പണക്കൊഴുപ്പിന്റെ പൊങ്ങച്ചങ്ങളോ താരപ്രൗഢിയുടെ അകമ്പടിയോ ഇല്ലാതെ, അതിശയോക്തിയില്ലാത്ത അമാനുഷികതയെ കൂട്ടുപിടിച്ചുള്ള കാലികമായ വസ്തുതകളുടെ അവതരണമാണ് കെയര്‍ഫുള്‍., വി.കെ.പ്രകാശ് സംവിധാനം ചെയ്ത് സസ്‌പെന്‍സ് ത്രില്ലറെന്ന ലേബലില്‍ എത്തിയ കെയര്‍ഫുള്‍ എന്ന ചിത്രത്തെ ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.
സിനമയുടെ പരമ്പരാഗത കാഴ്ചപ്പാടുകള്‍ പ്രകാരം എടുത്തു പറയാന്‍ നായകനും നായികയും ചിത്രത്തിലില്ലെങ്കിലും വിജയ് ബാബുവിന്റെയും പുതുമുഖമായ സന്ധ്യ രാജുവിന്റെയും കഥാപാത്രങ്ങളെ എടുത്തു പറയേണ്ടതുണ്ട്. സന്ധ്യയുടെ ആദ്യ ചിത്രമാണെങ്കിലും, ആ പരിചയക്കുറവ് വേഷപ്പകര്‍ച്ചയില്‍ ഒട്ടും തന്നെ പ്രകടമാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. പോലീസ് വേഷങ്ങള്‍ നേരത്തെയും കൈകാര്യം ചെയ്തിട്ടുള്ള വിജയ് ബാബുവിന്റെ കെയര്‍ഫുളിലെ വേഷം തീര്‍ത്തും വ്യത്യസ്ഥമാണ്. വലിയൊരു ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ജോമോള്‍ ചിത്രത്തില്‍ സുപ്രധാന വേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നു.
തിരക്കഥയും ഛായാഗ്രഹണവുമാണ് എടുത്തു പറയാനുള്ള മറ്റു പ്രത്യേകതകള്‍. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. അച്ചടക്കമുള്ള തിരക്കഥ പ്രേക്ഷകരെ ചിത്രത്തില്‍ പിടിച്ചിരുത്തുന്നുണ്ട്. വലിച്ചുനീട്ടിയ സംഭാഷണങ്ങള്‍ ഒഴിവാക്കി അഭിനേതാക്കള്‍ക്ക് ഏറെ ചെയ്യാനുള്ള തരത്തിലും തിരക്കഥയൊരുക്കാന്‍ രാജേഷ് ജയരാമന് സാധിച്ചു.
കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് മുഖവുരയില്ലാതെ തന്നെ ത്രില്ലര്‍ സ്വഭാവത്തിലേക്ക് വഴിമാറുന്നു. ഈ രണ്ട് സ്വഭാവങ്ങളും വൈകാരികമായി തന്മയത്വത്തോടെ പകര്‍ത്താന്‍ ഛായാഗ്രാഹകന്‍ ധനേഷ് രവീന്ദ്രനാഥിന് സാധിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങളുടെ കാരണം തേടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍ ആദ്യാവസാനം തീര്‍ത്തും വ്യത്യസ്തമായ സസ്‌പെന്‍സുകള്‍ കാത്തുവയ്ക്കാന്‍ ചിത്രം ശ്രദ്ധിക്കുന്നുണ്ട്. കേരളത്തിലെ സമകാലിക ട്രാഫിക് സംസ്‌കാരത്തെ അസാധാരണമായ രീതിയില്‍ വിമര്‍ശിക്കുന്നുണ്ട് ചിത്രം. വാഹനാപകടങ്ങള്‍ കവരുന്നവരുടെ കുടുംബങ്ങളെ പ്രത്യക്ഷമായി പ്രതിനിധീകരിക്കുന്നതോടൊപ്പം ചെറിയ നിയമലംഘനങ്ങള്‍ പോലും എത്രയോ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന സന്ദേശവും ചിത്രം നല്‍കുന്നു.
സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിനീത് കുമാര്‍, പാര്‍വതി നമ്പ്യാര്‍, അശോകന്‍, ശ്രീജിത്ത് രവി, കൃഷ്ണകുമാര്‍ തുടങ്ങിയ താരനിര ഏച്ചുകെട്ടുകളില്ലാത്ത വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. നായകന്‍ നായിക സങ്കല്‍പ്പങ്ങള്‍ക്കപ്പുറം ഓരോ കഥാപാത്രങ്ങള്‍ക്കും വലിയ പ്രാധാന്യം ചിത്രം നല്‍കുന്നുണ്ട്. അതേ രീതിയില്‍ കഥാപാത്രങ്ങളോട് കൂറ് പുലര്‍ത്തുന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കുന്നുണ്ട്.
ചിരിയുടെയോ കരച്ചിലിന്റെയോ ആസ്വാദനരാഷ്ട്രീയമല്ല കെയര്‍ഫുള്‍ പറയുന്നത്, മറിച്ച് കാലികമായ വസ്തുതകളുടെ ഓര്‍മപ്പെടുത്തലാണ്. ഈ തുറന്നു പറച്ചില്‍ തന്നെയാണ് ചിത്രം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയവും.