മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഹൊറര്‍ ചിത്രങ്ങളിലൊന്നായിരുന്നു വിനയന്റെ സംവിധാനത്തില്‍ ദിവ്യ ഉണ്ണി-റിയാസ് എന്നിവര്‍ നായികാ നായകന്മാരായെത്തിയ ആകാശഗംഗ. ചിത്രമിറങ്ങി ഇരുപത് വര്‍ഷത്തിന് ശേഷം ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി വിനയന്‍ വീണ്ടും എത്തുമ്പോള്‍ കൗതുകത്തോടെയാണ് ആരാധകര്‍ കാത്തിരുന്നത്. 

മലയാള സിനിമയില്‍ ഗ്രാഫിക്‌സ് പോലുള്ള സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരീക്ഷിക്കാന്‍ എന്നും താത്പര്യം പ്രകടിപ്പിച്ചിരുന്ന സംവിധായകനാണ് വിനയന്‍. ആകാശഗംഗയില്‍ നമ്മള്‍ കണ്ട ഗ്രാഫിക്‌സുകള്‍ ഇതിനുദാഹരണമാണ്.  ഇതില്‍ തന്നെ നൂതനമായ സാങ്കേതികതകള്‍ വന്ന സമയത്ത് രണ്ടാം ഭാഗവുമായി എത്തുമ്പോള്‍ ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ വിനയന്‍ ശ്രമിച്ചതായി കാണാം.

തന്നെ ജീവനോടെ ചുട്ടെരിച്ച, മാണിക്ക്യശ്ശേരി കോവിലകത്തിന്റെ സര്‍വ്വനാശം കൊതിക്കുന്ന ഗംഗയെന്ന ദാസിപ്പെണ്ണിന്റെ, യക്ഷിയുടെ പകയുടെ കഥയായിരുന്നു ആകാശഗംഗ പറഞ്ഞത്. ഇരുപതാണ്ട് കഴിഞ്ഞിട്ടും അടങ്ങാത്ത അവളുടെ പക തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും കാതല്‍. മായയുടെ (ദിവ്യ ഉണ്ണി) ദേഹത്ത് കുടിയേറിയ ഗംഗയെ മേപ്പാടന്‍ തിരുമേനി ഒഴിപ്പിക്കുന്നതിലൂടെയാണ് ആദ്യ ഭാഗം അവസാനിക്കുന്നതെങ്കിലും ഗംഗയുടെ പക മായയുള്‍പ്പടെ കോവിലകത്തെ മറ്റ് നാല് പേരുടെ ദുര്‍മരണത്തിന് ഇടയാക്കിയെന്ന സൂചനകളിലൂടെയാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്.

മായയുടെയും ഉണ്ണിയുടെയും(റിയാസ്) മകള്‍ ആരതി വര്‍മ്മയിലൂടെയാണ് രണ്ടാം ഭാഗത്തിന്റെ കഥ വികസിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മെഡിസിന് പഠിക്കുന്ന ആരതിയുടെയും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ഇടയിലേക്ക് യക്ഷിയായിരുന്ന ഗംഗ, മുച്ചൂടും മുടിക്കുന്ന ചുടലയക്ഷിയായി അവതരിക്കുന്നു. തുടര്‍ന്ന് മാണിക്യശ്ശേരിയില്‍ ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങളിലൂടെയും പ്രതികാരങ്ങളിലൂടെയും കഥ വികസിക്കുന്നു. അടങ്ങാത്ത പകയോടെ ഗംഗ വീണ്ടും അവതരിക്കുമോ എന്ന സംശയം പ്രേക്ഷകരുടെ ഉള്ളില്‍ ബാക്കിയാക്കിയാണ് ചിത്രം അവസാനിപ്പിക്കുന്നത്. 

ഗ്രാഫിക്‌സുകളുടെ സഹായത്തോടെ മയൂരിയെ യക്ഷിയായി വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് വിനയന്‍. ആദ്യ ഭാഗത്തില്‍ രാജന്‍.പി.ദേവ് അവതരിപ്പിച്ച മേപ്പാടന്‍ തിരുമേനിയുടെ മകള്‍ ദുര്‍മന്ത്രവാദിനി സൗമിനി ദേവിയായി എത്തുന്ന രമ്യ കൃഷ്ണന്റെ സ്‌ക്രീന്‍ പ്രസന്‍സ് എടുത്തി പറയേണ്ട കാര്യമാണ്. പുതുമുഖം വീണാ നായരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ആരതിയായി എത്തുന്നത്.  പലയിടത്തും ദിവ്യ ഉണ്ണിയുമായുള്ള വീണയുടെ രൂപസാദ്യശ്യം ആദ്യ ഭാഗവുമായി ബന്ധപ്പെടുത്തുന്ന ഘടകമാണ്. 

വിനയന്റെ മകന്‍ വിഷ്ണു വിനയനാണ് നായകനായി എത്തുന്നത്. റിയാസ്, ശ്രീനാഥ് ഭാസി, ഹരീഷ് പേരടി, പ്രവീണ, തെസ്‌നി ഖാന്‍, ധര്‍മ്മജന്‍, സുനില്‍ സുഖദ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൊറര്‍ ഫീലിങ് നല്‍കുന്ന ബിജിപാലിന്റെ പശ്ചാത്തല സംഗീതവും പ്രകാശ് കുട്ടിയുടെ ഛായാഗ്രഹണും മികച്ചതാണ്. കൂടാതെ, ആദ്യ ഭാഗത്തില്‍ കെ.എസ്. ചിത്രയുടെ ശബ്ദത്തില്‍ നമ്മള്‍ കേട്ട 'പുതുമഴയായ് വന്നൂ നീ' എന്ന ഗാനം പുതിയ ശബ്ദമിശ്രണത്തോടെ ചിത്രയുടെ തന്നെ ആലാപനത്തില്‍ രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും ആസ്വാദ്യകരമാണ്. 

Content Highlights : Akashaganga 2 Malayalam Movie Review Vinayan Vishnu Vinay Veena Nair riyas