'വടംവലി, അതൊരു ഹരമാണ്. നീലൂർ എന്ന മലയോരഗ്രാമത്തിന് അത് ചങ്കിൽ പതിഞ്ഞ ചരിത്രമാണ്. ആഹാ നീലൂർ എന്ന വടംവലി സംഘം എഴുതിച്ചേർത്ത ആവേശം അലയടിക്കുന്ന ചരിത്രം.' നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തിയ 'ആഹാ' വടംവലിയുടെ ആവേശം ഒരു പരിധിവരെ നിലനിർത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ നൽകുന്ന പ്രതീക്ഷകൾക്കപ്പുറത്തേക്കൊന്നും ആഹായുടെ ആവേശമില്ല.

ആഹാ നീലൂർ
പാലായിലെ നീലൂർ എന്ന ഗ്രാമത്തിലെ രണ്ടു വ്യത്യസ്ത തലമുറകളിലൂടെ ആവേശ്വജ്വലമായ വടംവലി മത്സരം കാഴ്ചവയ്ക്കാനാണ് 'ആഹാ'യുടെ ശ്രമം. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന കഥ ആവശേത്തിലേക്കുയരുന്നത് രണ്ടാം പകുതിയുടെ അന്ത്യത്തോടെയാണ്. പ്രേക്ഷകരെ ഏറെ ബോറടിപ്പിക്കാതെ കഥപറയുന്ന ഒരു വടംവലി ചിത്രം എന്ന് ആഹായെ ഒറ്റ വരിയിൽ പറയാം. 

'ആഹാ നീലൂർ' എന്ന വടംവലി സംഘത്തിലുള്ളവരാരും വിജയം മാത്രം രുചിച്ചവരല്ല. ജീവിതത്തിൽ എവിടെയും സ്വയം അടയാളപ്പെടുത്തിയിട്ടില്ലാതെ നാണക്കേടുമാത്രം കൈമുതലായ അവരെല്ലാം ഒരിക്കലെങ്കിലും വിജയിക്കാനാണ് ആഹായുടെ വടം പിടിക്കാനെത്തുന്നത്. കഥാപാത്രങ്ങളുടെ കയ്യിൽ ആ വടം സുരക്ഷിതമാണെങ്കിലും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും കയ്യിൽ നിന്ന് പലയിടത്തും വടം സ്ലിപ്പാകുന്നുണ്ട്. ബിബിൻ പോൾ സാമുവൽ തന്നെ എഡിറ്റിങ് നിർവ്വഹിച്ച ചിത്രത്തിന്റെ സംഗീതം സയനോര ഫിലിപ്പാണ്. രാഹുൽ ബാലചന്ദ്രന്റെ ക്യാമറ മലയോര ഗാമഭംഗി ഒപ്പിയെടുക്കുന്നു. 

ആഹായുടെ കഥ, കൊച്ചിന്റെയും
കൊച്ച് (ഇന്ദ്രജിത്ത്) സംഘത്തിലെ കരുത്തനായ മുൻനിര വലിക്കാരനാണ്. ആരാലും അറിയപ്പെടാത്ത മരംകയറ്റക്കാരും കല്ലുപണിക്കാരും കുടിയേറ്റക്കാരുമാണ് സംഘത്തിലെ മറ്റുവലിക്കാർ. പീലിയാശാനാണ് (മനോജ് കെ ജയൻ) ആഹാ ടീമിന്റെ നെടുംതൂൺ. പതിനഞ്ചു വർഷക്കാലം കേരളത്തിൽ അങ്ങോളമിങ്ങോളം വിജയക്കൊടി പാറിച്ച ആഹാ ടീമിന്റെ കണ്ണീരിൽ തുടങ്ങുന്ന കഥ പിന്നീട് വടംവലി വിട്ട് നല്ലൊരു കുടുംബചിത്രത്തിനുവേണ്ട മസാലകൾ തേടുന്നുണ്ട്. 

പ്രണയത്തിന്റെയും പിണക്കത്തിന്റെയും അതിജീവനത്തിന്റെയും കൈപിടിച്ചാണ് പിന്നെ ചിത്രത്തിന്റെ പോക്ക്. തോബിത് ചിറയത് ഒരുക്കിയ തിരക്കഥയുടെ കൈയടക്കമില്ലായ്മ ചിലപ്പോഴൊക്കെ ആസ്വാദനത്തിന്റെ രസച്ചരടു പൊട്ടിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയുടെ അവസാനത്തോടെ യഥാർഥ വടംവലി മത്സരത്തിന്റെ ആവേശത്തിലേക്കുയരാൻ ചിത്രത്തിന് കഴിയുന്നു. ഒരു പതിവ് സ്‌പോർട്‌സ് ചിത്രത്തിന്റെ സഞ്ചാരവഴികൾ തന്നെയാണ് ആഹായുടേതും.

കൊച്ച് എന്ന പ്രധാന കഥാപാത്രത്തെ ഇന്ദ്രജിത്ത് തന്റെ കൈകളിൽ ഭദ്രമാക്കിയപ്പോൾ അശ്വിൻ കുമാർ അവതരിപ്പിച്ച ചെങ്കൻ വില്ലനായി തകർത്തു. കൊച്ചിന്റെ ഭാര്യയായി മേരിക്ക് (ശാന്തി ബാലചന്ദ്രൻ) കൂടുതൽ അഭിനയ മുഹൂർത്തങ്ങളൊന്നും തന്നെയില്ല. പീലി ആശാനായി മനോജ് കെ ജയൻ എത്തുന്ന ചുരുക്കം ഫ്രെയിമുകൾ മനോഹരമാണ്. അമിത് ചക്കാലയ്ക്കൽ, സിദ്ധാർഥ് ശിവ, ജയശങ്കർ തുടങ്ങിയവും ഒപ്പം ഒരുപിടി പുതുമുഖങ്ങളും ആഹായുടെ ആവേശം കൂട്ടാനെത്തുന്നു.

Content Highlights: Aaha Movie starring Indrajith Sukumaran Review