ലയാളത്തില്‍ ഇല്ലെന്നു തന്നെ പറയാവുന്ന വിഭാഗത്തില്‍പ്പെടുത്താവുന്നവയാണ് സ്‌പോര്‍ട്‌സ് ബയോപിക്കുകള്‍. മലയാളത്തില്‍ മുന്‍മാതൃകകള്‍ ഇല്ലാത്ത അത്തരത്തിലൊരു കായികജീവചരിത്രസിനിമയെ വികാരഭരിതവും അതേസമയം സത്യസന്ധവുമായി അവതരിപ്പിക്കുക എന്നത് വെല്ലുവിളിയാണ്.  നവാഗതനായ ജി. പ്രജേഷ്‌സെന്നിന്റെ ക്യാപ്റ്റന്‍ എന്ന സിനിമ ആകര്‍ഷണീയമാകുന്നത് അവിടെയാണ്. അതും ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ സെല്‍ഫ്‌ഗോളടിച്ചു പരാജയത്തില്‍ അവസാനിച്ച ഒരു വീരനായകന്റെ കഥ.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായ, ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട എക്കാലത്തേയും മികച്ച പ്രതിരോധഭടന്മാരിലൊരാളയ വി.പി. സത്യനെക്കുറിച്ചുള്ള സിനിമയാണ് ക്യാപ്റ്റന്‍. സിനിമയുടെ ടാഗ്‌ലൈന്‍ ദി അണ്‍സംഗ് ഹീറോ, പാടിപ്പുകഴ്ത്താത്ത നായകന്‍ എന്ന ടാഗ്‌ലൈനിനെ ശരിവക്കും വിധം സത്യന്‍ എന്ന നായകന്റെ കഥയാണ് ക്യാപ്റ്റന്‍. കളിയുണ്ട് കാര്യമുണ്ട്, പ്രണയമുണ്ട്, നാടകീയതയുണ്ട്, എല്ലാത്തിനും മേലെ പരാജിതന്റെ വിഷാദവുമുണ്ട്. ഈ ഘടകങ്ങളെയെല്ലാം ഒരു തുടക്കക്കാരന്റെ കൈക്കുറ്റപ്പാടുകളില്ലാതെ, റിയലിസ്റ്റിക്കാകേണ്ടത് റിയലിസ്റ്റിക്കായും നാടകീയമാകേണ്ടിടത്ത് അങ്ങനെയും ഭാവന വേണ്ടിടത്ത് അങ്ങനെയും ചേര്‍ന്ന് പ്രജേഷ്‌സെന്‍ ഒരുക്കിയിട്ടുണ്ട്. അതും നടന്‍ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നൊരുക്കി. വി.പി. സത്യനായി വേഷമിടുന്ന ജയസൂര്യയ്‌ക്കൊപ്പം സത്യന്റെ ഭാര്യ അനിതയായി അനു സിത്താരയും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അനിത എന്ന കഥാപാത്രത്തിന് ഏറെ പ്രധാന്യമുള്ള തരത്തില്‍ അല്ലെങ്കില്‍ അനിത കണ്ട സത്യന്‍ എന്ന ഫുട്‌ബോളര്‍ എന്ന തരത്തിലാണോ സിനിമയുടെ ആഖ്യാനത്തിന് ഊന്നല്‍ എന്നുപോലും തോന്നിപ്പിക്കുന്നുണ്ട്. സത്യനൊപ്പം തന്നെ പ്രധാന്യമുള്ള കഥാപാത്രമായി അനിതയെ അവതരിപ്പിക്കുന്നതുകൊണ്ട് ഒരു ഡോക്യൂമെന്ററി സ്വഭാവത്തിലുള്ള സ്‌പോര്‍ട്‌സ് സിനിമ ആകേണ്ടതിനുപകരം തീവ്രമായ വൈകാരികതലമുള്ള സ്‌പോര്‍ട്‌സ് ലൈഫ് ഡ്രാമ ആകാന്‍ സിനിമയ്ക്കു സാധിക്കുന്നുണ്ട്. ദീര്‍ഘമായ കാലയളവിലൂടെയുള്ള കഥപറച്ചിലിനെ മുഷിപ്പില്ലാതെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നതും ഈ ഒരു ട്രീറ്റ്‌മെന്റാണ്.

12 വര്‍ഷങ്ങള്‍ക്കുമുമ്പാണ് വി.പി. സത്യന്‍ എന്ന ഫുട്‌ബോള്‍ താരം വിഷാദത്തിന്റെ വലയില്‍ കുടുങ്ങി ട്രെയിനുമുന്നില്‍ ചാടി ജീവനൊടുക്കിയത്. ജയസൂര്യ അവതരിപ്പിക്കുന്ന വി.പി. സത്യന്‍ ചെന്നൈ പല്ലാവാരത്തുള്ള റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നിരുന്നു ജീവിതം അവസാനിപ്പിക്കുന്നതിനുമുമ്പ് തന്നിലേക്കു തന്നെ തിരിഞ്ഞുനോക്കുന്ന തരത്തിലാണ് സിനിമയുടെ അവതരണം. 1992ല്‍ സത്യന്റെ ക്യാപ്റ്റന്‍സിയില്‍ കേരളം സന്തോഷ് ട്രോഫി ജയിക്കുന്നതു മുതല്‍ 2006 വരെയുള്ള കാലഘട്ടങ്ങളിലൂടെ സിനിമ ഓട്ടപ്രദക്ഷിണം നേരിടുന്നത്. ചെറുപ്പകാലത്ത് കാലിനേറ്റ പരുക്കും അതു കരിയറിലും പിന്നീടും ജീവിതത്തിലും സത്യനുണ്ടാക്കിയ പ്രതിസന്ധികളാണ് സിനിമയുടെ ഫോക്കല്‍ പോയിന്റ്. അതിനിടയില്‍ അനിതയമായുളള വിവാഹം, പോലീസ് സര്‍വീസില്‍ നേരിട്ട വെല്ലുവിളികള്‍, വിഷാദം എന്നിവയെ പലതരത്തില്‍ സ്പര്‍ശിച്ചാണ് സിനിമ മുന്നേറുന്നത്. 
ആദ്യപകുതിയിലാണ് കളിക്കളത്തിലെ സത്യനിലേക്കു സിനിമ നോക്കുന്നത്. രണ്ടാംപകുതിയില്‍ ഇടയ്ക്കുവച്ചു പിന്മാറേണ്ടിവന്ന വിഷാദചിത്തനായ സത്യനെയാണ് അവതരിപ്പിക്കുന്നത്.
 
സ്‌പോര്‍ട്‌സ് സിനിമയകള്‍ പൊതുവേ വിജയത്തിലവസാനിച്ച് ആഘോഷിക്കുന്നവയാണ്. എന്നാല്‍ ആരോടും പറയാതെ ജീവിതം അവസാനിപ്പിച്ച ഒരു കായികതാരത്തെക്കുറിച്ചുള്ള സിനിമ ആ വിജയത്തിന്റെ നേര്‍വിപരീതമാണ്. അതുകൊണ്ടുതന്നെ ആ സിനിമയുടെ അവതരണം വെല്ലുവിളിയാണ്. എന്നാല്‍ കൃത്യമായ ഗവേഷണത്തോടെയുള്ള രചനയ്ക്ക്, അതിനാടകീയതയില്ലാത്ത അവതരണത്തിന് ഈ വെല്ലുവിളി ഏറ്റെടുക്കാനാകുന്നുണ്ട്. രചനയും പ്രജേഷ് തന്നെയാണ്. രണ്ടാം പകുതിയില്‍ സിനിമ പലയിടത്തും മെല്ലെയാകുന്നുണ്ട്. അനിവാര്യമായ ദുരന്തത്തിലേക്കു നീങ്ങുന്നതിന്റെ ഒഴുക്കില്ലായ്മ ചിലയിടത്തു പ്രകടവുമാണ്. അത് കണ്ടില്ലെന്നു നടിക്കാം. 1983 എന്ന സിനിമയില്‍ ക്രിക്കറ്റിനെക്കുറിച്ചെന്നപോലെ തന്നെ ഫുട്‌ബോള്‍ നൊസ്റ്റാള്‍ജിയയെയും സിനിമ സമര്‍ഥമായി ഉപയോഗിക്കുന്നുണ്ട്.
 
കാസ്റ്റിങ് വളരെ ശ്രദ്ധേയമാണ്. കളിക്കളത്തിലുള്ള സത്യനായി ജയസൂര്യ ചിലയിടത്ത് ഫ്‌ളെക്‌സിബിള്‍ അല്ല എന്നു തോന്നിച്ചപ്പോള്‍ കളത്തിനുപുറത്തെ സത്യനായി ജയസൂര്യ കസറി. നിരാശയുടെ ഉന്മത്തതയില്‍ നില്‍ക്കുമ്പോള്‍ ഭാര്യയുമായി കലഹിക്കുന്ന രംഗമൊക്കെ ഗംഭീരമാണ്. അനു സിത്താരയും ചില രംഗങ്ങളില്‍ ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത്. കളിക്കാരായിട്ടുള്ളവരില്‍ ഷറഫലിയെ അവതരിപ്പിച്ച ദീപക് ഒഴികെയുള്ളവര്‍ പ്രഫഷണല്‍ കളിക്കാരായിരിക്കണം. അതിന്റെ മികവ് കായികരംഗങ്ങളുടെ അവതരണത്തിലുണ്ട്. ഏതാനും രംഗങ്ങളേ ഉള്ളുവെങ്കിലും സിദ്ധിഖ് കസറി. റോബി വര്‍ഗീസ് രാജിന്റെ ഛായാഗ്രഹണവും ശ്രദ്ധേയം. ഗോപിസുന്ദറാണ് സിനിമയുടെ സംഗീതവും പശ്ചാത്തലസംഗീതവും. സിനിമയിലെ ഏറ്റവും മോശം ഘടകം ആ പശ്ചാത്തലസംഗീതമാണ്. ഏറെക്കുറെ റിയലിസ്റ്റിക്കായി പറഞ്ഞ സിനിമയെ അസ്ഥാനത്തും തുടര്‍ച്ചയായും പ്രയോഗിച്ച  പതിവുശൈലിയിലുള്ള പശ്ചാത്തലസംഗീതം കൊണ്ട മെലോഡ്രാമയുടെ ഫീലാണ് സൃഷ്ടിച്ചത്.

റേറ്റിങ്: 3.5 സ്റ്റാര്‍