രു ചെറിയ പ്ലോട്ട്, അതിനെ നാലുപാടും എത്രമാത്രം വികസിപ്പിക്കാമോ അങ്ങനെയൊക്കെ വികസിപ്പിച്ചിരിക്കുന്നു. ഇതാണ് ശിവയുടെ സംവിധാനത്തിൽ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായെത്തിയ ദീപാവലി റിലീസ് അണ്ണാത്ത. സഹോദരനും സഹോദരിയും തമ്മിലുള്ള സ്നേഹബന്ധമാണ് രണ്ടേ മുക്കാൽ മണിക്കൂറോളമുള്ള ചിത്രത്തിന്റെ കാതൽ. ഈയൊരു ബിന്ദുവിൽത്തന്നെ കേന്ദ്രീകരിച്ചാണ് ചിത്രം ഉടനീളം സഞ്ചരിക്കുന്നത്.

ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ടതിനാൽ കാലയനാണ് സഹോദരി തങ്കമീനാക്ഷിയെ വളർത്തി വലുതാക്കുന്നത്. കാലയൻ അവൾക്ക് നല്ല വിദ്യാഭ്യാസം നൽകി. കണ്ണ് കലങ്ങാതെ നോക്കി. ഒരു തരി മണ്ണ് സഹോദരിയുടെ മേൽ വീഴുന്നത് കാലയന് സഹിക്കാനാവുമായിരുന്നില്ല. അവളോട് ആരൊക്കെ മോശമായി പെരുമാറിയോ അവരെല്ലാം കാലയന്റെ കോപത്തിന്റെ ചൂടറിഞ്ഞു. സഹോദരി ഉറക്കെയൊന്ന് വിളിക്കേണ്ട, ചിന്തിച്ചാൽ പോലും സഹോദരൻ മുന്നിലുണ്ടാവുമെന്ന അവസ്ഥ. അങ്ങനെ പോറ്റി വളർത്തിയ സഹോദരിക്ക് അവർ പോലും അറിയാതെ ഒരുദുർവിധി വന്നാൽ എന്തായിരിക്കും അതിന്റെ തുടർചലനങ്ങൾ എന്നാണ് അണ്ണാത്ത പറയുന്നത്.

സഹോദരിയും സഹോദരനും തമ്മിലുള്ള ബന്ധം കാണിക്കുന്ന രം​ഗങ്ങളാണ് ആദ്യപകുതിയെങ്കിൽ തമിഴ്നാട്ടിലെ ഒരു കു​ഗ്രാമത്തിൽ നിന്ന് തുടങ്ങി അങ്ങ് കൊൽക്കത്ത വരെ നീണ്ടുകിടക്കുന്ന കാലയന്റെ പകയാണ് രണ്ടാം പകുതി. ഉത്സവകാലം ലക്ഷ്യമിട്ടിറങ്ങിയ ചിത്രം മൊത്തത്തിൽ ഉത്സവാന്തരീക്ഷം തന്നെയാണ്. ചിരിയും പാട്ടും സംഘട്ടനവുമെല്ലാമായി. പക്ഷേ പറഞ്ഞ പ്രമേയം അത്ര പുതിയതല്ലെന്ന് മാത്രം. തമിഴിലും മലയാളത്തിലുമെല്ലാം നാം പലവുരു കണ്ട അതേ കഥ തന്നെയാണ് ശിവ വീണ്ടും നമുക്ക് തന്നിരിക്കുന്നത്. 

വീരത്തിലും വേതാളത്തിലും കണ്ട അതേ സഹോദര സ്നേഹത്തിന്റെ കാഴ്ചകൾ തന്നെയാണ് ഇവിടെയും. ആരാധകർക്കായി രക്ഷകവേഷം തന്നെയാണ് സൂപ്പർസ്റ്റാർ അണിഞ്ഞിരിക്കുന്നത്. ശിവയുടെ കഴിഞ്ഞ ചിത്രമായ വിശ്വാസത്തിലേതിന് സമാനമായ രം​ഗങ്ങളാണ് ഓർമ വരുന്നത്. വിശ്വാസത്തിൽ അച്ഛൻ മകൾക്ക് രക്ഷകനാവുമ്പോൾ ഇവിടെ രക്ഷിക്കുന്നത് സഹോദരിയെ ആണെന്ന് മാത്രം. 

ട്രെയിലർ തന്ന സൂചന പോലെ ശത്രുസംഹാരം തന്നെയാണ് ലക്ഷ്യം. മുൻചിത്രങ്ങളിലേതുപോലെ തന്നെ ഊർജസ്വലനായ രജനിയെത്തന്നെ അണ്ണാത്തയിലും കാണാം. കീർത്തി സുരേഷാണ് സഹോദരിയായെത്തുന്നത്. ഈ രണ്ട് കഥാപാത്രങ്ങളുമാണ് സിനിമയിൽ നിറഞ്ഞ് നിൽക്കുന്നത്. മറ്റുകഥാപാത്രങ്ങൾ ആവശ്യമുള്ളപ്പോൾ വരുന്നു, വന്ന ജോലി കഴിയുമ്പോൾ തിരിച്ചുപോകുന്നു എന്ന മട്ടിലാണ്. വീരത്തിലെ അതുൽ കുൽക്കർണിയുടെ കഥാപാത്രം പോലെ തോന്നി ഇതിലെ ജ​ഗപതി ബാബുവിന്റെ കഥാപാത്രം. കോസ്റ്റ്യൂമിൽ വ്യത്യാസമുണ്ടെങ്കിലും ഉള്ളിൽ ഒരേ സ്വഭാവം തന്നെയാണ്. നയൻതാരയുടെ കഥാപാത്രത്തിന് ആദ്യപകുതിയിൽ ഇടം കുറവായിരുന്നു.  കുളപ്പുള്ളി ലീല അവതരിപ്പിച്ച മുത്തശ്ശി കഥാപാത്രം നന്നായിരുന്നു. കുശ്ബുവും മീനയുമാണ് മറ്റ് താരങ്ങൾ.

നായകനെ അവതരിപ്പിക്കുമ്പോഴും നായികയെ കാണുമ്പോഴും സഹോദരിയുമായുള്ള വൈകാരിക രം​ഗങ്ങളിലും പ്രതികാരം ചെയ്യുമ്പോഴുമെല്ലാം പാട്ടുകളുടെ അകമ്പടിയുണ്ട്. കാർത്തിക് സുബ്ബരാജ് പേട്ട ഇറക്കിയതിന് ശേഷം എല്ലാ മേഖലയിലും അതേ ഊർജം വരുന്ന ഒരു ‌പടമെടുത്ത് വിജയിപ്പിക്കാൻ പിന്നെ വന്ന ദർബാറിൽ എ.ആർ മുരു​ഗദോസിന് സാധിച്ചില്ല. ശിവ ഒരുപരിധിവരെ  ആ വിന്റേജ് രജനിയെ കാട്ടാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ചുരുക്കത്തിൽ രജനി ആരാധകർക്ക് ഇഷ്ടപ്പെടുന്ന ഘടകങ്ങളുള്ള ചിത്രമാണ് അണ്ണാത്ത.

Content Highlights: Annaatthe Review, Rajnikanth, Keerthy Suresh, Nayantara