ലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പലപ്പോഴും കുട്ടികളുടെ സിനിമ എന്ന കാറ്റഗറി ജൂറി ഒഴിച്ചിടാറാണ് പതിവ്. കാരണമെന്തെന്നാല്‍ പലപ്പോഴും ഈ വിഭാഗത്തിലേക്ക് എന്‍ട്രികള്‍പോലുമുണ്ടാകാറില്ല. അങ്ങനെ കുട്ടികള്‍ക്ക് വേണ്ടി സിനിമ എടുക്കുവാന്‍ പോലും ആരും തുനിഞ്ഞിറങ്ങാത്ത ഒരു കാലത്ത്  ഇങ്ങനെ ഒഴിഞ്ഞുകിടക്കുന്ന ആ കോളം പൂരിപ്പിക്കുകയെന്നുള്ളതുമാത്രമാണ് ചിപ്പിയുടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തിരിക്കുന്നത്.

സ്‌കൂള്‍ നാടകത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാതെപോയ കടലോരത്തെ പൊന്നു എന്ന സഹപാഠിക്ക് വേണ്ടി അവളുടെ സുഹൃത്തുക്കള്‍ ഒരു ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നതാണ് ചിപ്പിയുടെ പ്രമേയം.  
രണ്ടുമണിക്കൂറിലേക്ക് ഈ ചിത്രം വലിച്ചിഴച്ചുകൊണ്ടുപോകേണ്ടതുണ്ടോ എന്നുള്ളതാണ് കാഴ്ചക്കാരന്റെ മുന്നില്‍ ആദ്യം ഉയരുന്ന ചോദ്യം. ഒരു പ്രമേയം ആവശ്യപ്പെടുന്ന സമയത്തിനുള്ളിലേക്ക് ഒതുക്കുന്നതിനെ ഇപ്പോഴും മലയാളത്തിലെ ചലച്ചിത്രകാരന്മാരില്‍ പലരും പേടിക്കുകയാണ്. എന്നാല്‍  ഇക്വേഷനുകളുകളുടെ അകത്തേക്ക് ചലച്ചിത്രത്തെ വലിച്ചുനീട്ടുമ്പോഴാണ് അതിന്റെ തനിമ നഷ്ടപ്പെടുന്നതെന്നാണ് പലരും മനസ്സിലാക്കാതെ പോകുന്നത്. നീട്ടിവലിക്കുന്നു എന്നതിനപ്പുറം തുടക്കത്തില്‍ തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ ആറംഗ സംഘത്തിലെ കുട്ടികള്‍ പറയുന്ന പല സംഭാഷണങ്ങളും. കുട്ടികളുടെ സംഭാഷണത്തിനപ്പുറം അച്ചടിഭാഷയിലൂടെ സംസാരിക്കുന്ന കുട്ടികളടെ ദൃശ്യങ്ങളാണ് ഈ ചലച്ചിത്രത്തെ ഒരു നാടകീയതയിലേക്ക് കൊണ്ടുപോകുന്നത്. വടിയുമായി ക്യാമറക്കുപിന്നില്‍ നില്ക്കുന്നവര്‍ പറയുന്നത് ഏറ്റുചൊല്ലുന്ന പാവങ്ങളായി മാറുകയാണ് കുട്ടികളായ അഭിനേതാക്കള്‍. ഇതില്‍ ഏക അപവാദം, പൊന്നൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം മാത്രമാണ്. വിലക്കുകളില്ലാതെ മുന്‍വിധികളില്ലാതെ ഈ കുട്ടികളെ തങ്ങളുടെ സ്‌ക്രിപ്റ്റില്‍ മാത്രം ഒതുക്കുകയെന്നുള്ള അണിയറപ്രവര്‍ത്തകരുടെ ലക്ഷ്യം വിജയിച്ചെങ്കിലും ആ കഥാപാത്രങ്ങള്‍ കുട്ടികള്‍ക്കപ്പുറം തിരക്കഥാകൃത്തിന്റെ സംഭാഷണങ്ങള്‍ മാത്രം ഏറ്റുചൊല്ലുന്ന തങ്ങളുടേതായുള്ള ഒന്നും സംഭാവനചെയ്യാനില്ലാത്ത പാവകളായി പോകുകയാണ്. പരിചിത മുഖങ്ങളെകൊണ്ടുവന്നാല്‍ തീയേറ്ററിലെ കസേര നിറയുമെന്ന ധാരണയുടെ പുറത്ത് ഈ സിനിമയില്‍ സലീംകുമാര്‍, ഇന്നസെന്റ് തുടങ്ങി ഒരുകൂട്ടം ആളുകളെ നിരത്തുമ്പോള്‍ ഇവര്‍ എത്രത്തോളം ഈ സിനിമക്ക് അനിവാര്യമായിരുന്നുവെന്ന് സംവിധായകന് ധാരണയില്ലാതെ പോയി. 

ഇതുപോലെതന്നെയാണ് മണികണ്ഠനെ പോലുള്ള ഒരു കഥാപാത്രത്തിന്റെ തമാശക്കുവേണ്ടിയുള്ള സംഭാഷണങ്ങളും.  കടല്‍ ശംഖിനുള്ളില്‍, മാരിവില്ലുകളെ എന്നിങ്ങനെ മനോഹരമായ ഗാനങ്ങളും ശ്രിന്‍ഡ അഷാബിന്റെ ശോഭ എന്ന കഥാപാത്രവുമാണ്  ഈ ചിത്രം നല്കുന്ന ചെറിയ ആശ്വാസം. ഗൗരവമായ ഒരു സിനിമ എന്ന ലക്ഷ്യത്തില്‍ തുടങ്ങി പിന്നീട് തീയേറ്റര്‍ പ്രേക്ഷകരെയും ലക്ഷ്യംവെച്ചുകൊണ്ടുള്ള അഡ്ജസ്റ്റ്‌മെന്റുകളിലുള്ള ഒരു സിനിമയാക്കി മാറ്റിയപ്പോള്‍ സംഭവിച്ച ചില കൈവിടലുകളാണ് ചിപ്പിയെ അപ്പുറത്തുനിന്ന് പോന്നു, ഇപ്പുറത്തെത്തിയുമില്ലെന്ന പരുവത്തിലെത്തിച്ചത്.  

Highlight Content: Chippy Malayalam Movie, Chippy Movie