ട് ഒരു ഭീകരജീവിയാണ് എന്ന വ്യത്യസ്ത പ്രമേയം കൊണ്ട് മലയാള സിനിമാ ലോകത്ത് എത്തിപ്പെട്ട മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ആന്‍ മരിയ കലിപ്പിലാണ്. പേര് കൊണ്ട് വ്യത്യസ്തത തോന്നിപ്പിച്ച ചിത്രത്തിന്റെ പ്രമേയവും വ്യത്യസ്തമാണ്. ആന്‍മരിയ എന്നതാണ് കേന്ദ്രകഥാപാത്രത്തിന്റെ പേര്. അവളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മറ്റ് ചില കഥാപാത്രങ്ങളിലൂടെ ആന്‍മരിയയുടെ കഥ പറയുകയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. ആന്‍മരിയയുടെ സ്‌കൂളില്‍ സംഭവിക്കുന്ന ഒരു പ്രത്യേക സംഭവം കുട്ടിയുടെ മനസ്സിലെ ഉലയ്ക്കുകയും അതിനോട് പ്രതികരിക്കാന്‍ അവള്‍ തേടുന്ന സങ്കേതവുമാണ് സിനിമയുടെ ഇതിവൃത്തം. സോഷ്യല്‍ മെസേജ് പങ്കിടല്‍ അല്ലാ എന്റെ സിനിമയുടെ ലക്ഷ്യമെന്ന് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ മിഥുന്‍ മാനുവല്‍ പറഞ്ഞിരുന്നു. പക്ഷെ, സിനിമയില്‍ പ്രകടമായി തന്നെ സോഷ്യല്‍ മെസേജ് നില്‍ക്കുന്നുമുണ്ട്. 

ആന്‍മരിയയുടെ മനസ്സിനെ ഉലയ്ക്കുന്ന അവളുടെ സ്‌കൂളില്‍ നടക്കുന്ന സംഭവം അതീവ ഗൗരവമുള്ളതും കാലിക പ്രസക്തമായതുമാണ്. എന്നാല്‍, ആ വിഷയത്തെ അത് അര്‍ഹിക്കുന്ന തീവ്രതയില്‍ കൈകാര്യം ചെയ്തിട്ടില്ല. പാസിങ് ഷോട്ടുകളിലൂടെ പറഞ്ഞു പോകുക മാത്രമാണ് ചെയ്തിരിക്കുന്നത്. പൂര്‍ണമായും സംവിധായകന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലുള്ള കാര്യമാണെങ്കിലും സിനിമയെ വിലയിരുത്തുമ്പോള്‍ അത് പറയാതിരിക്കാന്‍ തരമില്ല എന്നതിനാല്‍ പറഞ്ഞതാണ്. സിനിമ തുടങ്ങുമ്പോള്‍ തെമ്മാടികളായി നടക്കുന്ന കഥാപാത്രങ്ങള്‍ കഥാന്ത്യത്തില്‍ വിശുദ്ധന്മാരാകുന്ന ക്ലീഷേ ഒഴിച്ചുനിര്‍ത്തിയാല്‍ വ്യത്യസ്തമായ കഥപറച്ചില്‍ രീതിയാണ് മിഥുന്‍ മാനുവല്‍ സ്വീകരിച്ചിരിക്കുന്നത്. നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി ഇത്തരത്തില്‍ ചിന്തിക്കുമോ എന്നുള്ള പ്രേക്ഷകന്റെ സംശയത്തിന് കഥാപാത്രങ്ങളുടെ ഡയലോഗുകളിലൂടെ സംവിധായകന്‍ ഉത്തരം നല്‍കുന്നുണ്ട്. നമ്മളൊക്കെ സ്‌കൂളില്‍ പഠിച്ചപ്പോള്‍ തോന്നിയിട്ടുള്ള കാര്യത്തെ അടിസ്ഥാനമാക്കി വെച്ചാണ് മിഥുന്‍ സിനിമ കെട്ടിപ്പൊക്കിയിരിക്കുന്നത്. 

ആന്‍മരിയയുടെ വേഷത്തില്‍ എത്തിയ സാറാ അര്‍ജുന്‍ അഭിനയം കൊണ്ട് മുന്‍പ് കഴിവ് തെളിയിച്ചിട്ടുള്ളതാണ്. അതിന്റെ തനിയാവര്‍ത്തനമാണ് ഈ സിനിമയില്‍. ഒരു നാലാം ക്ലാസുകാരിയുടെ റോളില്‍ സാറാ തകര്‍ത്ത് അഭിനയിച്ചു. സാറയ്‌ക്കൊപ്പം തന്നെ മികച്ച പ്രകടനമായിരുന്നു വിശാല്‍, അല്‍ത്താഫ് എന്നീ കുട്ടികള്‍ നടത്തിയത്. ശരത്തിന്റെ തൃശൂര്‍ ഭാഷ ഏറെ ആകര്‍ഷണമായിരുന്നു. സ്വാഭാവികമായ സംസാരശൈലിയും ഡയലോഗുകളുമാണ് എന്നെ ഈ സിനിമയില്‍ ആകര്‍ഷിച്ച മറ്റൊരു ഭാഗം. മലയാള ഭാഷ അറിയാതിരുന്നിട്ടും ഡയലോഗ് ഡെലിവറിയില്‍ കാര്യമായ പിഴവുകള്‍ കണ്ടില്ല എന്നതില്‍ സംവിധായകനും സാറയ്ക്കും അഭിമാനിക്കാം. സാറയുടെ അഭിനയത്തില്‍ തോന്നിയ പിഴവ് നൃത്തത്തിലും ഓട്ടത്തിലുമാണ്. 

ആന്‍മരിയയുടെ മാതാപിതാക്കളുടെ റോളില്‍ സൈജു കുറുപ്പും ലിയോണോ ലിഷോയിയും നന്നായി. ഡോക്ടര്‍മാരായ ഇരുവരും തമ്മിലുള്ള കുടുംബപ്രശ്‌നങ്ങള്‍ അതിന്റെ തീവ്രതയില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല. അവരുടെ ജീവിതപ്രശ്‌നങ്ങള്‍ അത്ര കണ്‍വിന്‍സിംഗായിരുന്നില്ല. ഇപ്പോള്‍ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും മലയാളം അറിയാവുന്ന ഒരു ബംഗാളി ഉണ്ടാകും. ഈ സിനിമയിലുമുണ്ട് ആന്‍മരിയയുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന ഒരു ബംഗാളി. സിനിമയില്‍ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായി എത്തിയത് ബേബിച്ചായന്റെ റോളില്‍ എത്തിയ സിദ്ദിഖാണ്. തനി കോട്ടയം ഭാഷ സംസാരിക്കുന്ന ലാന്‍ഡ്‌റോവറില്‍ നടക്കുന്ന പാവം കോടീശ്വരന്‍. പിന്നെ ഈ സിനിമയിലെ മറ്റൊരു കഥാപാത്രം ഐഫോണ്‍ സിക്‌സ് പ്ലസാണ്. ഏതാണ്ട് 60,000 രൂപ വില വരുന്ന ഈ ഫോണിന് സിനിമയിലുള്ള പ്രാധാന്യം പറയുന്നില്ല, അതൊരു സസ്‌പെന്‍സാണ്. 

ഒരു കൊച്ചു പെണ്‍കുട്ടിയുടെ ചെറിയ, എന്നാല്‍ വലിയ ആഗ്രഹം സാധിക്കുന്നതിനായി അവളെ പ്രോത്സാഹിപ്പിക്കുന്ന,  ഒപ്പം നില്‍ക്കുന്ന ഒരാളായിട്ടാണ് സണ്ണി വെയ്‌ന്റെ കഥാപാത്രം. പൂമ്പാറ്റ ഗിരീഷിന്റെ മാസ് എന്‍ട്രി ഗുണ്ടയായിട്ടാണെങ്കിലും അയാള്‍ ജോലിക്ക് പോകാന്‍ മടിയുള്ള ഒരു നാട്ടിന്‍പുറം തല്ലിപ്പൊളിയാണ്. ഇയാളുടെ ഒപ്പം പണിയെടുക്കാതെ ജീവിക്കേണ്ടത് എങ്ങനെയെന്ന് ഗവേഷണം നടത്തുന്ന ആളാണ് ആംബ്രോസ് എന്ന അജു വര്‍ഗീസ് കഥാപാത്രം. തട്ടത്തിന്‍ മറയത്തില്‍ ഇംതിയാസ് എന്ന പേരിലൂടെ മാത്രം പോപ്പുലറായ ജോണ്‍ കൈപ്പള്ളില്‍ പി.ടി. മാഷായി തകര്‍ത്തു. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് ജോണ്‍ കൈകാര്യം ചെയ്യുന്നത്. ശരീരഭാഷയിലും എക്‌സ്പ്രഷനുകളിലും ജോണ്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. ഷാന്‍ റഹ്മാന്റെ ഗാനവും സൂരജ് എസ്. കുറുപ്പിന്റെ പശ്ചാത്തല സംഗീതവും നന്നായിരുന്നു. കാര്യമായ ഇന്നൊവേഷനുകള്‍ ഒന്നുമില്ലായിരുന്നെങ്കിലും വിഷ്ണു ശര്‍മ്മയുടെ ക്യാമറയും നന്നായിരുന്നു. ഗസ്റ്റ് റോളിലാണ് എത്തുന്നതെങ്കിലും എത്തിയ രണ്ട് സീനുകളിലും ദുല്‍ഖര്‍ സല്‍മാന്‍ തകര്‍ത്തു. ട്രെയിലറില്‍ തന്നെ ദുല്‍ഖറിന്റെ കഥാപാത്രത്തിന് ഒരു സസ്‌പെന്‍സ് കൊടുത്തിരുന്നു. സിനിമയിലും അത് കാത്ത് സൂക്ഷിച്ചിട്ടുണ്ട്.

മുന്‍വിധികളില്ലാതെ സിനിമ കാണാന്‍ ടിക്കറ്റെടുത്താല്‍ ഒരു ഫീല്‍ ഗുഡ് മൂവി കണ്ടു എന്നൊരു സംതൃപ്തിയോടെ തിയേറ്ററില്‍നിന്ന് ഇറങ്ങാന്‍ സാധിക്കും. ആട് പ്രതീക്ഷിച്ച് ആന്‍മരിയക്ക് പോകരുത്, ആന്‍മരിയെ കാണാന്‍വേണ്ടി തന്നെ പോകണം.