേപോലെതന്നെയാണ് ഹരീഷ് പേരടിയുടെ കാര്യവും. അഡിഗ എന്ന ഡോൺ കഥാപാത്രം പേരടിയുടെ കയ്യിലും ഭദ്രമായിരുന്നു.

പുതുമുഖം ആതിരാ പട്ടേൽ ആണ് ചിത്രത്തിൽ ശരത്തിന്റെ നായികയായെത്തുന്നത്. ജയസൂര്യ നായകനായ ആട് 2വിലും ചെറിയൊരു വേഷത്തിൽ ആതിര എത്തിയിട്ടുണ്ട്. കൂടാതെ സുനിൽ സുഖദ, രാജേഷ് ശർമ, കിച്ചു ടെല്ലസ് തുടങ്ങിയ താരങ്ങളും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിജോഷും ജഫ്രിസും ചേർന്ന് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളൊന്നും പ്രേക്ഷകരെ ഹരംകൊള്ളിക്കുന്നതല്ലെങ്കിലും എവിടെയോ കേട്ടുമറന്ന പശ്ചാത്തലസംഗീതം ഒരു നായകന് വേണ്ടതെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. 

ഒരു ആക്‌ഷൻ ത്രില്ലർ ചിത്രമായാണ് കോണ്ടസയെ പ്രേക്ഷകർക്ക് മുന്നിൽ സംവിധായകൻ അവതരിപ്പിച്ചതെങ്കിലും പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്താൻപോന്ന ചേരുവകൾ ചിത്രത്തിലില്ല. എങ്കിലും ചില ട്വിസ്റ്റുകളും വലിച്ചുനീട്ടാത്ത കഥപറച്ചിലും കൈയടി അർഹിക്കുന്നുണ്ട്. എന്നാൽ ആ കഥയ്ക്ക് കുറച്ചുകൂടി വ്യക്തയാർന്ന ഒരു ഒടുക്കം കൊടുക്കാൻകഴിയാതെപോയത് ഒരു പോരായ്മയാണ്. പക്ഷേ, മുൻനിരനായകന്മാരുടെ പിൻബലമില്ലാതെ രണ്ടുമണിക്കൂർ കാഴ്ചക്കാരെ മുഷിപ്പിക്കാതെ പറയാനുള്ളത് വൃത്തിയായി പറയാനുള്ള സംവിധായകന്റെ ശ്രമം അഭിനന്ദനാർഹമാണ്.
വാൽക്കഷണം: ഈ കോണ്ടസ കോണ്ടസ എന്ന് പറഞ്ഞാൽ ദൈവമാണോ...? എന്ന ചന്ദ്രലേഖയിലെ പപ്പുച്ചേട്ടന്റെ ചോദ്യത്തിന് നമ്മുടെ സംവിധായകൻ കൊടുക്കുന്ന ഉത്തരം ഇതാണ്- കോണ്ടസ ഒരു ദൈവമല്ല  അതൊരു കോഡാണ്.

Content Highlights: Contessa Movie Review Appani Sarath Malayalam Movie Review Sreejith Ravi