മെല്‍ഗിബ്‌സണ്‍ സംവിധാനം ചെയ്ത അപ്പൊക്കാലിപ്‌റ്റൊ എന്ന ചിത്രം കാണാത്ത സിനിമാപ്രേമികള്‍ വിരളമായിരിക്കും. ഒരു മീസോ അമേരിക്കന്‍ ഗോത്രവര്‍ഗക്കാരന്‍ തന്റെ ഗ്രാമം തകര്‍ക്കപ്പെട്ടതിനുശേഷം മനുഷ്യക്കുരുതി അതിജീവിച്ച് ഭാര്യയെയും കുട്ടിയെയും രക്ഷിക്കുന്നതാണ് അപ്പൊക്കാലിപ്‌റ്റൊയുടെ ഇതിവൃത്തം. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ എന്ന ചിത്രം കാണുമ്പോള്‍ അപ്പൊക്കാലിപ്‌റ്റൊയുമായി നമുക്ക് വിദൂരസാദൃശ്യം തോന്നിയേക്കാം. എന്നാല്‍ ഈ കഥ നടക്കുന്നത് അപ്പൊക്കാലിപ്‌റ്റൊയുടേതുപോലെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പല്ല. ജാതിയും സാമ്പത്തിക അസമത്വവും കൊടിക്കുത്തിവാഴുന്ന സ്വാതന്ത്യാനന്തര ഇന്ത്യയിലാണ്. പൂമണി എഴുതിയ വെക്കൈ എന്ന നോവൽ ആധാരമാക്കിയാണ് അസുരന്‍ ഒരുക്കിയിരിക്കുന്നത്. ധനുഷ്, മഞ്ജു വാര്യര്‍, പശുപതി, പ്രകാശ് രാജ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ശിവസാമി (ധനുഷ്) എന്ന മധ്യവയ്‌സകനായ കര്‍ഷകനില്‍ നിന്നാണ് കഥ തുടങ്ങുന്നത്. ഭാര്യ പച്ചൈയമ്മാളിനും (മഞ്ജു വാര്യര്‍) രണ്ടാണ്‍മക്കളും ഒരു മകളുമടങ്ങുന്ന കുടുംബത്തോടൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണയാള്‍. അതിനിടെ സ്ഥലത്തെ ഒരു പ്രധാന ജന്‍മി അയാളുടെ കച്ചവട സാമ്രാജ്യം വിപലമാക്കുന്നതിന്റെ ഭാഗമായി സമീപത്ത് ഒരു സിമന്റ് ഫാക്ടറി തുടങ്ങുകയാണ്. തന്റെ വളര്‍ച്ചയ്ക്ക് ശിവസാമിയുടെ ഭൂമി കൂടി വേണം എന്ന് മനസ്സിലാക്കിയ ജന്‍മി അയാളുടെ ഭൂമിയുടെ അതിര്‍ത്തിയില്‍ ഇലക്ട്രിക് വേലി സ്ഥാപിക്കുകയും അതിൽ തട്ടി ശിവസാമിയുടെ മകന്റെ അരുമായ പട്ടി ചാവുകയും ചെയ്യുന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഇത് സംബന്ധിച്ച പരാതി ഗ്രാമപഞ്ചായത്തില്‍ ശിവസാമി ഉന്നയിച്ചുവെങ്കിലും കാര്യമായ നടപടികൾ ഒന്നും തന്നെയുണ്ടാകുന്നില്ല. അതിനിടെ കിണര്‍വെള്ളം സംബന്ധിച്ച് പച്ചൈയമ്മാളും ജന്‍മിയുടെ സഹായികളും തമ്മിലുണ്ടാകുന്ന തര്‍ക്കം പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. അതിന് ശിവസാമിയും കുടുംബവും കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്. ഭൂമി തിരിച്ചുപിടിക്കുക എന്നതിലുപരി ജീവനുവേണ്ടി ശിവസാമിയും കുടുംബവും നടത്തുന്ന പലായനവും പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. 

മധ്യവയ്‌സകനും യുവാവും കൗമരകക്കാരനുമായുള്ള ധനുഷിന്റെ പകര്‍ന്നാട്ടം വിസ്മയിപ്പിക്കുന്നതാണ്. അടിച്ചമര്‍ത്തപ്പെട്ടിട്ടും ആയുധമെടുക്കാന്‍ ആഗ്രഹിക്കാതെ ഒതുങ്ങി ജീവിക്കുന്ന ശിവസാമി സ്വന്തം മക്കള്‍ക്ക് മുന്നില്‍ പോലും പലപ്പോഴും അപഹാസ്യനായിത്തീരുന്നുണ്ട്. ചോരത്തിളപ്പും വിപ്ലവവീര്യവുമുള്ള ശിവസാമിയുടെ ജീര്‍ണിച്ച അവതാരമാണ് മധ്യവയസ്‌കനായ ശിവസാമിയെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം. എല്ലാം കൈവിട്ടുപോകുന്ന അവസ്ഥയിലും സ്വന്തം കുടുംബത്തെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന ശിവസാമി ധനുഷ് എന്ന പ്രതിഭാധനനായ നടന്റെ കയ്യില്‍ ഭദ്രമാണ്. 

വെട്രിമാരന്‍-ധനുഷ് കോമ്പോ എന്നതിലുപരി മലയാളത്തിന്റെ അഭിമാനമായ മഞ്ജു വാര്യരുടെ ആദ്യ തമിഴ്​​ചിത്രം എന്ന പേരില്‍ വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് അസുരന്‍. ലോഹിതദാസിന്റെ കന്മദത്തിലെ ഭാനുവിനെ അനുസ്മരിപ്പിക്കുന്ന പച്ചൈയമ്മാള്‍ എന്ന തരത്തില്‍ മഞ്ജുവിന്റെ കഥാപാത്രത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഭാനുവിന്റെ ആവര്‍ത്തനമല്ല പച്ചൈയമ്മാള്‍. പക്ഷേ ഒരു അഭിനേത്രി എന്ന നിലയില്‍ ഏറെ വെല്ലുവിളിയും പുതുമയും നിറഞ്ഞ കഥാപാത്രത്തെയാണ് വെട്രിമാരന്‍ മഞ്ജുവിനായി കാത്തുവച്ചത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ തമിഴ് അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് മഞ്ജു.

കള്‍ട്ട് ഹിറ്റുകള്‍ ഒരുക്കുന്നതില്‍ ഏറെ പ്രാഗത്ഭ്യമുള്ള സംവിധായകനാണ് വെട്രിമാരന്‍. അദ്ദേഹം ഒരുക്കിയ ചിത്രങ്ങളില്‍ ഒട്ടുമിക്കതും സാമൂഹിക വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതും സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തിന്റെ കഥ പറയുന്നവയുമായിരുന്നു. അതില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന സിനിമയല്ല അസുരന്‍. സാമ്പത്തിക അസമത്വം നീതി ലഭിക്കുന്നതിന് തടസ്സമാകുമ്പോള്‍ ഒരു സാധാരണക്കാരന് ആയുധമെടുക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥയെയാണ് വെട്രിമാരന്‍ ഈ ചിത്രത്തിലൂടെ തുറന്നുകാണിച്ചിരിക്കുന്നത്. അസുരന്‍ എന്ന പേരിലെ രാഷ്ട്രീയം പ്രസക്തമാകുന്നത് ഇവിടെയാണ്.

Content Highlights: Asuran Tamil Movie Review, Manju Warrier, Dhanush, Vetrimaaran, Prakash Raj