കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഢനം പ്രമേയമാക്കിയ സിനിമയാണ് ചാണക്യതന്ത്രം. ദിനേന റിലീസാവുന്ന മലയാള സിനിമാ നാടകങ്ങളുടെ കണക്കു പുസ്തകത്തിലേക്ക് ഒരു സിനിമ കൂടി എന്നതാണ് തുടക്കത്തിൽ ഈ ചാണക്യസൂത്രം ഉണ്ടാക്കുന്ന പ്രതീതി. എന്നാൽ അനൂപ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രം കടന്നു വരുന്നതോടുകൂടി സിനിമക്ക് അൽപം ഗൗരവസ്വഭാവം കൈവരുന്നുണ്ട്.
  
ക്രിമിനോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ അർജുൻ റാം മോഹൻ ( ഉണ്ണി മുകുന്ദൻ ) കൊച്ചിയിലെ ഒരു സ്വകാര്യ പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസിയിൽ ഉദ്യോഗസ്ഥനായി എത്തുകയാണ്. മിക്ക പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസിയെയും പോലെ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ പല സ്ഥാപനങ്ങൾക്കും വേണ്ടി ശേഖരിക്കുകയാണ് അർജുൻ. ഏൽപ്പിക്കപ്പെട്ട ജോലികൾ വളരെ പെട്ടെന്ന് പൂർത്തിയാക്കുന്ന അർജുൻ  മാനേജിംഗ് ഡയറക്ടറായ ഐറിൻ (ശിവദ നായർ )ഉൾപ്പെടെ സ്ഥാപനത്തിന്റെ തലപ്പുത്തുള്ള മിക്കവരുടേയും പ്രീതി നേടുന്നു. എന്നാൽ താൻ ആരെക്കുറിച്ചൊക്കെ അന്വേഷിച്ച്  ഏജൻസിക്ക് വിവരങ്ങൾ കൈമാറിയോ അവരെല്ലാം ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെടുന്നുവെന്ന് അയാൾ അറിയുന്നു. അതോടുകൂടി ആരാണ് ഈ മരണങ്ങൾക്ക് പിന്നിലെന്നും എന്താണ് അവരുടെ ലക്ഷ്യമെന്നുമുളള  അന്വേഷണത്തിലേക്ക് അർജുൻ നീങ്ങുന്നു. ഈ സമയത്ത് തന്നെ പിന്തുടരുന്ന ഇക്ബാൽ ( അനൂപ് മേനോൻ) എന്നയാളുടെ കൈകളിൽ അർജുൻ എത്തിപ്പെടുകയാണ്. തുടർന്നുള്ള സംഭവവികാസങ്ങളാണ് സിനിമയിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 

പ്രേക്ഷകനെ ഒരിക്കലും ചെറുതാക്കി കാണരുതെന്ന പ്രാഥമിക ധാരണയില്ലാത്തവരാണോ നമ്മുടെ ചലച്ചിത്രകാരന്മാർ എന്ന ചോദ്യമാണ് ഈയടുത്ത് വന്ന പല മലയാള സിനിമകളും കാണുമ്പോൾ ആദ്യമുയരുന്നത്. ചില സമയത്ത് ഈ സിനിമയും അത്തരമൊരു തോന്നൽ ഉണ്ടാക്കുന്നുണ്ട്. ദിനേഷ് പള്ളത്ത് എന്ന തിരക്കഥാകൃത്തിന്റെ മികവ് പ്രത്യേക പരാമർശമർഹിക്കുന്നുണ്ട്. 

Content Highlights: Chanykathanthram Review Malayalam Movie Review UnniMukundan Shivada