ലയാളത്തിലെ ആദ്യ ടെക്‌നോ-ഹൊറർ ചിത്രമെന്ന വിശേഷണത്തോടെയാണ് മഞ്ജു വാരിയർ-സണ്ണി വെയ്ൻ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന 'ചതുർമുഖം' പ്രദർശനത്തിനെത്തിയത്. ഫിക്ഷൻ ഹൊററിന്റെ ഒരു ഉപവിഭാഗമായ ടെക്നോ ഹൊറർ ഇന്ത്യൻ സിനിമയിൽ തന്നെ കാര്യമായി പരീക്ഷിച്ചിട്ടില്ല. സിനിമയുടെ പേര് സൂചിപ്പിക്കുന്ന നാലാമതൊരു മുഖം. അതാണ് ഈ സിനിമയുടെ കഥാഗതിയെ നിർണയിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത്. അതൊരു വ്യക്തിയല്ല എന്നതാണ് ഏറ്റവും വലിയ പുതുമ.

മഞ്ജുവിന്റെ തേജസ്വിനി, സണ്ണിയുടെ ആന്റണി, അലൻസിയറുടെ ക്ലെമെന്റ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കോളജിൽ സഹപാഠികളായിരുന്ന തേജസ്വിനിയും ആന്റണിയും തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സൊല്യൂഷൻസിന്റെ ബിസിനസ്സ് നടത്തുകയാണ്. ഫോൺ അഡിക്റ്റഡാണ് തേജസ്വിനി. രാവിലെ ഉറക്കമുണരുന്നത് മുതൽ ഉറങ്ങുന്നത് വരെ ചിത്രങ്ങളെടുക്കുകയും അതെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നതാണ് തേജസ്വനിയുടെ വിനോദം. അവളുടെ ചുറ്റും ജീവിക്കുന്നവരെ അലോസരപ്പെടുത്തുന്ന തരത്തിലാണ് തേജസ്വിനിയുടെ ഫോൺ ഉപയോഗം.

അങ്ങനെയിരിക്കെ കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാൻ നാട്ടിലെത്തിയ തേജസ്വിനിയുടെ ഫോൺ നഷ്ടമാകുന്നു. ഫോണിൽ ജീവിക്കുന്ന തേജസ്വിനിക്ക് സ്മാർട്ട് ഫോണില്ലാതെ ഒരു ദിനം തള്ളി നീക്കുക എന്നത് ഏറെ ദുഷ്‌കരമാണ്. കയ്യിൽ ആവശ്യത്തിന് പണമില്ലാത്തതിനാൽ നല്ല വിലകൊടുത്ത് സ്മാർ്ട്ട് ഫോൺ വാങ്ങാനും സാധിക്കുകയുമില്ല. ഫോണിനുള്ള തിരിച്ചിലിനിടയിൽ ഒരു പ്രാദേശിക വെബ്‌സൈറ്റിൽ  4500 രൂപ വിലയുള്ള 'ലിസ' എന്ന കമ്പനിയുടെ സ്മാർട്ട് ഫോണിൽ തേജസ്വിനിയുടെയും ആന്റണിയുടെയും കണ്ണുടക്കുന്നു.  'ലിസ'  തേജസ്വിനിയുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന ദൂരൂഹവും ഭീതിയും നിറഞ്ഞ സംഭവങ്ങളാണ് കഥാഗതിയെ ത്രില്ലിങ് മൂഡിലെത്തിക്കുന്നത്.  

പതിവു പ്രേതപടങ്ങളിൽ കാണുന്ന പോലെ  സാരിയുടുത്ത പ്രേതമോ പ്രേതബാധയുള്ള വീടോ മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെയാണ് കഥ പറയുന്നത്. ശാസ്ത്ര നിർവചനങ്ങൾക്ക്  അതീതമായ ഒരു ഊർജ്ജത്തെ ശാസ്ത്രം കൊണ്ട് നേരിടുന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ഭീതിയുടെയും മരണത്തിന്റെയും കാഴ്ചകൾ നിറച്ച് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ സംവിധായകരായ രഞ്ജീത്ത് കമല ശങ്കറിനും സലിൽ വിയ്ക്കും സാധിച്ചിട്ടുണ്ട്. മഞ്ജു വാര്യർ, സണ്ണി വെയ്ൻ, അലൻസിയർ.  മൂവരുടെയും പ്രകടനം പ്രേക്ഷകരെ നിരാശപ്പെടുത്തുകയില്ല.  

അഞ്ചര കോടി മുതൽമുടക്കിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസ്സിന്റെ ബാനറിൽ മഞ്ജുവാര്യർ പ്രൊഡക്ഷൻസുമൊത്ത് ചേർന്ന് ജിസ്സ് ടോംസും ജസ്റ്റിൻ തോമസ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിഷ്വൽഗ്രാഫിക്‌സിനും സൗണ്ട് ഡിസൈനിങിനും ഏറെ പ്രധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുണ്യാളൻ അഗർബത്തീസ്, സു...സു...സുധി വാൽമീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആമേൻ, ഡബിൾ ബാരൽ, നയൻ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദൻ രാമാനുജമാണ്. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധർ, കലാഭവൻ പ്രജോദ് തുടങ്ങി വലിയൊരു താരാനിര ചിത്രത്തിൽ അണിനിരക്കുന്നു.

Content Highlights : Chathurmukham movie review Manju Warrier Sunny Wayne Alancier