'രണ്ടാം ലോകമഹായുദ്ധം ഒരു പോസ്റ്റ്മാന്റെ മുഷിഞ്ഞ സഞ്ചിയിലൂടെ കുട്ടനാട്ടുകാര്‍ കാണുന്ന കാഴ്ച...' ജയരാജിന്റെ 'ഭയാനക'ത്തെ ഒറ്റവരിയില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. മികച്ച സംവിധായകന്‍, മികച്ച അവലംബിത തിരക്കഥ, മികച്ച ഛായാഗ്രാഹകന്‍ എന്നിങ്ങനെ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വലിയ 'ഭാര'വുമായാണ് ഭയാനകം തിയേറ്ററുകളിലെത്തിയത്.

തകഴിയുടെ കയറിലെ ചില ഭാഗങ്ങള്‍ അവലംബിച്ചായിരുന്നു ജയരാജ് നവരസപരമ്പരയിലെ തന്റെ അടുത്ത ചിത്രം വിജയകരമായി പൂര്‍ത്തിയാക്കിയത്. അവാര്‍ഡ് ചിത്രങ്ങളുടെ പതിവ് ഇഴച്ചില്‍ അധികം സ്പര്‍ശിക്കാത്ത ചിത്രമെന്ന് ഇതിനെ വിശേഷിപ്പിക്കാം. അവസാന 15-20 മിനിറ്റ് ഇതിനൊരപവാദമാണെങ്കില്‍പ്പോലും.

ഭയാനകം ഏറെക്കുറേ നേര്‍സാക്ഷ്യം തന്നെയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തില്‍ ചേരാന്‍ പോയ കുട്ടനാട്ടുകാരില്‍ 650-ഓളം പേര്‍ യുദ്ധഭൂമികളില്‍ മരിച്ചുവീണെന്ന യാഥാര്‍ഥ്യത്തിന്റെ നേര്‍സാക്ഷ്യം. യുദ്ധഭൂമിയിലല്ല നൂറു ശതമാനവും കുട്ടനാടന്‍ സൗന്ദര്യത്തില്‍ ചിത്രീകരിച്ചതാണ് ഭയാനകം.

കഥാനായകന്‍, പോസ്റ്റ്മാന്‍ തന്നെ. താന്‍ ഇതുവരെ ചെയ്തതില്‍വെച്ച് ഏറ്റവും പുതുമയാര്‍ന്നതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമായതുകൊണ്ടാവാം തന്റെ പതിവുശൈലിയില്‍നിന്ന് വ്യതിചലിച്ച് രണ്‍ജി പണിക്കര്‍ ഈ വേഷമേറ്റെടുക്കാന്‍ തയ്യാറായത്.

പോസ്റ്റ്മാന്‍ തന്റെ പുതിയ ജോലിസ്ഥലമായ കുട്ടനാടെത്തുന്നതോടുകൂടി ചിത്രം ആരംഭിക്കുന്നു. താമസിക്കാനിടം തേടി ഗൗരിക്കുഞ്ഞമ്മയുടെ (ആശാ ശരത്) വീട്ടിലെത്തുന്നു. ആദ്യകാഴ്ചയില്‍ത്തന്നെ പോസ്റ്റ്മാനെ ഒരു മുരടനായി തോന്നുന്നുണ്ടെങ്കിലും ഒന്നാം ലോകമഹായുദ്ധത്തിനിടെ കാല്‍മുട്ടില്‍ വെടിയുണ്ട കയറി അംഗവൈകല്യം സംഭവിച്ച അയാളെ, പിന്നീടവള്‍ അത്യാദരവോടുകൂടിയാണ് സ്വീകരിക്കുന്നതും പരിചരിക്കുന്നതും. അതിന് അവള്‍ക്ക് ഒരു കാരണം കൂടിയുണ്ട്. യുവാക്കളെയെല്ലാം നിര്‍ബന്ധിച്ച് പട്ടാളത്തിലേക്കെടുത്തിരുന്ന അക്കാലത്ത് തന്റെ രണ്ടാണ്‍മക്കളും പട്ടാളത്തിലാണ് എന്നുള്ളതുതന്നെ.

പിന്നീട് പോസ്റ്റ്മാന്‍ തന്റെ ജോലിയില്‍ വ്യാപൃതനാകുന്നു. കുട്ടനാട്ടിലെ ഭൂരിഭാഗം യുവാക്കളും പട്ടാളത്തിലായിരുന്നതുകൊണ്ടുതന്നെ അവരയയ്ക്കുന്ന മണിയോര്‍ഡറുകളും കത്തുകളും വിലാസക്കാര്‍ക്കെത്തിച്ചുകൊടുക്കുക, അതിലുപരി അത് കാത്തിരിക്കുന്ന അച്ഛനെയും അമ്മയെയും സഹോദരിമാരെയുമൊക്കെ അവ വായിച്ചുകേള്‍പ്പിക്കുക എന്നുള്ളതായിരുന്നു പ്രധാന ജോലി. ഓണക്കാലത്ത് മകന്റെ മണിയോര്‍ഡര്‍ കാത്തിരിക്കുന്ന മാതാപിതാക്കളെ എത്ര മനോഹരമായാണ് ജയരാജ് ചിത്രീകരിച്ചിരിക്കുന്നത്. തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായെത്തുന്ന പോസ്റ്റ്മാനെ കാണുന്നതുപോലും അന്നാട്ടുകാര്‍ക്ക് നല്ല ശകുനമായിത്തോന്നി.

ദൃശ്യങ്ങളുടെ സൂക്ഷ്മാവിഷ്‌കാരത്തിനൊപ്പം അക്കാലത്ത് നിലനിന്നിരുന്ന ജന്മിത്തവ്യവസ്ഥ ചൂണ്ടിക്കാണിക്കാന്‍ ജയരാജ് മറക്കുന്നില്ല. പട്ടാളത്തില്‍ ചേരുന്നതിനോടും യുദ്ധത്തോടുമുള്ള തന്റെ എതിര്‍പ്പുകള്‍ പലപ്പോഴും പോസ്റ്റ്മാന്‍ പറയുന്നുണ്ട്.

കാത്തിരിക്കാന്‍ എന്തോ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ആദ്യപകുതി. വലിച്ചുനീട്ടലുകളില്ലാത്ത ഈ 45 മിനിറ്റ് പ്രേക്ഷകരെ മുഷിപ്പിക്കില്ലെന്നുറപ്പ്. ഇന്റര്‍വെല്ലിനുശേഷം കഥയിലെ മാറ്റം പോസ്റ്റ്മാന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാം. പ്രസന്നമായ ഒരു മുഖം ഭയത്തിന്റെ നിഴലിലേക്ക് മാറുന്നു.

മണിയോര്‍ഡറുകളും കത്തുകളും പ്രതീക്ഷിച്ചിരുന്നവരിലേക്ക് ഇത്തവണ പോസ്റ്റ്മാനെത്തിയത് കമ്പികളുമായാണ്. കമ്പിയുമായെത്തുന്ന പോസ്റ്റ്മാനെ അവര്‍ ശപിക്കാന്‍ തുടങ്ങി. അയാളെ കാണുന്നതുപോലും അവര്‍ക്ക് വെറുപ്പാകുന്നു. ഒടുവില്‍ താനൊരിക്കലും കേള്‍ക്കാനിഷ്ടപ്പെടാത്ത വാര്‍ത്തയും അയാളുടെ കൈകളിലെത്തുന്നു. ശേഷിക്കുന്ന അരമണിക്കൂര്‍ കഥ അതിനുപിറകെയാണ്.  

Content Highlights: Bhayanakam Malayalam Movie Review Jayaraj