തിരക്കഥയില്‍ സപ്ലികള്‍ അടിച്ചെങ്കിലും സംവിധാന മികവു കൊണ്ട് ഇയര്‍ ഔട്ട് ആകാതെ പാസാകുന്ന ചിത്രമാണ് ബിടെക്. പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്നതില്‍ വിജയിച്ച നവാഗത സംവിധായകന്‍ മൃദുല്‍ നായര്‍ക്ക് പക്ഷേ, അനാവശ്യ രംഗങ്ങള്‍ ഒഴിവാക്കുന്നതില്‍ ആ മികവ് പ്രകടിപ്പിക്കാനായില്ല. 

ബെംഗളൂരുവിലെ ഒരു കോളേജില്‍ എട്ടു വര്‍ഷമായി ബിടെക് പാസാകാതെ തുടരുന്ന അര്‍ജുന്‍ (ആസിഫ് അലി), നിസാര്‍ (ദീപക്), ജോജോ (ശ്രീനാഥ് ഭാസി) എന്നീ സുഹൃത്തുക്കള്‍ക്കിടയിലേക്ക് ആദ്യവര്‍ഷ വിദ്യാര്‍ഥിയായ ആസാദ് (അര്‍ജുന്‍ അശോകന്‍) എത്തുന്നിടത്തു നിന്നാണ് ചിത്രം ആരംഭിക്കുന്നത്. കോളേജിലെ അടിപിടിയും മദ്യപാനവും ഇവരുണ്ടാക്കുന്ന പ്രശ്‌നങ്ങളും തന്നെയാണ് ചിത്രത്തിന്റെ ആദ്യപകുതി അപഹരിക്കുന്നത്. എന്നാല്‍, ശരിയായ രേഖകളില്ലാതെ വാഹനമോടിച്ച നിസാറിനെയും ആസാദിനെയും പോലീസ് പിടിക്കുന്നതോടെ ചിത്രം പെട്ടെന്നൊരു വഴിത്തിരിവിലെത്തുകയാണ്. പിന്നീട് നഗരത്തിലുണ്ടാകുന്ന ഒരു സ്‌ഫോടനം ഇവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.

ഒരു മാസ് നായകനെന്ന നിലയില്‍ ആസിഫ് അലിയെ അവതരിപ്പിക്കാനുള്ള ശ്രമം സിനിമയ്ക്ക് പ്രതീക്ഷിച്ച ഗുണം ചെയ്തില്ലെങ്കിലും അത്തരം രംഗങ്ങള്‍ സ്‌ക്രീന്‍ പ്രസന്‍സുകൊണ്ട് നിറഞ്ഞുനില്‍ക്കാന്‍ ആസിഫിനായി. 'ലാര്‍ജര്‍ ദാന്‍ ലൈഫ്' കഥാപാത്രങ്ങള്‍ക്കായി ആസിഫിനെ പരിഗണിക്കാന്‍ സംവിധായകര്‍ക്ക് ധൈര്യം നല്‍കുന്നതാണ് ആനന്ദ് എന്ന കഥാപാത്രം. ആസാദ് എന്ന ചിത്രത്തിലെ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ എടുത്തുപറയേണ്ട പ്രകടനം നടത്തിയയാള്‍. നിഷ്‌കളങ്കനായ ആദ്യ വര്‍ഷക്കാരനായി ആസാദ് സിനിമയ്ക്ക് ശേഷവും പ്രേക്ഷകരുടെ മനസ്സില്‍ നിലനില്‍ക്കും. മുഴുനീള കഥാപാത്രമായി നിരഞ്ജന അനൂപും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്‌വെച്ചിരിക്കുന്നത്. ദീപക് പറമ്പോലും ശ്രീനാഥ് ഭാനിയും അലന്‍സിയറും തങ്ങളുടെ ഭാഗം ഭംഗിയാക്കി. അപര്‍ണ ബാലമുരളിയ്ക്ക് ചിത്രത്തില്‍ എടുത്തുപറയത്തക്കതായി ഒന്നും ചെയ്യാനില്ല. അനൂപ് മേനോന്‍, ജാഫര്‍ ഇടുക്കി, വി.കെ.പ്രകാശ്, നീനാ കുറുപ്പ്, അജു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

മികച്ചൊരു കഥയുണ്ടായിട്ടും ചിത്രത്തെ കൂടുതല്‍ കച്ചവടവത്ക്കരിക്കാനുള്ള ശ്രമമാണ് 'ബിടെക്കി'ന് വിനയായത്. കോളേജിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള നീട്ടിപ്പരത്തിയ അടിപിടിയും അജു വര്‍ഗീസിന്റെ മാഷ് കഥാപാത്രവുമെല്ലാം എന്തിനെന്ന് പ്രേക്ഷകന് സംശയം തോന്നാം. നായകനായാല്‍ നായിക വേണമെന്നുള്ള സങ്കല്‍പം കൊണ്ടോ എന്തോ ആനന്ദും പ്രിയയും (അപര്‍ണ ബാലമുരളി) തമ്മിലുള്ള പ്രണയത്തിനായും ചിത്രം വേണ്ടതിലധികം സമയം ചെലവാക്കുന്നുണ്ട്. തീവ്രവാദിയെന്ന് മുദ്രകുത്തപ്പെടുന്ന ആള്‍ക്കുവേണ്ടി ഒരു സുപ്രഭാതത്തില്‍ വിദ്യാര്‍ഥികളെല്ലാം തെരുവിലിറങ്ങുന്ന കാഴ്ചയും പ്രമേയം ആവശ്യപ്പെടുന്ന യാഥാര്‍ഥ്യബോധത്തോട് ചേര്‍ന്നുനില്‍ക്കുന്നില്ല.

അതേസമയം, ആദ്യപകുതിയില്‍ കഥ എങ്ങോട്ടുപോകുന്നെന്ന് പ്രേക്ഷകനില്‍ സംശയം ജനിപ്പിക്കുന്ന പല രംഗങ്ങളും ചിത്രം പുരോഗമിക്കുമ്പോള്‍ പ്രസക്തമാകുന്നതായി കാണാം. മാസ് രംഗങ്ങളും വലിയ ജനക്കൂട്ടമുള്ള രംഗങ്ങളുമൊക്കെ കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ സംവിധായകനായി. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രണ്ടാം പകുതി ഒരുക്കുന്നതില്‍ ചിത്രസംയോജകരായ മഹേഷ് നാരായണനും അഭിലാഷ് ബാലചന്ദ്രനും മികച്ച സംഭാവന നല്‍കിയിരിക്കുന്നു. രാഹുല്‍ രാജിന്റെ സംഗീതവും ചിത്രത്തിന്റെ പ്ലസ് പോയിന്റാണ്.

Content Highlights: B tech movie review Mridul Nair asif ali Malayalam Movie Review