നവാഗതനായ റഹ്മാന്‍ ഖാലിദ് സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം തെറ്റു കുറ്റങ്ങളോട് കൂടിയ മികച്ച സിനിമയാണ്. ചെറുതെങ്കിലും മനോഹരമായൊരു പ്രണയകഥയാണ് സിനിമ പറയുന്നത്. ആസിഫ് അലിയും ബിജു മേനോനും ഈ സിനിമയില്‍ നായകന്മാരാണ്. ഈ സിനിമയിലെ നായിക രജീഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രം വളരെ വ്യത്യസ്തതകള്‍ നിറഞ്ഞ ഒന്നാണ്.

റിയലിസ്റ്റിക്കായ കഥാപശ്ചാത്തലങ്ങളും സന്ദര്‍ഭങ്ങളുമാണ് സിനിമയില്‍ ഒരുക്കിയിരിക്കുന്നത്. അപാരമായ നടന മികവിനുള്ള അവസരങ്ങളില്ലെങ്കിലും ഏല്‍പ്പിച്ച കഥാപാത്രങ്ങള്‍ എല്ലാവരും വൃത്തിയായി ചെയ്തു. പ്രണയിച്ചിട്ടുള്ളവര്‍ക്കും നഷ്ടപ്രണയങ്ങള്‍ ഉള്ളവര്‍ക്കും നന്നായി 'റിലേറ്റ്' ചെയ്യാന്‍ പറ്റുന്ന കഥപറച്ചില്‍ രീതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഒരു ശരാശരി മലയാളി കുടുംബത്തിലെ അന്തരീക്ഷങ്ങള്‍ ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയായിരിക്കും. 

anuraga karikkin vellam

യുവത്വത്തിന്റെ എല്ലാ സ്വഭാവവിശേഷണങ്ങളുമുള്ള കഥാപാത്രമാണ് ആസിഫ് അലി അവതരിപ്പിക്കുന്ന അഭി എന്ന് വിളിക്കുന്ന അഭിഷേക്. അഭിയുടെ കാമുകിയാണ് രജീഷ അവതരിപ്പിക്കുന്ന എലി എന്ന് വിളിക്കുന്ന എലിസബത്ത്. അഭിയുടെ അച്ഛനാണ് പോലീസ് ഉദ്യോഗസ്ഥനായ രഘു. അയാളുടെ ഭാര്യയാണ് ആശാ ശരത്ത് അവതരിപ്പിക്കുന്ന സുമ. സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ അഭിയുടെ സുഹൃത്തുക്കളാണ്. സുധീര്‍ കരമന രഘുവിന്റെ സുഹൃത്താണ്. ഇവരാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. ഇനി ഇതില്‍ ഒരു സര്‍പ്രൈസ് എന്‍ട്രി നന്ദിനിയുടേതാണ്. അതൊരു സസ്പെന്‍സാണ്, അത് അങ്ങനെ തന്നെ നിലനില്‍ക്കട്ടെ. 

അഭിനയത്തോട് എല്ലാവരും നീതി പുലര്‍ത്തിയപ്പോള്‍ തന്നെ സിനിമയില്‍ ചിലയിടത്ത് ഇഴച്ചില്‍ അനുഭവപ്പെട്ടു. ഖാലിദ് റഹ്മാന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയ്ക്ക് പൊറുക്കാവുന്ന തെറ്റുകളെ ഇതില്‍ കണ്ടെത്തിയിട്ടുള്ളു. ദ്വയാര്‍ത്ഥങ്ങളില്ലാത്ത നൈസര്‍ഗികമായ തമാശകള്‍ മാത്രമെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു എന്നതിനാല്‍ എഴുത്തുകാരന്‍ നവീന്‍ ഭാസ്‌ക്കറും സംവിധായകന്‍ ഖാലിദ് റഹ്മാനും അഭിനന്ദനം അര്‍ഹിക്കുന്നു. പ്രശാന്ത് പിള്ളയുടെ പാട്ടുകള്‍ക്ക് മികവ് അവകാശപ്പെടാനുള്ളപ്പോള്‍ പശ്ചാത്തലസംഗീതത്തെ നല്ലത് എന്ന് മാത്രമെ വിശേഷിപ്പിക്കാനാകൂ. 

anuraga karikkin vellam

ഈദ് റിലീസുകളില്‍ ഏത് തെരഞ്ഞെടുക്കണമെന്ന ചോദ്യം എവിടെനിന്നെങ്കിലും കേള്‍ക്കുകയാണെങ്കില്‍ അവര്‍ക്ക് ധൈര്യമായി അനുരാഗ കരിക്കിന്‍ വെള്ളം നിര്‍ദ്ദേശിക്കാം. മികച്ച സിനിമയാണെന്ന് പറയുമ്പോള്‍ തന്നെ ഒരു നവാഗത സംവിധായകന്റെ സിനിമയ്ക്കുണ്ടായേക്കാവുന്ന ഏതാനും ചില ന്യൂനതകള്‍ തീര്‍ച്ചയായും ഈ സിനിമയ്ക്കുമുണ്ട്.