ഗൗതം വാസുദേവ മേനോന്റെ സ്ഥിരം ഫോര്‍മുലയായ റൊമാന്‍സും ആക്ഷനും കൂട്ടിക്കലര്‍ത്തിയിട്ടുണ്ടെങ്കിലും ഒരു അപൂര്‍ണ ചിത്രമാണ് അച്ചമെന്‍പത് മടമൈയെടാ. പേടിയെന്നത് മണ്ടത്തരം (Fear is Foolishness) എന്നതാണ് ഈ പേരിന്റെ അര്‍ത്ഥം. 

സിലമ്പരസന്‍ എന്ന ചിമ്പു നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് മഞ്ജിമാ മോഹനാണ്. സഹതാരമായി ഇടയ്ക്കിടയ്ക്ക് ഗൗതം മേനോനും പ്രത്യക്ഷപ്പെടുന്നുണ്ട്. 

ഒന്നാം പകുതിയില്‍ റൊമാന്റിക് സീനുകള്‍ കൊണ്ട് സമ്പന്നമായ ചിത്രം ഇടവേളയ്ക്ക് തൊട്ടുമുന്‍പ് ആക്ഷനിലേക്ക് ചുവട് മാറുന്നു. ആദ്യ പകുതിയില്‍ നായികയെ അവതരിപ്പിക്കുന്നുണ്ടെങ്കിലും കാര്യമായി കഥ പറയാതെ റൊമാന്‍സിലൂടെയും യാത്രകളിലൂടെയും മുന്നോട്ടു പോകുന്ന സിനിമ ആക്ഷന്‍ ജോണറിലേക്ക് മാറുന്നതോടെയാണ് കഥ തുടങ്ങുന്നത്. 

ചിത്രത്തിന്റെ ക്ലൈമാക്സിനെ ഉള്‍ക്കൊള്ളാന്‍ വിശാലമനസ്‌കത വേണ്ടി വരും, അത്രയ്ക്ക് അസംബന്ധമായ ക്ലൈമാക്സാണ് സംവിധായകന്‍ ഒരുക്കി വെച്ചിരിക്കുന്നത്. 

സിനിമയുടെ തുടക്കം മുതല്‍ ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു, കാരണമെന്ത് എന്നിങ്ങനെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷകനെ നിരാശപ്പെടുത്തുന്ന തരത്തിലാണ് കഥയുടെ മൂലകാരണങ്ങള്‍ വിശദീകരിക്കുന്നത്. ക്ലൈമാക്സിന് അല്‍പ്പംകൂടി ബലം നല്‍കിയിരുന്നെങ്കില്‍ വിണ്ണെയ്താണ്ടി വരുവായാ പോലെ എന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി ഇതും മാറിയേനെ. 

വിണ്ണൈതാണ്ടി വരുവായാ എന്ന ഗൗതം മേനോന്‍ ചിമ്പു കൂട്ടുകെട്ടിലിറങ്ങിയ മുന്‍ചിത്രത്തിന്റെ നിഴലനക്കങ്ങള്‍ ഈ ചിത്രത്തില്‍ ഉടനീളം കാണുന്നുണ്ട്. മഞ്ജിമയുടെ ലീല എന്ന കഥാപാത്രത്തിന്റെ സംസാരരീതിയ്ക്കും മറ്റും തൃഷയുടെ ജെസ്സിയുമായി ചെറുതല്ലാത്ത സാമ്യമുണ്ട്. ചിമ്പുവിന്റെ കഥാപാത്രത്തിന്റെ ഗതിയും വ്യത്യസ്തമല്ലെങ്കിലും രണ്ടാംപകുതിയില്‍ ഈ വിമര്‍ശനങ്ങള്‍ക്കൊന്നും സ്ഥാനമില്ല. 

നായകന്റെ പേരെന്തെന്ന് പറയുന്നത് സിനിമയുടെ ഒടുവിലാണ്, അതുവരെ മന:പൂര്‍വ്വമായി സംവിധായകന്‍ പേര് നമ്മളില്‍നിന്ന് മറച്ച് പിടിയ്ക്കുന്നു. ഗൗതം മേനോന്‍ ചിത്രങ്ങളില്‍ കണ്ട് ശീലമില്ലാത്ത ഫൈറ്റ് രംഗങ്ങള്‍, പൊങ്ങി പറക്കുന്ന കാറുകള്‍, ചേസിംങ്, സൂപ്പര്‍ഹീറോയിസം തുടങ്ങി ഗൗതംമേനോന് വശമില്ലാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ചിത്രത്തില്‍ അറിയാനുണ്ട്. 

കഥാസന്ദര്‍ഭത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന സംഗീതം കൊണ്ട് വിണ്ണൈതാണ്ടി വരുവായായയിലേ അതേ മാജിക് എ.ആര്‍.റഹ്മാന്‍ ഇവിടെയും ആവര്‍ത്തിച്ചിട്ടുണ്ട്. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ പാട്ടുകളെല്ലാം ജനപ്രീതി നേടിയിരുന്നു.

ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും വിവിധ ഭാഗങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. കേന്ദ്രകഥാപാത്രങ്ങള്‍ ബൈക്കില്‍ യാത്ര പോകുന്ന സ്ഥലങ്ങളെല്ലാം അതിമനോഹരമായി ചിത്രീകരിക്കാന്‍ ഓസ്ട്രേലിയന്‍ ഛായാഗ്രാഹകനായ ഡാന്‍ മക്കര്‍ത്തറിനായിട്ടുണ്ട്. ബാബാ സെഹ്ഗാള്‍, സതീഷ്, ഡാനിയല്‍ ബാലാജി തുടങ്ങിയ താരനിരകളും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 

തന്റെ സ്ഥിരം ഫോര്‍മുലയില്‍ നിന്ന് പുറത്തുകടക്കാന്‍ ഈ ചിത്രത്തിലൂടെ സംവിധായകന്‍ ഒരു ചെറിയ ശ്രമം നടത്തിയിട്ടുണ്ട് എന്ന് വേണം പറയാന്‍. എന്നാല്‍ ഗൗതംമേനോന്റെ മുന്‍കാല ചിത്രങ്ങള്‍ മനസിലിട്ട് ഈ ചിത്രം കാണുകയാണെങ്കില്‍ നിരാശയായിരിക്കും ഫലം.