നായയും മനുഷ്യനും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴമളന്ന സിനിമകള്‍ വ്യത്യസ്ത ഭാഷകളിലുണ്ടായിട്ടുണ്ട്. അതില്‍ ഹാച്ചികോയെപ്പോലുള്ള സിനിമകള്‍ കാഴ്ച്ചക്കാരുടെ കണ്ണീര് കൂടി ഒപ്പിയെടുത്താണ് വെള്ളിത്തിരയില്‍ നിറഞ്ഞോടിയത്. എന്നാല്‍ നായയും മനുഷ്യനും തമ്മിലുള്ള ബന്ധം എങ്ങനെയാണ് തുടങ്ങുന്നത്? ആ കഥ പറയുകയാണ്‌ ഹോളിവുഡ് ഹിസ്‌റ്റോറിക്കല്‍ അഡ്വഞ്ചറായ ത്രീ ഡി ചിത്രം ആല്‍ഫ. ഇരുപതിനായിരം വര്‍ഷം മുമ്പുള്ള യൂറോപ്പിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ ഒരു സ്വപ്‌നം പോലെ കാഴ്ച്ചക്കാരുടെ മുന്നിലെത്തിച്ചിരിക്കുകയാണ് സംവിധായകന്‍ ആല്‍ബര്‍ട്ട് ഹ്യൂസ്. 

കൂട്ടമായി ജീവിക്കാന്‍ തുടങ്ങിയ പ്രാകൃത മനുഷ്യരുടെ ഒരു ഗോത്രത്തില്‍ നിന്ന് ഒരു സംഘം നായാട്ടിനിറങ്ങുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. മഞ്ഞുകാലത്തിന് മുമ്പെ ദൂരെയുള്ള വന പ്രദേശങ്ങളില്‍ പോയി മൃഗങ്ങളെ വേട്ടയാടി ഇറച്ചി ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം. സംഘത്തലവനായ ടോ (ജൊഹാനസ് ഹോകുര്‍ ജൊഹാന്‍സണ്‍) തന്റെ കൗമാരം പിന്നിടാത്ത മകന്‍ കേദയേയും (കോദി സ്മിത്ത് മക്ഫീ) നായാട്ടിന് ഒപ്പം കൂട്ടുന്നു. ഭാര്യ റോയുടെ (നതാസിയ മാല്‍ത്തെ) എതിര്‍പ്പുകളെ അവഗണിച്ചാണ് ടോ ഈ തീരുമാനമെടുക്കുന്നത്. തന്റെ കാലം കഴിഞ്ഞാല്‍ ഗോത്രത്തലവനാകേണ്ടവന്‍ കേദയാണെന്നും പ്രതിസന്ധി ഘട്ടങ്ങളെ  അവന്‍ അതിജീവിക്കണെമെന്നുമാണ് ടോയുടെ നിലപാട്. ശക്തിയുള്ളവന് മാത്രമേ അതിജീവിക്കാനാവൂ എന്ന് അയാള്‍ ഇടയ്ക്കിടെ കേദയ്ക്ക് ഉപദേശവും നല്‍കുന്നുണ്ട്. എന്നാല്‍, ലോലഹൃദയനായ കേദയ്ക്ക് ഒരു ഉറുമ്പിനെ പോലും നോവിക്കാനുള്ള ശേഷിയില്ല. അച്ഛനോട് ഒന്നും എതിര്‍ത്ത് പറയാനുള്ള ധൈര്യമില്ലാത്തതിനാല്‍ അവനും വേട്ടസംഘത്തിനൊപ്പം ചേരുന്നു. 

ആ യാത്രക്കിടയില്‍ ഓരോ സംഭവവികാസങ്ങളുമാണ് പിന്നീട് സിനിമ പറയുന്നത്. കഥയങ്ങനെ ഒഴുകുന്നതിനിടയില്‍ ഒരു ഘട്ടത്തില്‍ കേദ ആ സംഘത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോകുന്നു. അവന്‍ മരിച്ചെന്നു കരുതി മരണാനന്തര കര്‍മങ്ങള്‍ ചെയ്ത് അച്ഛനും സംഘവും വേദനയോടെ യാത്രയാകും. പിന്നീടങ്ങോട്ട് ആല്‍ഫ ഒരു 'സര്‍വൈവല്‍ മൂവി' യിലേക്ക് മാറുകയാണ്. എങ്ങനെയെങ്കിലും വഴി കണ്ടുപിടിച്ച് വീടെത്തണമെന്ന ലക്ഷ്യവുമായി കാടും മേടും താണ്ടിയുള്ള യാത്രയ്ക്കിടയില്‍ കേദയ്ക്ക് കൂട്ടായി ഒരു ചെന്നായയെത്തുന്നു. ആല്‍ഫ. അവിടെ ഒരു ലവ് സ്‌റ്റോറി തുടങ്ങുകയാണ്. കേദയെന്ന മനുഷ്യനും ആല്‍ഫയെന്ന ചെന്നായയും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്റെ കഥ. പിന്നീടുള്ള കഥാഗതി പ്രവചിക്കാന്‍ കഴിയുന്നതാണെങ്കിലും ഹൃദയത്തെ തൊട്ടാണ് ഓരോ സീനും കടന്നുപോകുന്നത്. 

പ്രാചീനമായ ഏതോ സാങ്കല്‍പിക ഗോത്രഭാഷയിലാണ് സിനിമയിലെ സംഭാഷണങ്ങളെല്ലാം. അതെല്ലാം ഇംഗ്ലീഷ് സബ്‌ടൈറ്റിലോടു കൂടിയാണ് കാഴ്ച്ചക്കാര്‍ക്ക് മുന്നിലെത്തുന്നത്. ഈ സബ്‌ടൈറ്റിലുകള്‍ ശ്രദ്ധിച്ചില്ലെങ്കിലും കണ്ണും മനസ്സും നിറഞ്ഞുപോകുന്ന വൈകാരികത സിനിമ നല്‍കുന്നുണ്ട്. ഛായാഗ്രാഹകന്‍ മാര്‍ട്ടിന്റെ (Martin Gschlacht)  ക്യാമറയും സാന്ദ്ര ഗ്രനോവ്‌സ്‌ക്കിയുടെ എഡിറ്റിങ്ങും കാണികളുടെ ഉള്ളുണര്‍ത്തുന്നു. നമ്മളും ആ ഗോത്രവിഭാഗത്തിലെ ഒരാളെന്ന രീതിയില്‍ ലയിച്ചുപോകുന്ന വിഷ്വല്‍ റിച്ച്‌നെസ്സ്. ഇരുപതിനായിരം വര്‍ഷം മുമ്പുള്ള വൂളന്‍ കോട്ടുകള്‍ കണ്ടാല്‍ ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ക്കും കൈയടിച്ചുപോകും.

Content Highlights: Alpha Hollywood Movie Review