ബിജു
പൗലോസ് എന്ന് യുവ എസ്.ഐയും അയാളുടെ പോലീസ് ജീവിതവുമാണ് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ ഇതിവൃത്തം. പോലീസ് ചിത്രങ്ങളെന്നാല്‍ അമാനുഷികനായ നായകന്റെ വാചകക്കസര്‍ത്തുകളും വില്ലനെ തല്ലി പറപ്പിക്കലും മേലുദ്യോഗസ്ഥരോട് പൊട്ടിത്തെറിക്കലുമായിരിക്കുന്ന നടപ്പ് മാതൃകയെ പാടെ തള്ളിമാറ്റി, കേരള പോലീസിലെ ഒരു സാധാരണ ഉദ്യോഗസ്ഥന്റെ ജീവിതം അതേപടി പകര്‍ത്തി വച്ചിരിക്കുകയാണ് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ സംവിധായകന്‍ എബ്രിഡ് ഷൈന്‍.
സസ്പെന്‍സ് ത്രില്ലര്‍ കഥയോ ആളെ അമ്പരിപ്പിക്കുന്ന ട്വിസ്റ്റുകളോ കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതമോ ബിജുവിനില്ല. പകരം ബിജു പൗലോസ് എന്ന പോലീസുകാരന് മുന്നിലെത്തുന്ന കേസുകളിലൂടെയും പലതരം മനുഷ്യരിലൂടെയുമാണ് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രം മുന്നോട്ട് പോകുന്നത്. രണ്ട് മണിക്കൂര്‍ ഇരുപത് മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ നാം കാണുന്ന സംഭവങ്ങളും കഥാപാത്രങ്ങളുമെല്ലാം ഇന്നത്തെ മലയാളി സമൂഹത്തില്‍നിന്ന് നമുക്ക് കണ്ടെടുക്കാവുന്നവരാണ്. സമീപകാലത്ത് കേരളത്തില്‍ അരങ്ങേറിയ പലസംഭവങ്ങളും അതേ ഗൗരവത്തോടെ ചിത്രത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട് സംവിധായകന്‍.
റിയലിസ്റ്റിക്കായ നര്‍മ്മരംഗങ്ങളാല്‍ സമ്പന്നമാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ ആദ്യപകുതി. ചളി കോമഡികളും അശ്ലീല ഡയലോഗുകളും ചിത്രത്തില്‍ എവിടെയുമില്ല. പോലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലുന്നവന്റെ പങ്കപ്പാടുകളും പൊല്ലാപ്പ് പിടിച്ച കേസുകളില്‍ കറങ്ങിപ്പോയ പോലീസുകാരുടെ മെനക്കേടുകളും ആദ്യപകുതിയില്‍ രസകരമായിത്തന്നെ സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. ബിജുവിന്റെ സഹപ്രവര്‍ത്തകരുടെ റോളിലെത്തുന്ന മേജര്‍ രവി, സൈജു കുറുപ്പ്, ജോജു, പ്രമോദ് തുടങ്ങിയവര്‍ തങ്ങളുടെ കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്തി. എന്നാല്‍ ഫോണ്‍ സംഭാഷങ്ങളില്‍ മാത്രം ഒതുങ്ങാനായിരുന്നു നായിക അനുമോളുടെ വിധി.
ജീവിതത്തില്‍ അസാധാരണമായ പ്രതിസന്ധിഘട്ടം വന്നപ്പോള്‍ പോലീസ് സ്റ്റേഷനിലേക്ക് കയറിവന്ന സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രവും അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് പോലീസ് കടന്നുവന്നപ്പോള്‍ അമ്പരന്നു നിന്ന മേഘനാഥന്റെ കഥാപാത്രവും തിയേറ്റര്‍ വിട്ടാലും പ്രേക്ഷകര്‍ക്കൊപ്പം ചെല്ലുന്നതാണ്. ദേശീയ അവാര്‍ഡ് ജേതാവായ സുരാജ് ആ പുരസ്‌കാരത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇടവളേയ്ക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ മടങ്ങിയെത്തിയ മേഘനാഥന്‍ എന്ന നടന് കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ് ആക്ഷന്‍ ഹീറോ ബിജുവിലൂടെ എബ്രിഡ് ഷൈന്‍ സമ്മാനിച്ചത്. ഇവര്‍ക്കൊപ്പം വിന്ദുജ മേനോനും രോഹിണിയും ചിത്രത്തില്‍ ശക്തമായ വേഷങ്ങളില്‍ എത്തുന്നു.
പ്രേമത്തിന്റെ വന്‍വിജയത്തിന് ശേഷം ഏതാണ്ട് ഏഴ് മാസമെടുത്താണ് ആക്ഷന്‍ ഹീറോ ബിജു എന്ന നായകകഥാപാത്രത്തെ നിവിന്‍ പോളി അണിയിച്ചൊരുക്കിയത്. പക്കാ കമേഴ്സ്യല്‍ ചുവയുള്ള ചിത്രം നിര്‍മിക്കാമായിരുന്നുവെങ്കിലും ആക്ഷന്‍ ഹീറോ ബിജു പോലെ വ്യത്യസ്തമായ ചിത്രം നിര്‍മിക്കാന്‍ ഇവര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കേണ്ടതുണ്ട്.
സങ്കീര്‍ണവും രസകരവും ആയ പലതരം സാഹചര്യങ്ങളിലൂടെ കടന്നു പോവുന്ന ബിജു പൗലോസ് എന്ന കഥാപാത്രം നിവിന്‍ പോളി പാളിച്ചകളില്ലാതെയാണ് അവതരിപ്പിച്ചത്. ഒരു ആക്ഷന്‍ ഹീറോയായി എസ്റ്റാബ്ലിഷ് ചെയ്യാനുള്ള വലിയ അവസരമായിരുന്നു നിവിന് ഈ പോലീസ് ചിത്രം. എന്നാല്‍ അതിന് മെനക്കെടാതെ കഥ ആവശ്യപ്പെട്ട രീതിയില്‍ മാത്രമാണ് ബിജു എന്ന കഥാപാത്രം പെരുമാറിയത്. അതുകൊണ്ടുതന്നെ ഒരു മാസ് ആക്ഷന്‍ ചിത്രം പ്രതീക്ഷിച്ച് തിയേറ്ററില്‍ ചെല്ലുന്നവരെ ആക്ഷന്‍ ഹീറോ ബിജു നിരാശപ്പെടുത്തും.
എന്റെ വീട്ടില്‍ കയറി കട്ടതിനല്ല നിന്റെ പിറകേ വന്നതെന്ന്....കഥയിലൊരിടത്ത് തനിക്ക് മുന്നിലെത്തിയ കുറ്റവാളിയോട് ബിജു പറയുന്നുണ്ട്. പലതരം മനുഷ്യര്‍ ഒന്നിച്ചു ജീവിക്കുന്ന നമ്മുടെ സമൂഹത്തില്‍ ആര്‍ക്കെന്ത് അപകടമുണ്ടായാലും ആദ്യം വിളിക്കുന്നതും ആദ്യം ഓടിയെത്തുന്നതും ഒരു പോലീസുകാരനാണ്. ഡ്യൂട്ടി സമയത്തേക്കാളേറെ പ്രവര്‍ത്തിച്ചാലും എല്ലായിടത്തും ഓടിയെത്തിയാലും തീരെ ചെറിയ പിഴവുകളുടെ പേരില്‍ പോലും ക്രൂരമായി വിമര്‍ശക്കപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരാണ് പോലീസുകാര്‍. ശവത്തിന് കാവല്‍ നില്‍ക്കാനും സമരക്കാരെ വഴിയില്‍ തടയാനും രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദങ്ങളെ നേരിടാനും കള്ളനെ പിടിക്കാനും ഓടുന്ന പോലീസുകാര്‍ക്ക് ഇന്നേ വരെ നന്ദി പറയാന്‍ നമ്മളാരും മിനക്കെട്ടിട്ടില്ല. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ആ ദൗത്യമാണ് എബ്രിഡ് ഷൈനും നിവിന്‍ പോളിയും നടപ്പാക്കിയത്. അന്‍പതിനായിരത്തോളം വരുന്ന കേരള പോലീസിനുള്ള ബിഗ് സല്യൂട്ടാണ് ആക്ഷന്‍ ഹീറോ ബിജു എന്ന ഈ റിയലിസ്റ്റിക് പോലീസ് ചിത്രം.