രു കാര്യത്തിനിറങ്ങുമ്പോള്‍ എതിര്‍പ്പുകളുണ്ടാവും. തടയാനും നിരുത്സാഹപ്പെടുത്താനും കൂട്ടത്തില്‍ നിന്ന് പാരപണിയാനും ശ്രമിക്കുന്നവരുണ്ടാകും. പക്ഷേ വെച്ച കാല്‍ പിന്നോട്ടില്ല, മുന്നോട്ടുതന്നെ. അങ്ങനെയൊരു കാല്‍വെപ്പിന്റെ കഥയാണ് ചെമ്പന്‍ വിനോദിന്റെ രചനയില്‍ അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി.

പേരുപോലെ തന്നെ ഒരു വഴിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. റെയില്‍വേ ട്രാക്കിനോടു ചേര്‍ന്നുകിടക്കുന്ന ഈ വഴിയാണ് സിനിമയിലെ കഥാപാത്രങ്ങളേയും അവരുടെ ജീവിത പരിസരങ്ങളേയും കൂട്ടിയിണക്കുന്നത്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഈ വഴി ഒരു തര്‍ക്കവിഷയമാവുകയാണ്. ഈ തര്‍ക്കത്തിന്റെ പരിസമാപ്തിയാണ് ചിത്രത്തിന്റെ ആകെ തുക. ഒരു കുഞ്ഞുകഥയെ അധികം വലിച്ചുനീട്ടാതെ അവതരിപ്പിച്ചിരിക്കുന്നു എന്നത് തന്നെയാണ് പ്രധാന പ്ലസ് പോയിന്റ്. കൂടാതെ ആദ്യം മുതല്‍ അവസാനം വരെ രസച്ചരട് മുറിയാതെ ലൈവായി നിര്‍ത്തുന്നുമുണ്ട്.

ത്രില്ലടിപ്പിക്കേണ്ടിടത്ത് ത്രില്ലടിപ്പിച്ചും ചിരിപ്പിക്കേണ്ടിടത്ത് കൃത്യമായി ചിരിപ്പിക്കുന്നുമുണ്ട് ഭീമന്റെ വഴി. അപ്രതീക്ഷിതമായി കിട്ടുന്ന ചിരികളും ധാരാളം. തന്റെ കഴിഞ്ഞ ചിത്രമായ തമാശ പോലെ കേരളത്തിലെ ഒരുപാട് പേര്‍ അഭിമുഖീകരിക്കുന്ന വിഷയമാണ് സംവിധായകന്‍ അഷ്റഫ് ഹംസ കൈകാര്യം ചെയ്തിരിക്കുന്നത്. തുടങ്ങുന്നത് മുതല്‍ തന്നെ ആ പ്രദേശത്തുകാരുടെ ആവശ്യം എന്താണെന്ന് കൃത്യമായി സംവിധായകന്‍ കാണിച്ചുതരുന്നുണ്ട്. അതുകൊണ്ട് തന്നെ അധികം മുഖവുരകളില്ലാതെ നേരിട്ട് കഥയിലേക്ക് കടക്കുന്നുമുണ്ട് ചിത്രം. അത്യാവശ്യം ചോരക്കളിയൊക്കെയുള്ള അങ്കമാലി ഡയറീസില്‍ നിന്ന് തികച്ചും വിഭിന്നമായൊരു അന്തരീക്ഷത്തിലേക്കാണ് തിരക്കഥാകൃത്ത് ചെമ്പന്‍ വിനോദ് കൂട്ടിക്കൊണ്ടുപോവുന്നത്. 

താരങ്ങളുടെ പ്രകടനത്തിലേക്ക് വന്നാല്‍ കുഞ്ചാക്കോ ബോബനില്‍ നിന്ന് തന്നെ തുടങ്ങാം. ഒരാവശ്യത്തിന് മുന്നിട്ടിറങ്ങി, അതിന്റെ ലക്ഷ്യം കാണണമെന്നുള്ള ചിന്തയുമായി നടക്കുന്ന ഭീമനായി താരം മികച്ചുനിന്നു. ഇടയ്ക്ക് ലക്ഷ്യത്തിലെത്താന്‍ അതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി ഒന്ന് ട്രാക്ക് മാറ്റിപ്പിടിപ്പിക്കുന്നുമുണ്ട് ഭീമന്‍. അത്ര മാന്യനുമല്ല ഭീമന്‍. പ്രതിനായകവേഷത്തിലെത്തുന്ന ജിനോ ജോണിനെപ്പറ്റി പറയാതെ ഈ സിനിമയേക്കുറിച്ചുള്ള റിവ്യൂ പൂര്‍ണമായില്ല. മലയാളസിനിമയിലെ വ്യത്യസ്തരായ വില്ലന്മാരുടെ എണ്ണമെടുത്താല്‍ അതില്‍ ഇനി ജിനോയുമുണ്ടാവും. ഒറ്റ ലുങ്കി മാത്രമുടുത്ത് നടത്തുന്ന വില്ലത്തരം കാണേണ്ടതുതന്നെയാണ്. ബിനു പപ്പുവിന്റെ മുഴുക്കുടിയന്‍ കഥാപാത്രവും കയ്യടിയര്‍ഹിക്കുന്നു. ഇടയ്ക്ക് ടാര്‍സ്യൂസായി വന്ന സുരാജ് വെഞ്ഞാറമൂട് അപ്രതീക്ഷിതമായി ചിരിവിരുന്നൊരുക്കുന്നുണ്ട്. ചെമ്പന്‍ വിനോദ്, വിന്‍സി, ചിന്നു, ശബരീഷ് വര്‍മ, നസീര്‍ സംക്രാന്തി, ഭഗ്ത മാനുവല്‍ എന്നിവര്‍ക്കെല്ലാം വ്യക്തമായ ഇടമുണ്ട് ഭീമന്റെ വഴിയില്‍. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും വിഷ്ണു വിജയിന്റെ സംഗീതവും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. 

കൃത്രിമത്വങ്ങളില്ലാത്ത കാഴ്ചകളാണ് ഭീമന്റെ വഴിയിലുള്ളത്. പല സ്വഭാവമുള്ള ജീവിതങ്ങളെ അവിടെ കാണാം. വ്യത്യസ്തരായ മനുഷ്യരെ ഒന്നിച്ചുകൂട്ടാന്‍ ഭീമന്‍ കണ്ടെത്തിയ വഴിയാണ് ഭീമന്റെ വഴി. ധൈര്യമായി കാണാം ഈ ചിരിയുടെ വഴി.

Content Highlights: Bheemante Vazhi Malayalam Film Review, Jinu Joseph, Kunchacko Boban, Chinnu Chandni, Chemban vinod, Suraj Venjaramoodu,