കാമ്പോ കഴമ്പോ ഇല്ലാത്ത സാദാ ചിരിപ്പടം- 'ആന അലറലോടലറല്‍' എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ ടാഗ് ലൈന്‍ ഇതുതന്നെയാവും!!

വൈകുണ്ഠപുരം എന്ന ഗ്രാമം. ശേഖരന്‍കുട്ടി എന്ന ആന. പ്രമാണിയായ ആനയുടമസ്ഥന്‍ തമ്പി. പെട്ടന്നൊരു ദിവസം ആനയുടെ സ്വര്‍ണഏലസ് കാണാതാവുന്നു. കള്ളനായി മുദ്രകുത്തപ്പെടുന്നതാവട്ടെ സഖാവ് അബ്ദുള്‍ഖാദറിന്റെ മകന്‍ ഹാഷിമിനെയും. നിരപരാധിത്വം തെളിയിക്കുമെന്ന് പ്രതിജ്ഞയെടുത്ത് നാട് വിട്ട് പോകുന്ന ഹാഷിമും കുടുംബവും. പ്രതാപം നശിച്ച് ആനയെ വില്‍ക്കേണ്ടിവരുന്ന തമ്പിയുടെ ദൈന്യതയിലേക്ക് സമ്പനന്നായി ഹാഷിമിന്റെ രണ്ടാംവരവ്. പഴയ പ്രതികാരത്തിന്റെ പേരില്‍ ചെയ്ത്കൂട്ടുന്ന പൊല്ലാപ്പുകള്‍, തമ്പിയുടെ മകള്‍ പാര്‍വ്വതിയുമായുള്ള പ്രണയം, ആനയെച്ചൊല്ലിയുണ്ടാകുന്ന വര്‍ഗീയപ്രശ്‌നങ്ങള്‍, അവ പരിഹരിക്കാനായുള്ള നാട്ടുകാരുടെ ഇടപെടല്‍, യഥാര്‍ഥ കള്ളനെ തിരിച്ചറിയല്‍, ക്ലീഷേ ക്ലൈമാക്‌സ്. അങ്ങനെ കഥാന്ത്യം ശുഭം.

gg

പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത, കണ്ടുമടുത്ത ഗ്രാമീണചിത്രങ്ങളിലൊന്ന് മാത്രമാണ് നവാഗതനായ ദിലീപ് മേനാന്‍ സംവിധാനം ചെയ്ത 'ആന അലറലോടലറല്‍'. ആനച്ചിത്രമെന്ന ആകര്‍ഷകത്വത്തിനപ്പുറം യാതൊന്നും സമ്മാനിക്കാന്‍ സംവിധായകനായിട്ടില്ല. ആനച്ചന്തത്തിന്റെ മാസ്മരികതയില്‍ മതിമറക്കുന്നവര്‍ക്ക് ഒട്ടുമുക്കാല്‍ രംഗങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ശേഖരന്‍കുട്ടിയെന്ന നന്തിലത്ത് അര്‍ജുനനെ കണ്ടിരിക്കാം. ആനപാപ്പാനായ അച്ചൂട്ടിയായി എത്തിയ ആനന്ദം ഫെയിം വൈശാഖന്‍ തന്റെ കയ്യിലൊതുങ്ങാത്ത പാപ്പാന്‍ വേഷത്തെ എന്തുചെയ്യണമെന്നറിയാതെ പരുങ്ങുന്നത് പ്രേക്ഷകര്‍ക്ക്  അനുഭവപ്പെടുന്നുണ്ട് പല രംഗങ്ങളിലും.

വിനീത് ശ്രീനിവാസന്‍ ചിത്രങ്ങളുടെ മിനിമം ഗ്യാരണ്ടി എന്ന സംഗതിയും ഇവിടെ അപ്രസക്തമാണ്. കേവലം ചില കോമാളിത്തരങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോവുന്നു വിനീതിന്റെ ഹാഷിം. ഏദന്‍തോട്ടത്തിലെ മാലിനിയായി നിറഞ്ഞാടിയ അനുസിത്താര പാര്‍വ്വതിയിലേക്കെത്തുമ്പോള്‍ ഒന്നും ചെയ്യാനില്ലാത്ത പാവനായികയാവുന്നു. ഗാനരംഗത്തില്‍ പോലും പ്രേക്ഷകന് അനുഭവവേദ്യമാവുക ശൂന്യത മാത്രമാണ്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകനൊപ്പം പോരുന്ന ഒരു ഗാനം പോലുമില്ല ചിത്രത്തില്‍. 

rr

നവാഗതനെന്ന ആനുകൂല്യം നല്‍കിക്കൊണ്ട് ചിന്തിച്ചാല്‍ പോലും സംവിധാനത്തിലെ പോരായ്മ പുത്തരിയിലെ കല്ലുകടിയായി ബാക്കിയാവും. തൊണ്ണൂറുകളിലെ സിനിമകളില്‍ കണ്ടുപഴകിയ നാട്ടുകാരുടെ കൂട്ടത്തല്ലും കൂട്ടയോട്ടവും സീക്വന്‍സ് കോമഡിയും എന്നുവേണ്ട എന്തെല്ലാമോ കാട്ടിക്കൂട്ടലുകള്‍ മാത്രമായി ചിത്രം. കോമഡി സീനുകളുടെ അതിപ്രസരമുണ്ടെങ്കിലും  തിയേറ്ററില്‍ കാണികളെ ചിരിപ്പിക്കാന്‍ കഴിയുന്നത് ചുരുങ്ങിയ ചില രംഗങ്ങള്‍ക്ക് മാത്രമാണ്. 

സമകാലിക സംഭവങ്ങളെ ആക്ഷേപഹാസ്യമാക്കി അവതരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരിക്കുന്നതും പല രംഗങ്ങളിലും ദൃശ്യമാവും. സ്ത്രീശാക്തീകരണം, മതേതരത്വം, മിശ്രവിവാഹം തുടങ്ങിയ വിഷയങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ ചിത്രം ശ്രമിച്ചെങ്കിലും വെറും തമാശ മാത്രമായാണ് ആ രംഗങ്ങളൊക്കെ സ്‌ക്രീനില്‍ തെളിയുന്നത്. ആനയുടെ സുന്നത്ത് കല്ല്യാണമാണ് ആദ്യ പകുതിയില്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്ന കാര്യം. അതിന്റെ പേരില്‍ നായകനും കൂട്ടരും നടത്തുന്ന പെടാപ്പാടുകള്‍ അരോചകമായ തമാശകളായിപോവുന്നില്ലേ എന്ന സംശയവും പ്രേക്ഷകന് തോന്നാം. യുക്തിക്ക് നിരക്കാത്ത പരാമര്‍ശങ്ങളും സന്ദര്‍ഭങ്ങളുമെന്ന പോരായ്മയെ മറികടക്കാന്‍ കടംകഥയില്‍ പോലും ഇങ്ങനൊന്നും നടക്കില്ലല്ലോ എന്ന് പാപ്പാന്‍ കഥാപാത്രത്തെക്കൊണ്ട് പറയിച്ച് മുന്‍കൂര്‍ ജാമ്യം എടുക്കുന്നുണ്ട് സംവിധായകന്‍.

rr

ശക്തമായ കഥാപാത്രമായാണ് ഹാജിറ എന്ന ഉപ്പുമ്മയെ ചിത്രത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. എന്നാല്‍, ആനയെ ചട്ടം പഠിപ്പിക്കുന്ന രംഗങ്ങളിലൊക്കെ പഴയ ആനപ്പാറ അച്ചമ്മയുടെ വികൃതാനുകരണം മാത്രമായി തെസ്‌നിഖാന്റെ ഹാജിറ മാറുന്നു. ചിരിപ്പിക്കാനുള്ള രംഗങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമായുള്ളതാണ് ഇന്നസെന്റ് അവതരിപ്പിച്ചിരിക്കുന്ന ഉപദേശി കഥാപാത്രം. വിജയരാഘവന്‍,മാമുക്കോയ, ധര്‍മ്മജന്‍, ഹരീഷ് പെരുമണ്ണ തുടങ്ങിയ നീണ്ട ഹാസ്യനിര തന്നെ ചിത്രത്തിലുണ്ട്‌ ഹാസ്യവും വില്ലത്തരവും കൈകോര്‍ക്കുന്ന കഥാപാത്രമായി സുരാജ് വെഞ്ഞാറമ്മൂടും പ്രധാനവേഷത്തിലുണ്ട്. 

ചുരുക്കത്തില്‍ പേരിലെ കൗതുകം മാത്രമാണ് 'ആന അലറലോടലറലി'നെ വ്യത്യസ്തമാക്കുന്നത്.....

Content Highlights: aana alaralodalaral review Movie Review Vineeth Sreenivasan Malayalam Movie