ര്‍വോപരി അവന്‍ ഇന്നതാണ് എന്നൊരു പ്രയോഗമുണ്ട്. ഈ ഒറ്റ പ്രയാഗത്തിലുണ്ടാവും അവന്റെ അടിസ്ഥാന സ്വഭാവവും പ്രകൃതവും. സുരേഷ് കുമാറിന്റെ തിരക്കഥയില്‍ വേണുഗോപന്‍ സംവിധാനം ചെയ്ത സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തില്‍ പേര് സൂചിപ്പിക്കുന്നത് പോലെ നായകന്‍ പാലാക്കാരനാണ്. പക്ഷെ, ഈ സര്‍വോപരി എന്ന് വിശേഷിപ്പിക്കാന്‍ മാത്രം പാലയുണ്ടോ നായകനിൽ എന്നാരു സംശയം ബാക്കിനിൽക്കും ചിത്രം കണ്ടിറങ്ങുന്നവരിൽ. പാലയും പാലാക്കാരുടെ സവിശേഷതകളുമെല്ലാം ഈ പേരിലേയുള്ളൂ. അതു മാറ്റിനിർത്തിയാൽ പ്രത്യേകതകൾ ഏറെയൊന്നും അവകാശപ്പെടാനില്ല അനൂപ് മേനോൻ  നായകനായ ചിത്രത്തിന്.

തികച്ചും യാഥാസ്ഥിതികനായ ഒരു പാലാക്കാരന്‍ അച്ചായനാണ് നായകൻ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കൈതപറമ്പില്‍. പെണ്ണായാല്‍ അടക്കവും ഒതുക്കവും വേണം. നാഗരികത ഒട്ടും തീണ്ടാത്ത വസ്ത്രധാരണമായിരിക്കണം. അടങ്ങി ഒതുങ്ങി വീട്ടില്‍ കഴിയണം. എന്നിങ്ങനെയുള്ള പഴഞ്ചന്‍ കാഴ്ചപ്പാട് കൊണ്ട് നടക്കുന്ന ഒരു പുരുഷ പ്രമാണി. നായികയുടെ ഭാഷയിൽ പറഞ്ഞാൽ നല്ല ഒന്നാന്തരമൊരു മെയില്‍ ഷോവനിസ്റ്റ്. ഈ നിബന്ധനകൾ കൊണ്ടുതന്നെ ഒരുപാടു പെണ്ണുകാണലുകള്‍ക്ക് ശേഷവും അയാളുടെ കല്യാണം ശരിയാവുന്നില്ല. ഒടുവില്‍ ചിലപ്പോൾ നാടനും ചിലപ്പോൾ മോഡേണുമായ ലിന്‍ഡയില്‍ അയാള്‍ തന്റെ ഭാവി വധുവിനെ കണ്ടെത്തുന്നു. ആ സമയത്താണ്  നാട്ടില്‍ നടന്ന അന്യസംസ്ഥാന പെണ്‍കുട്ടിയുടെ ഒരു ബലാത്സംഗക്കേസ് അന്വേഷിക്കാന്‍ അയാളെ നിയോഗിക്കപ്പെടുന്നത്. ഇതിനിടയില്‍ ആക്ടിവിസ്റ്റും തീയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ അനുപമ നീലകണ്ഠന്‍ അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. വെറുപ്പിലൂടെയും വിധ്വേഷത്തിലൂടെയും മുന്നോട്ടു പോയ രണ്ടു പേര്‍ക്കുമിടയില്‍ അധികം വൈകാതെ തന്നെ ഒരു സൗഹൃദം ഉടലെടുക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

സങ്കീര്‍ണമായ കഥാഗതിയൊന്നും ചിത്രത്തിനില്ല. ആദ്യ ഭാഗം ചില്ലറ ഹാസ്യവും മറ്റുമായി തരക്കേടില്ലാതെ മുന്നോട്ട് പോയിട്ടുണ്ട്.  എന്നാല്‍ രണ്ടാം പകുതിയില്‍ കയറി വരുന്ന ചില സന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്നു. കഥാഗതിയില്‍ യാതൊരു പ്രാധാന്യവും ഇല്ലാത്ത കുറെ വിഷയങ്ങള്‍ ചിത്രത്തെ വലിച്ചുനീട്ടിയത് കുറച്ചെങ്കിലും പ്രേക്ഷകരെ മുഷിപ്പിക്കുന്നുണ്ട്. ചില സംഭാഷണങ്ങളുടെ കാര്യവും അങ്ങിനെ തന്നെ. ഇതിനിടയിലും, ഒരാണും പെണ്ണും തമ്മിലുള്ള സ്‌നേഹത്തിന് പ്രണയമെന്നു മാത്രമല്ല  സൗഹൃദമെന്നും വിളിക്കാമെന്ന് ജോസ് കൈതപറമ്പില്‍ അനുപമയോട് പറയുന്ന ഒരു സംഭാഷണം എടുത്തു പറയേണ്ടതാണ്. കളങ്കമില്ലാതെ ആണ്‍- പെണ്‍ സൗഹൃദത്തെ കാണുന്ന, നന്മകള്‍ നിറഞ്ഞ നാട്ടിൻപുറത്തുകാരനാകുന്നു ജോസ് അപ്പോള്‍. 

കഥാഗതികളെ കൂട്ടി യോജിപ്പിക്കുന്നതില്‍ തിരക്കഥാകൃത്ത് വിജയിച്ചുവോ എന്നൊരു സംശയം പ്രേക്ഷകരിൽ ബാക്കിനിൽക്കും. ഇത്തരത്തില്‍ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയുന്ന തിരക്കഥയില്ലാതെ  മുന്നോട്ടു പോകുന്ന ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ വരുന്ന ഒരു ട്വിസ്റ്റിന് മാത്രമാണ് പേരിനെങ്കിലും പുതുമ അവകാശപ്പെടാനുള്ളത്. എന്നാല്‍ ആ ട്വിസ്റ്റ് പ്രവചിക്കാന്‍ വലിയ തല പുകക്കേണ്ടതില്ല എന്നത് മറ്റൊരു വിഷയം.

sarvoparai palakaran

ചിത്രത്തില്‍ അനുപമയായി വന്ന അപര്‍ണ ബാലമുരളിക്കാണ് കുറച്ചെങ്കിലും പെര്‍ഫോം ചെയ്യാനുണ്ടായിരുന്നത്. ഒന്നിനെയും കൂസാത്ത, ആരെയും പേടിയില്ലാത്ത, തല തെറിച്ച അനുപമ നീലകണ്ഠന്‍ അപര്‍ണയുടെ കൈയിൽ ഭദ്രമായിരുന്നു. എങ്കിലും ചില സംഭാഷണങ്ങള്‍  സന്ദർഭം ആവശ്യപ്പെടുന്ന തീവ്രതയോടെ അവതരിപ്പിക്കാന്‍ അപർണയ്ക്ക് കഴിഞ്ഞോ എന്നു സംശയം. പ്രത്യേകിച്ചും ക്ലൈമാക്‌സിലെ സംഭാഷണം. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കൈതപ്പറമ്പിലായി  വന്ന അനൂപ് മേനോന് അച്ചായന്‍ ഗെറ്റപ്പ് നന്നായി ഇണങ്ങുന്നുണ്ട്. കഥാപാത്രത്തെ മിതത്വത്തോടെ അവതരിപ്പിക്കാനും അനൂപിന് കഴിഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ അഭിനയശേഷിയെ വെല്ലുവിളിക്കാൻ പോന്ന ഒരു കഥാപാത്രമായിരുന്നില്ല ജോസ് കൈതപ്പറമ്പിൽ. ജോസ് കൈതാരത്തിന്റെ അപ്പനായി വേഷമിട്ട അലന്‍സിയറും ഭാവിവധുവായി വന്ന അനു സിതാരയും സഹോദരനായി വന്ന ബാലു വര്‍ഗീസും വില്ലനായി വേഷമിട്ട നന്ദുവുമെല്ലാം തങ്ങള്‍ക്കു ലഭിച്ച വേഷങ്ങള്‍ മോശമാക്കിയില്ല.

ചിത്രത്തിന് പാലാക്കാരന്‍ എന്ന് പേര് നല്കിയിട്ടുണ്ടെങ്കിലും കഥ നടക്കുന്നത് പാലായിലല്ല. തൃശൂര്‍, കൊച്ചി, മുരുഡേശ്വര്‍ എന്നിവിടങ്ങളിലാണ് കഥ പുരോഗമിക്കുന്നത്. നിരവധി സമകാലിക സംഭവങ്ങൾ ഉള്‍പ്പെടുത്തിയിട്ടുള്ള ചിത്രത്തിന് വര്‍ത്തമാനക്കാലത്തിന്റെ ആകുലതകള്‍ പ്രേക്ഷക മനസ്സിലേക്ക് കടത്തി വിടാനും സാധിക്കുന്നു.

ബിജിബാല്‍ ഈണം നല്‍കി ബി.സന്ധ്യ ഐ.പി.സ്, ഡോ. മധു വാസുദേവന്‍, ഡോ. വേണുഗോപാല്‍, തൃശൂരിലെ ഊരാളി ബാന്‍ഡ് എന്നിവര്‍ രചിച്ച അഞ്ച് ഗാനങ്ങളുണ്ട് ചിത്രത്തിൽ.

പക്കാ കുടുംബചിത്രമെന്നോ ഹാസ്യചിത്രമെന്നോ ത്രില്ലറെന്നോ ഈ ചിത്രത്തെ വിശേഷിപ്പിക്കാനാവില്ല. വലിയ പുതുമകളോ ത്രസിപ്പിക്കുന്ന തിരക്കഥയോ പ്രതീക്ഷിച്ച് ചിത്രം കാണാന്‍ പോയാല്‍ നിരാശയായിരിക്കും ഫലം. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ തിയേറ്ററിലെത്തുന്നവരെ അത്രയ്ക്കങ്ങോട്ട് നിരാശപ്പെടുത്തുകയുമില്ല പാലാക്കാരൻ.