അകാലത്തില്‍ അന്തരിച്ച കലാഭവൻ മണി എന്ന അതുല്യപ്രതിഭയെക്കുറിച്ചുള്ള സിനിമയാണ് 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്നാണ് സിനിമ പുറത്തിറങ്ങും മുന്‍പ് സംവിധായകൻ അവകാശപ്പെട്ടത്. എന്നാൽ ഇതൊരു ബയോപിക് അല്ല എന്നാണ് ആദ്യകാഴ്ചയില് മനസ്സിലാകുന്നത്. യഥാര്‍ഥ ജീവിതത്തെ അധികരിച്ച് ഒരുക്കിയ ടിപ്പിക്കല് ഫിക്ഷന്‍ ആണ് സിനിമ. അതേസമയം അത് നമുക്ക് പരിചയമുള്ള കലാഭവന്‍ മണിയുടെ ജീവിതത്തെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ഈയൊരു കളത്തില്‍ നിന്നുവേണം സിനിമയെ വിലയിരുത്താന്‍, ഒന്ന് ഒരു ജീവചരിത്രമായി, രണ്ട് ഒരു സിനിമയായി. ആദ്യമേ ലളിതമായ സത്യം പറയാം. രണ്ടുനിലയിലും വിജയമല്ല ചാലക്കുടിക്കാരൻ ചങ്ങാതി.
പേരുകള്‍ എത്രമാറ്റിയാലും സംഭവബഹുലമായ മണിയുടെ ജീവിതം തന്നെയാണ് സിനിമ. അതില്‍ മണി പലകുറിയായി പറഞ്ഞ കഥകളും ഒടുവില്‍ മണി പറയാതെപോയ മരണത്തിന്റെ കഥയും ചേര്‍ത്തുവച്ചിട്ടുള്ള പ്ലോട്ടാണ് സിനിമയ്ക്കുള്ളത്. മണി പറഞ്ഞ കഥകള്‍ വിനയൻ അതിവിനയത്തിന്റെയും നന്മയുടെയും കഥകളില്‍ ചാലിച്ചു പറയുമ്പോള്‍ മരണത്തിന്റെ കഥ അതിശയോക്തി കലര്‍ത്തി പറയുന്നു. മണിയുടെ മരണത്തെക്കുറിച്ചുള്ള കേട്ടുകേള്‍വികളാണ് സിനിമയുടെ ക്ലൈമാക്സ്.
കലാഭവന്‍ മണിയെപ്പോലൊരു ബഹുമുഖപ്രതിഭയുടെ ജീവിതത്തെ അടയാളപ്പെടുത്താനുള്ള ശേഷിയൊന്നും രചനയിലോ അവതരണത്തിലോ ഇല്ല. നാടുമുഴുവന്‍ നന്മ ചൊരിയുന്ന നന്മമരമായി മാത്രം സംഭവബഹുലമായ ആ വലിയ ജീവിതം ചുരുങ്ങി. ദളിത് കലാകാരന്‍, മിമിക്രിക്കാരന്‍ നാടന്‍പാട്ടുകാരന്‍, ജീവിതം മുഴുവൻ നേരിട്ട വെല്ലുവിളികളെ മറന്ന് തെന്നിന്ത്യ മുഴുവൻ പ്രശസ്തനായ നടൻ, അന്തമില്ലാത്ത വിവാദങ്ങള്‍, ഒടുവില്‍ ദുരൂഹമായ മരണം അങ്ങനെ സംഭവബഹുലമായ ജീവിതത്തിന് ഉടമയായ മണിയെ രാജാമണി എന്ന സാങ്കല്‍പിക കഥാപാത്രമാക്കി അവതരിപ്പിച്ചപ്പോള്‍ എന്താണ് പറയേണ്ടത്, എവിടെയാണ് തുടങ്ങേണ്ടത് എന്ന് നിശ്ചയമില്ലാതായിപ്പോയി. മണിയടക്കം എല്ലാ കഥാപാത്രങ്ങളും സാങ്കല്‍പികമാണ്.
ഇൻഡസ്ട്രിയില്‍ നിലവിലുള്ള ഓരോരുത്തര്‍ക്കുമുണ്ട് ഒരു അപരന്‍. ഈ അപരന്മാരെല്ലാവരും ചേര്‍ന്ന് സൃഷ്ടിക്കുന്ന സിനിമാസെറ്റുകളോ മറ്റൊരു അപരലോകം. ദീര്‍ഘകാലം സിനിമാവ്യവസായത്തില്‍ പരിചയമുള്ള ഒരാളാണ് സിനിമയിലെ ഉള്ളുകളികളെക്കുറിച്ച് പറയുന്നത് എന്ന് അനുഭവപ്പെടുന്നില്ല. പല രംഗങ്ങളും മറ്റു പലരെയും പരിഹസിക്കുക ലക്ഷ്യമിട്ടാകുമ്പോൾ മണിയുടെ കഥ എവിടെയും മുഴങ്ങാതെപോകും.
രാജാമണിയെ അവതരിപ്പിക്കുന്നത് പുതുമുഖം സെന്തിലാണ്. മുഖത്ത് ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും പ്രകടനത്തില്‍ അങ്ങനെയല്ല. മണിയെ അവതരിപ്പിക്കാനുള്ള നടന്റെ സെലക്ഷൻ തെറ്റിയില്ല. സലിംകുമാര്‍, ധര്‍മജന്‍, ജോജു, വിഷ്ണു ഗോവിന്ദൻ, ഹണി റോസ്, കോട്ടയം നസീര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അവസാനമായി സിനിമയെക്കുറിച്ച് ഒന്നേ പറയാനുള്ളു. ഇതാവേണ്ടിയിരുന്നില്ല മണിയെക്കുറിച്ചുള്ള സിനിമ. ഇത്രമേല്‍ നിര്‍ഗുണമായ ഒരു കഥയായിരുന്നില്ല ആ നായകന്റേത്.
Content Highlights: chalakkudikkaran changathi movie movie review vinayan kalabhvan mani rajamani biopic cinema death