ലയാളത്തിലെ ഏറ്റവും ജനകീയമായ സിനിമകളിലൊന്ന് ഓട്ടോറിക്ഷാ തൊഴിലാളികളെക്കുറിച്ചാണ്, മോഹൻലാൽ-വേണു നാഗവള്ളി കൂട്ടുകെട്ടിൽ പിറന്ന, കാലമിനിയും ഓർമയും ചിരിയും മായ്ക്കാത്ത ഹിറ്റ്  ‘ഏയ് ഓട്ടോ’. അതുകൊണ്ട് ഒരിക്കൽക്കൂടി ഓട്ടോ മുഖ്യകഥാപാത്രമാകുമ്പോൾ താരതമ്യമുണ്ടാകാം; പുതുമയും തേടും. മോഹൻലാൽ മുതൽ ഫഹദ് ഫാസിൽ വരെ ഏതാണ്ട് മുൻനിര നടന്മാരെല്ലാം ഓട്ടോ ഡ്രൈവർമാരായി വേഷമിട്ടിട്ടുണ്ട്. ഇവിടെ ഒരു നായികയാണ് ഓട്ടോഡ്രൈവറായി എത്തുന്നത് എന്നതാണ് പുതുമ, അനുശ്രീ അവതരിപ്പിക്കുന്ന അനിത. ആ പുതുമ ഒഴിച്ചാൽ സുജിത് വാസുദേവന്റെ ഓട്ടർഷ കുണ്ടും കുഴിയുമുള്ള വഴിയിലൂടെയുള്ള സവാരിയാണ്. എന്നിട്ട് ലക്ഷ്യത്തിലെത്തിയോ എന്നു ചോദിച്ചാൽ ഇല്ലെന്നു പറയേണ്ടിവരും. വഴിതെറ്റി പുറപ്പെട്ടിടത്തുതന്നെ കറങ്ങിത്തിരിഞ്ഞു വന്ന അവസ്ഥ.
 
ഏയ് ഓട്ടോ പോലെ തന്നെ ഒരു ഓട്ടോ സ്റ്റാൻഡിനെ ചുറ്റിയും അവിടെയുള്ള ഓട്ടോറിക്ഷ ഡ്രൈവർമാരെപ്പറ്റിയും അവരുടെ സവാരിയുമായി ബന്ധപ്പെട്ടുമാണ് ഓട്ടർഷ വികസിക്കുന്നത്. എന്നാൽ സിനിമ അടിസ്ഥാനപരമായി ഒരു പ്രതികാരകഥയാണ്. ആദ്യഫ്രെയിമിൽ തന്നെ അതു വ്യക്തമാക്കുന്നുണ്ട്. അതിലേക്ക് എത്താൻ പരസ്പരബന്ധിതമല്ലാത്ത കുറേ സംഭവങ്ങളെ കുത്തിനിറച്ച് വെച്ചിരിക്കുകയാണ് ജയരാജ് മിത്ര എഴുതിയ തിരക്കഥയിൽ. തനിക്ക് പരിചയമുള്ള എല്ലാ ജീവിതസന്ദർഭങ്ങളെയും മനുഷ്യരെയും തിരക്കഥയുടെ ആവശ്യമോ ഔചിത്യമോ പരിഗണിക്കാതെ തിരക്കഥാകൃത്ത് ഉൾപ്പെടുത്തിയതായാണ് തോന്നിയത്. അതൊരു എഡിറ്റർ കണ്ടതുമില്ല. കഥാസന്ദർഭങ്ങൾ റിയലിസ്റ്റിക്കാണ്. ഒറ്റയ്‌ക്കൊറ്റയ്ക്ക് എടുക്കുകയാണെങ്കിൽ ചെറു നർമരസമുള്ളവയാണ്. സാധാരണമനുഷ്യരുടെ കഥകൾ സിനിമാറ്റിക് അല്ലാതെ രസകരമായി പറയാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ആകത്തുകയിൽ പലതും ചേർന്നുനിൽക്കാതെ പോകുന്നു.

കണ്ണൂരാണ് സിനിമയുടെ പശ്ചാത്തലം. കണ്ണൂരിന്റെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാത്ത, സാധാരണമനുഷ്യരെപ്പറ്റി മാത്രം പറയുന്ന സിനിമ എന്ന പ്രത്യേകത ഓട്ടോറിക്ഷയ്ക്കുണ്ട്. എന്നാൽ സിനിമയിലെ സംസാരഭാഷ അല്പം പ്രശ്നഭരിതമാണ്. മുഖ്യകഥാപാത്രങ്ങൾ ഒഴിച്ചുള്ളവർ പറയുന്ന ഉച്ചാരണവും വാക്കുകളും മലബാർ മേഖലയ്ക്കു പുറത്തുള്ളവർക്കു മനസ്സിലാകാൻ സാധ്യത കുറവാണ്. മലയാളത്തിനും സബ്‌ടൈറ്റിൽ വേണമെന്ന അവസ്ഥയാണ് എന്നു ചുരുക്കം.
 
വളരെ റാൻഡം എന്നു പറയാവുന്ന കുറെ കാഴ്ചകളെ നിരത്തിവെച്ച വഴിയിലൂടെ ബെല്ലും ബ്രേക്കും ഇൻഡിക്കേറ്ററും ഇല്ലാതെ പോവുന്ന ഈ ഓട്ടർഷയെ കഥയ്ക്കുവേണ്ടി ഒരു കഥയുണ്ടാക്കി അതിൽ കൊരുത്തിപ്പറയാനാണ് സുജിത് വാസുദേവ് ഇടവേളയോടെ ശ്രമിക്കുന്നത്. ആ കൊളുത്തും മുറുകുന്നില്ല. എന്നാൽ  സുജിത് വാസുദേവ് എന്ന ടെക്‌നീഷ്യന്റെ മികവ് കാണാനുണ്ട്, സുജിത് വാസുദേവ് എന്ന ഫിലിം മേക്കറെ കാണാനില്ലെങ്കിലും. സുജിത് തന്നെയാണ് സിനിമയുടെ ദൃശ്യങ്ങളുമൊരുക്കിയത്. ജെയിംസ് ആൻഡ് ആലീസ് എന്ന ആദ്യസിനിമയിലൂടെ ഒരു പരീക്ഷണത്തിന് ശ്രമിച്ച് പരാജയപ്പെട്ടതാണ് സുജിത്. ഇക്കുറി പരീക്ഷണമൊന്നുമില്ല, വളരെ ലളിതമായി നേരെതന്നെ എല്ലാം പറയുന്നു. പക്ഷേ, ആ ലാളിത്യം ചിലപ്പോഴൊക്കെ കാഴ്ചക്കാരുടെ ക്ഷമ പരിശോധിക്കുന്നുണ്ട്. പറഞ്ഞുപഴകിയ ഒരു പ്രതികാരവഴിയിലേക്കും ലാസ്റ്റ്മിനിറ്റ്‌ ട്വിസ്റ്റിലേക്കുമാണ്‌ ക്ലൈമാക്‌സ് എത്തുന്നതെങ്കിലും മുഷിപ്പില്ലാതെ അവസാനിപ്പിക്കാനാകുന്നുണ്ട്.
 
അനിതയായും ഹസീനയായും എത്തുന്ന അനുശ്രീ തന്നെയാണ് സിനിമയുടെ മുഖ്യകരുത്ത്. മുഴുനീള കഥാപാത്രത്തെ മിതത്വമുള്ള, കൈയടക്കമുള്ള പ്രകടനത്തിലൂടെ അനുശ്രീ മികവുറ്റതാക്കുന്നുണ്ട്. രാഹുൽ മാധവ്, ടിനി ടോം എന്നിവരാണ്‌ മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. ശരത്തിന്റെ സംഗീതം വ്യത്യസ്തത പുലർത്തുന്നതായി അനുഭവപ്പെട്ടു.

Content Highlights: Autorsha Movie Review Anusree Malayalam Movie Review Sujith Vaassudev