നീറുന്ന മനസ്സോടെ, അല്ലെങ്കില്‍ ഒരു കുറ്റബോധത്തോടെ മാത്രമേ നമുക്ക് തിയേറ്റര്‍ വിട്ടുപോവാനാവൂ. കാരണം ഒരു ഗ്രാമത്തിലെ ആയിരങ്ങളുടെ ഉത്കണ്ഠയും വേവലാതികളും ജീവിതവും ഒന്നര മണിക്കൂറിലേക്ക് കാച്ചിക്കുറുക്കി ദൃശ്യമായി നമ്മുടെ മുന്നില്‍ തുറന്നു വെക്കുകയാണ് മനോജ് കാന എന്ന സംവിധായകന്. അമീബ എന്ന ചിത്രത്തിലൂടെ.
അമീബ നിങ്ങളെ ഇക്കിളിപ്പെടുത്തുന്ന ഒരു സിനിമയല്ല. നായകപരിവേഷം കൊണ്ട് ആരും നിങ്ങളെ ഹരം കൊള്ളിക്കുന്നില്ല. പൊട്ടിച്ചിരിക്കാന്‍ ഇതില്‍ ഹാസ്യവുമില്ല. എന്നാല്‍ ഒന്നുണ്ട് ജീവിതയാഥാര്‍ഥ്യങ്ങള്‍. കാസര്‍കോട്ടെ ഈ ഗ്രാമത്തില്‍ ജനിക്കാത്തതുകൊണ്ട് മാത്രം രക്ഷപ്പെട്ടു നില്ക്കുന്ന നമ്മള് തിരിച്ചറിയേണ്ടുന്ന യാഥാര്‍ഥ്യങ്ങള്‍. ഇന്നല്ലെങ്കില്‍ നാളെ നമ്മളേയും കാത്തിരിക്കുന്ന ചില ദുരന്തസത്യങ്ങളുടെ നഗ്നയാഥാര്ഥങ്ങള്.
കാസര്‍കോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നാം നേരത്തെ കണ്ടിട്ടുണ്ട് മധുരാജിന്റെ നിശ്ചലചിത്രങ്ങളില്‍ ഘനീഭവിച്ച ദുഖവും അംബികാസുതന്‍ മാങ്ങാടിന്റെ എന്മഗജെ എന്ന നോവലില്‍ വാക്കുകള്‍ കൊണ്ട് വരച്ചിട്ട ജീവിത ചിത്രങ്ങളുമെല്ലാം നമുക്കറിയാം. എന്നാല്‍ അതിന്റെ ഒരു തുടര്‍ച്ചയെന്നോണം. കൂടുതല്‍ ശക്തമായൊരു മാധ്യമെന്ന നിലയില്‍ സിനിമയിലൂടെ, ഉള്ളില്കൊള്ളുന്ന ജീവിത മുഹൂര്‍ത്തങ്ങളിലൂടെ, ദൃശ്യപരമ്പരകളിലൂടെ മനോജ് ഒരു സാമൂഹിക വിഷയത്തിന്റെ വൈകാരികതലം ഒട്ടും ചോര്‍ന്നു പോകാതെ സാക്ഷാത്കരിക്കുകയാണിവിടെ.
നിമിഷ എന്ന നിമ്മിയുടെ പ്രണയം, അവളുടെ ഏച്ചി മനീഷയുടെ വിവാഹം. വിവാഹാനന്തരം കുഞ്ഞുണ്ടായാലോ, അവന് ദുരിതബാധിതനായാലോ എന്ന ഭയാശങ്കളോടെ ലൈംഗികബന്ധത്തെ പോലും പേടിയോടെ കാണുന്ന അവളുടെ മാനസിക തലങ്ങള്‍. കൈ ഇല്ലാതെ വളരുന്ന അവരുടെ അനുജന്. നിധിന്, പിളാന്റേഷന്റെ ജോലിക്കാരനായ അച്ഛന് നാരായണന്, ദുരിതം പേറി അകാലവാര്ധ്യക്യം ബാധിക്കുന്ന സ്ത്രീകളുടെ പ്രതിനിധിയായ അമ്മ, അവരുടെ അയല്പക്ക ജീവിതങ്ങള്‍. ചൂഷണത്തിന്റെ ചൂണ്ടയുമായി ഗ്രാമത്തിന്റെ ദൈന്യതയെ മുതലെടുക്കാനെത്തുന്ന വട്ടിപലിശക്കാരന്‍. നിമിഷയുടെ കാമുകന് ജീവിക്കുന്ന, ആധുനികതയുടെ എല്ലാ ആഡംബരങ്ങളുടെയും ആലക്തികപ്രഭയോടെ നിലകൊള്ളുന്ന നഗരജീവിതം സമാന്തരമായും കടന്നു വരുന്നു. ഇത്രയും ജീവിതങ്ങളും നിമിഷയുടെ ജീവിതത്തിന്റെ ശേഷവും ചേരുമ്പോള്‍ സിനിമ പൂര്‍ത്തിയാവുന്നു. പക്ഷെ യഥാര്‍ഥ സിനിമ അവിടെ തുടങ്ങുകയാണ് ചെയ്യുന്നത്. അത് പ്രേക്ഷകന്റെ മനസ്സിലും ചിന്തയിലും തന്നെയാണ്. പ്ഌന്റെഷന്റെ ശമ്പളം പറ്റുന്ന ദിവാകരന് ഒരിക്കല്‍ പറയുന്നുണ്ട്. ഈ ചോറ് തിന്നുമ്പോ ബലിച്ചോറല്ലേ തിന്നുന്നതെന്നൊരു തോന്നല്‍. രോഗബാധിതനായി ജീവച്ഛവമായി കഴിയുന്ന മകന്റെ മുഖത്ത് നോക്കുമ്പോ ഒരു കുറ്റബോധം തോന്നുന്നു എന്ന്. ശരിയാണ് സിനിമ കണ്ടിറങ്ങുമ്പോള്‍ ഓരോ പ്രേക്ഷകനും അതു തോന്നും. സിനിമ എന്ന നിലയില്‍ സംവിധായകന്റെ വിജയവും അതുതന്നെയാണ്. ആരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ല. എല്ലാം കാസര്‍കോട്ടെ ഗ്രാമത്തില്‍ നിന്നിറങ്ങി വന്ന് ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അവരുടെ ജീവിതം പറയുക മാത്രമാണ് ചെയ്യുന്നത്. അമ്മ വേഷത്തില്‍ അഭിനയിച്ച കാര്‍ത്യായനിയും തെയ്യം കലാകാരനായ സുരേഷ്ബാബുവും, നിമിഷയായെത്തിയ ആത്മീയരാജനും മനീഷയായി അനുമോളും പിന്നെ ഇന്ദ്രന്‍സും,ബാബുഅന്നൂരും, അനൂപ് ചന്ദ്രനും,അനീഷ് ജി മേനോനും, പ്രവീഷ്കുമാറും സിന്ധുവും തുടങ്ങി യഥാര്‍ഥ എന്‍ഡോസള്‍ഫാന്‍ ദൂരിതബാധിതനായ വൈശാഖും സിന്ധുവുമെല്ലാം സിനിമ കണ്ടിറങ്ങിയാലും നമ്മോടൊപ്പമുണ്ടാവുന്നത് അതുകൊണ്ട് കൂടിയാണ്. ഒറ്റ സീന്‍ കൊണ്ട് അഭിനയത്തിന്റെ വലിയൊരു ഭാവപ്രപഞ്ചം തീര്‍ക്കുന്ന തെയ്യത്തിന്റെ കഥാപാത്ര നിര്‍മ്മിതിയും അതഭിനയിച്ച് ഫലിപ്പിച്ച സുരേഷ്ബാബു എന്ന നടന്റെ കഴിവും ശരിക്കും ഒരു പാഠപുസ്തകം തന്നെയാണ്.
ഒരു തുമ്പിപാട്ടിന്റെ ലാഘവത്തോടെ ആകാശത്ത് പറന്ന് നടന്ന് തളിച്ച എന്‍ഡോസള്‍ഫാന്‍ സുരങ്കയിലെ (കാസര്‍കോട്ടെ മലയോര മേഖലയിലെ ജലസംഭരണി) വെള്ളത്തിലും നീര്‍ച്ചാലിലും കലര്‍ന്ന് ഓരോ കോശങ്ങളിലൂടെയും ജനിതകഘടനയെ തന്നെ തകരാറിലാക്കുമ്പോള്‍ അനിയന്ത്രിതമായി വളരുന്ന തല പിളര്‍ന്നും വയര്‍ വളര്‍ന്നും നാവു കുഴഞ്ഞും കാലു തളര്‍ന്നും ആയിരങ്ങളാണ് ദുരിതത്തിലാവുന്നത്. ഒരു പക്ഷെ ഈ സിനിമ കണ്ടാല്‍ ഇത്തരം രോഗികള്‍ക്കുള്ള സഹായധനമെങ്കിലും സമയത്തിന് വിതരണം ചെയ്യാനുള്ള ഒരു തോന്നല്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാരിനും ഉണ്ടായേനെ. വെറുമൊരു തിരഞ്ഞെടുപ്പ് സ്റ്റണ്ടായി മാത്രം കാണേണ്ട ഒരു വിഷയമല്ല എന്‍ഡോസള്‍ഫാനെന്നും മനസ്സിലാക്കാന്‍ കേവല മാനുഷിക വികാരങ്ങള്‍ മാത്രം മതി. ദുരിതബാധിതര്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിലാണ്!!!
ഏത് വിഷയത്തേയും അതിന്റെ ആത്മാര്‍ഥതയോടെ സമീപിക്കുമ്പോഴാണ് നല്ലൊരു കലാസൃഷ്ടി ജനിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തെ അതിന്റെ സാമൂഹികമായ പശ്്ചാത്തലത്തില്‍ പഠിച്ച്, അതിന്റെ എല്ലാ വൈകാരികതലങ്ങളും ഉള്‍ക്കൊണ്ടാണ് മനോജ് ഈ ചിത്രം തയ്യാറാക്കിയിരി്ക്കുന്നത്. ആ ആത്മാര്‍ഥത തിരിച്ചറിഞ്ഞതുകൊണ്ടാവണം സിനിമ നിര്‍മ്മിക്കാന്‍ ഒരു നാട് തന്നെ കൂടെ നിന്നത്. വെളിച്ചെണ്ണയും തേങ്ങയും അരിയും നല്കി സിനിമാ നിര്‍മ്മാണത്തില്‍ പങ്കാളിയായ നാട്ടുകാര്‍. താരങ്ങള്‍ക്ക വീട് വിട്ടുകൊടുത്ത് ഷൂട്ടിങ്ങിനോട് സഹകരിച്ചവര്‍, വണ്ടിക്കൂലിക്കെന്നു പറഞ്ഞ് പോക്കറ്റിലിട്ടുകൊടുത്ത കവറ് മാത്രം പ്രതിഫലമായി കൈപ്പറ്റിയ താരങ്ങള്‍-അങ്ങിനെ ഒരു വലിയ കൂട്ടായ്മയില്‍ നിന്നാണീ ചിത്രം പിറന്നത്.
ഇപ്പോഴും ജനിക്കുന്ന കുട്ടികളെ കുറിച്ചുള്ള ഉത്കണ്ഠയില്‍ അബോര്ഷന് ചെയ്യുന്നവരുടെ എണ്ണം ഇവിടെ കൂടി വരികയാണ്്. പ്രണയം, കല്യാണം, കുട്ടികള്‍, കുടുംബം, വിശപ്പ് തുടങ്ങിയ അടിസ്ഥാന വികാരങ്ങള്‍ക്കു മേല്‍ ആധുനിക മനുഷ്യന്റെ ദുരയുടെയും വ്യാവസായിക താത്പര്യങ്ങളുടെയും പ്രകൃതിയെ മറന്നുള്ള നാശേന്മുഖതയുടെയും ആകാശപക്ഷികള്‍ പറന്നു നടക്കുമ്പോള്‍ തലതല്ലിചാവുന്ന പ്രണയവും ഭൂമിയില്‍ നിരാംലംബമാവുന്ന യൗവ്വനവും ഒരു ചോദ്യചിഹ്നമാവുകയാണ്. പൂ പറിക്കുന്ന കുട്ടികള്‍ ഒരു തുമ്പിയെ കാണുന്ന കൗതുകത്തോടെ ഓടിയടുക്കുന്നത് വിഷം തളിക്കുന്ന ഹെലികോപ്റ്ററുകളുടെ നേര്‍ക്കാണ്. വരാനിരിക്കുന്ന ദുരന്തത്തിന്റെ മുഖം അവര്‍ക്കറിയില്ല. പൂക്കളേയും ശലഭങ്ങളേയും പരല്‍മീനുകളേയും കൊന്നൊടുക്കി വിഷവാഹിനിയായി പുഴ ഒഴുകുമ്പോള്‍ അങ്ങ് ആര്ട്ടിക്കിലുള്ള പെന്‍ഗ്വിനുകളുടെ ശരീരത്തില്‍ പോലും എന്‍ഡോസള്‍ഫാന്‍ എത്തുന്നുണ്ടെന്ന യാഥാര്‍ഥ്യം തിരിച്ചറിയാതെ ന്യായവാദങ്ങള്‍ നിരത്തുന്നവരും ജീവിക്കുന്ന ഈ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ എങ്ങിനെയാണ് കണ്ണടയ്ക്കുന്നത്.
ഇന്ത്യന്‍ പനോരമയും കേരളാ ചലചിത്രോത്സവവുമെല്ലാം ഈ ചിത്രത്തെ തഴഞ്ഞത് എന്തുകൊണ്ടാണെന്നതും ചിത്രം കാണുമ്പോള്‍ നമുക്ക് അത്ഭുതമുളവാക്കുന്ന സംഗതിയാണ്. ഈ ചിത്രത്തെ വിനോദ നികുതിയില്‍ നിന്നൊഴിവാക്കാത്തതിനും എന്തെങ്കിലും ന്യായീകരണമുണ്ടാവുമോ എന്തോ?
ടൂറിങ് സിനിമ കൊണ്ട് സ്വരൂപിച്ച ഇത്തിരികാശും, നാടകം കളിച്ചുകിട്ടിയ കാശും നല്ലവരായ നാട്ടുകാരുടെ സഹായവും ബാക്കി കടവും കൊണ്ടാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ഇന്ന് ഫിലിംഫെസ്റ്റിവലുകള്ക്ക് എന്‍ട്രി ഫീ അടയ്ക്കാനില്ലാത്തതുകൊണ്ട് ചിത്രം അയക്കാന്‍ പറ്റുന്നില്ല. പരസ്യം നല്കാന് കാശില്ലാത്തതുകൊണ്ട് കൃത്യമായി ചിത്രം ജനങ്ങളില്‍ എത്തിക്കാനാവുന്നില്ല. ഈ നല്ല ചിത്രം കലാകാരന് നല്കിയ ബാലന്‍സ് ഷീറ്റ് അങ്ങിനെയാണ്. പക്ഷെ, കണ്ടവരെല്ലാം ചിത്രത്തോടൊപ്പം നില്ക്കുന്നു എന്നതു മാത്രമാണ് ഏക ആശ്വാസം.