ന്മനിറഞ്ഞ ഒരു നാട്, സംസ്‌കാരം, കുറേ മനുഷ്യർ... അതിലുമുപരി കൃത്യമായ രാഷ്ട്രീയം പറയുന്ന സിനിമയാണ് ഒരിടവേളയ്ക്കുശേഷം മോഹൻ കുപ്ലേരി സംവിധാനം ചെയ്ത 'ചന്ദ്രഗിരി'. ഉത്സവങ്ങളെയും ആഘോഷങ്ങളെയും മതേതരമായി കൊണ്ടാടുന്ന, തെയ്യവും യക്ഷഗാനവുമുറയുന്ന, സപ്തഭാഷകളുടെ സംഗമഭൂമിയായ കാസർകോട്ടെ ഒരു അതിർത്തിഗ്രാമമാണ് ടൈറ്റിലിലെ ചന്ദ്രഗിരി. തലയുയർത്തിനിൽക്കുന്ന കോട്ടകൾ, കശുമാവിൻ തോപ്പുകൾ തുടങ്ങിയവ ഷാജികുമാറിന്റെ ക്യാമറയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഏറെനാൾ നിൽക്കുമെന്നുറപ്പ്.

ഗ്രാമവാസികൾക്ക് ഏറെ പ്രിയങ്കരനാണ് എ.യു.പി. സ്‌കൂളിലെ പ്രധാനാധ്യാപകനായ രാഘവൻ മാസ്റ്റർ (ലാൽ). പാഠപുസ്തകങ്ങൾ മാത്രമല്ല, പരിസ്ഥിതിയും സഹജീവിസ്‌നേഹവും ഒക്കെ ചേർന്നതാണ് വിദ്യാഭ്യാസമെന്ന് മാസ്റ്റർ കുട്ടികളെ പഠിപ്പിക്കുന്നു.

കമ്മട്ടിപ്പാടത്തിലൂടെ വന്ന ഷോൺ റോമി, മാസ്റ്ററുടെ മകളായ ദയ എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറുന്നു. വീൽച്ചെയറിൽ ജീവിതം നയിക്കുന്ന, ജീവിതത്തോട് തോൽക്കാൻ മനസ്സില്ലാത്ത, ദയയും മാസ്റ്ററും തമ്മിലുള്ള രംഗങ്ങൾ അച്ഛൻ-മകൾ ആത്മബന്ധത്തെ മനോഹരമായി വരച്ചിടുന്നു.

സ്‌കൂൾ അടച്ചുപൂട്ടാൻ ശ്രമിക്കുന്ന പട്ടേലർ എന്ന മാനേജരും (ഹരീഷ് പേരടി) അതിനെ പ്രതിരോധിക്കാനുള്ള മാസ്റ്ററുടെ ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പക്ഷേ, ഗൗരവകരമായ വിഷയങ്ങളെ കൈകാര്യം ചെയ്യാൻ സിനിമയ്ക്കായി. എൻഡോസൾഫാൻ എന്ന ദുരന്തം, ജനകീയസമരം, അതിജീവനം തുടങ്ങിയവയെ അതിന്റെ പൂർണതയിലെത്തിക്കാൻ ആയില്ലെങ്കിലും ഓർമപ്പെടുത്തലായി ഇവിടെ വരച്ചിടുന്നു.

അതിനിടെ 2,080 ഹെക്ടറിൽ പരന്നുകിടക്കുന്ന കശുമാവിൻ തോട്ടത്തിൽ അടിക്കുന്ന കീടനാശിനിയും അതേത്തുടർന്ന് തലമുറകളെ പിന്തുടരുന്ന മഹാദുരന്തവുമാണ് പട്ടേലറും മാസ്റ്ററും തമ്മിലുള്ള ശത്രുതയുടെ ഫ്ലാഷ്ബാക്ക്. കശുമാവിൻ തോട്ടത്തോടുചേർന്ന് ഒരു വലിയ മദ്യനിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുവേണ്ടി സ്‌കൂൾ അടച്ചുപൂട്ടാൻ ശ്രമിക്കുന്ന പട്ടേലറാണ് ഇന്നിന്റെ കാഴ്ച. സിനിമയിലുണ്ടായിരുന്ന ഒഴുക്ക് രണ്ടാംപകുതിയിലെ അവസാന മുക്കാൽ മണിക്കൂറിൽ നഷ്ടപ്പെടുന്നു.

യക്ഷഗാനത്തിലെ 'സന്താനഗോപാലം' കഥയെ ഒരു പ്രതീകമായി, കാലമേറ്റെടുക്കാൻ പോകുന്ന ഒരു സമരമായി പകർന്നാടുന്ന മാസ്റ്ററാണ് പിന്നീട് വിസ്മയിപ്പിക്കുന്നത്. ലാൽ എന്ന നടന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. പക്ഷേ, മികച്ചൊരു തിരക്കഥയുടെ അഭാവം ചന്ദ്രഗിരിക്ക് തിരിച്ചടിയാണ്. ഉപയോഗിക്കാൻ കൈയിലേറെയുണ്ടായിരുന്നിട്ടും അതിന് സംവിധായകനും തിരക്കഥാകൃത്തിനും കഴിയാതെപോയി.

ഓരോ മലയാളിയുടെയും ജീവിതം കൂടിയാണ് ചന്ദ്രഗിരി. ലോകത്തിന്റെ പലയിടങ്ങളിലും ചന്ദ്രഗിരിയുണ്ട്. ചന്ദ്രഗിരിയിലേതുപോലെയുള്ള മനുഷ്യരുണ്ട്. കാലാതിവർത്തിയായ, ദേശാതിവർത്തിയായ ഒരു ജീവിതചിഹ്നമാണീ ചിത്രം. കശുവണ്ടിക്ക് മനുഷ്യജീവിതങ്ങളേക്കാൾ പ്രാധാന്യം നൽകുന്ന ഒരു കാലത്തിന്റെകൂടി ചിഹ്നം.

Content Highlights:  chandragiri malayalam movie review mohan kupleri lal