മാലിക്കിന്റെ വരവിന് മുന്നോടിയായി ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ ടീം ഒരുക്കിയ പരീക്ഷണ ദൃശ്യവിരുന്നെന്ന് സീ യു സൂണിനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. കമ്പ്യൂട്ടർ സ്ക്രീനിലൂടെയും സ്മാർട്ട് ഫോൺ സ്ക്രീനിലൂടെയും മാത്രം കഥ പറയുന്ന ചിത്രം പുതിയൊരു കാഴ്ചാനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ രണ്ടാമത്തെ മലയാള സിനിമയായ സീ യു സൂൺ അതിന്റെ പ്രമേയവും അവതരണശൈലിയും കൊണ്ടാണ് മികച്ചുനിൽക്കുന്നത്.

ടേക്ക് ഓഫിൽ നിന്ന് സീ യു സൂണിലേക്ക് എത്തുമ്പോഴും യഥാർഥ സംഭവത്തെയാണ് മഹേഷ് നാരായണൻ കൂട്ടുപിടിച്ചിരിക്കുന്നത്. 2016 ൽ ഖത്തറിൽ മലയാളികളടങ്ങുന്ന വൻ സെക്സ് റാക്കറ്റിനെ അറസ്റ്റ് ചെയ്ത സംഭവമാണ് സിനിമയ്ക്കാധാരമായി ഇത്തവണ മഹേഷ് നാരായണൻ തെരഞ്ഞെടുത്തിരിക്കുന്നത്. ദുബായ് ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന ജിമ്മി കുര്യൻ ( റോഷൻ മാത്യു), ഐടി പ്രഫഷണൽ കെവിൻ തോമസ് ( ഫഹദ് ഫാസിൽ), അനു സെബാസ്റ്റ്യൻ ( ദർശന രാജേന്ദ്രൻ) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ ജിമ്മി അനുവിനെ പരിചയപ്പെടുകയും തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും ചെയ്യുന്നു. തങ്ങളുടെ പ്രണയവിവരം ജിമ്മി അമേരിക്കയിൽ താമസിക്കുന്ന അമ്മയോടും (മാലാ പാർവതി) മറ്റ് കുടുംബാംഗങ്ങളെയും അറിയിക്കുന്നു. അനുവിനെ കുറിച്ച് ബന്ധുവായ കെവിൻ തോമസ് വഴി കൂടുതൽ അന്വേഷണം നടത്തിയ ശേഷം അമ്മ ഇവരുടെ ബന്ധത്തിന് സമ്മതം മൂളുന്നു. പിന്നാലെ ആകസ്മികമായുണ്ടാകുന്ന സംഭവങ്ങളെ തുടർന്ന് അനുവിനെ ജിമ്മി വിവാഹത്തിന് മുമ്പേ ഫ്ളാറ്റിലേക്ക് കൊണ്ടുവരികയും ഒന്നിച്ച് താമസിക്കേണ്ടിയും വരുന്നു. സന്തോഷകരമായ അവരുടെ ദിവസങ്ങളിലൊന്നിൽ അനു അപ്രത്യക്ഷയാകുന്നു. പിന്നാലെ ജിമ്മിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. എന്താണ് അനുവിന് സംഭവിച്ചതെന്നറിയാനും നിസ്സാഹയനായ ജിമ്മിയെ സഹായിക്കാനും കെവിൻ നടത്തുന്ന അന്വേഷണത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇതോടെ സിനിമയക്ക് ത്രില്ലിങ് സ്വഭാവം കൈവരുന്നുണ്ട്.

ഐടി മേഖലയിലെ തൊഴിലാളികളുടെ ജോലി സമ്മർദ്ദവും കെവിനിലൂടെ സംവിധായകൻ തുറന്നു കാട്ടുന്നുണ്ട്. ഓൺലൈൻ ഡേറ്റിങ് ആപ്പ് പ്രൊഫലിൽ ആരംഭിക്കുന്ന ചിത്രം അവസാനിക്കുന്നത് വാട്സാപ്പ് മെസേജ് ബോക്സിലാണ്. ദർശന രാജേന്ദ്രൻ(അനു), റോഷൻ മാത്യു(ജിമ്മി), ഫഹദ് ഫാസിൽ (കെവിൻ) എന്നിവരുടെ മികവാർന്ന അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരുപിടി സിനിമകളിൽ സഹനടി റോളിൽ സാന്നിധ്യമറിയിച്ച ദർശനയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയാണ് അനു സെബാസ്റ്റ്യൻ എന്ന കഥാപാത്രം. പ്രണയം, വിരഹം, അതിജീവനം തുടങ്ങി അനു നേരിടേണ്ടി വരുന്ന എല്ല സന്ദർഭങ്ങളെയും സുന്ദരമായി ദർശന പകർന്നാടുന്നു. മലയാള നായിക നിരയിലേക്ക് ദർശന വരുംനാളുകളിൽ മികച്ച കഥാപാത്രങ്ങളുമായി സാന്നിധ്യമുറപ്പിക്കുമെന്ന് സീ യു സൂൺ സാക്ഷ്യപ്പെടുന്നത്തുന്നു.

കെവിൻ തോമസ് എന്ന ഐടി പ്രൊഫഷണലായി ഫഹദ് ഫാസിൽ തന്റെ മികവിന്റെ ഗ്രാഫ് വീണ്ടും ഉയർത്തുന്നു. സിനിമയുടെ ഭൂരിഭാഗം സീനുകളിലൂംഫ്ളാറ്റിലെ റൂമിനുള്ളിൽ നിന്നാണ് ഫഹദ് കഥാപാത്രം കാണികളോട് സംസാരിക്കുന്നത്. എന്നാൽ ആ പരിമിതികളൊന്നും ഫഹദ് എന്ന അഭിനേതാവിന് വെല്ലുവിളിയാകുന്നില്ല. പക്ക ഐടി പ്രൊഫഷണലിന്റെ രൂപഭാവങ്ങളിലേക്കും മാനുഷിക മൂല്യങ്ങൾ ഹൃദയത്തിന്റെ മടിത്തട്ടിൽ കാത്തുസൂക്ഷിക്കുന്ന യഥാർഥ മനുഷ്യനിലേക്കും ഫഹദ് അനായാസം രൂപംമാറുന്നുണ്ട്. മൂത്തോനിലും കപ്പേളയിലുമടക്കം ഇതിനകം മികച്ച പെർഫോമൻസുകളിലൂടെ നിരൂപക പ്രശംസ നേടിയ റോഷൻ മാത്യു അതിന്റെ തുടർച്ച തന്നെയാണ് സീയു സൂണിലെ ജിമ്മിയിലും കാണിക്കുന്നത്. പ്രധാനരംഗങ്ങളിൽ റോഷന്റെ മികവ് ചിത്രത്തിന് പ്ലസ് പോയന്റാകുന്നുണ്ട്.

സൈജു കുറുപ്പ്, മാലാ പാർവതി, കോട്ടയം രമേശ്, അമാൽഡ എന്നിവരും തങ്ങളുടെ ഭാഗങ്ങൾ മികവുറ്റതാക്കി. രചന, എഡിറ്റിങ്, വിർച്വൽ ഛായാഗ്രഹണം, സംവിധാനം എന്നീ റോളുകളിലെല്ലാം മഹേഷ് നാരായണൻ മാജിക് ചിത്രത്തിൽ കാണാം. ടേക്ക് ഒാഫിൽ നിന്ന് സീ യു സൂണിലേക്ക് എത്തുമ്പോൾ ഗ്രാഫ് ഉയർത്തുന്നുണ്ട് മഹേഷ് നാരായണൻ. കാലിക പ്രസക്തിയുള്ള യഥാർഥ സംഭവങ്ങളും അതിന്റെ തീവ്രതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ തന്റെ മിടുക്ക് ഒരിക്കൽകൂടി മഹേഷ് നാരായണൻ തെളിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഐ ഫോണിൽ ചിത്രീകരിച്ച സിനിമ ക്വാളിറ്റിയിൽ ഒരുവിധ വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. ഫഹദ് ഫാസിൽ, നസ്രിയ നസീം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സബിനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സീ യൂ സൂൺ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാകുന്നത് അത് ചർച്ച ചെയ്യുന്ന പ്രമേയത്തിന്റെ പ്രസക്തിയും കഥാവസാനം മുന്നോട്ട് വെക്കുന്ന ശരിയായകാഴ്ചപ്പാടും കൊണ്ടാണ്. കൊവിഡ് കാലത്ത് നടത്തിയ വിജയകരമായ പരീക്ഷണമാണ് സീ യു സൂൺ. പ്രതിസന്ധികാലത്ത് മലയാളത്തിൽ നിന്ന് ഇത്തരമൊരു മികച്ച പരീക്ഷണ ചിത്രം ഒരുക്കിയ മഹേഷ് നാരായണനനും ടീമിനും കൈയടിച്ചേ തീരൂ. മഹേഷ് നാരായണൻ- ഫഹദ് ഫാസിൽ ടീമിന്റെ മൂന്നാം വരവായ മാലിക്കിനായി ഇനി നമുക്ക് ഉറച്ച പ്രതീക്ഷയോടെ കാത്തിരിക്കാം. സീ യു സൂൺ....

Content Highlights :C U Soon Movie Review Fahad Faasil Mahesh Narayanan Roshan Mathews Darsana