ലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്ന പൊങ്ങുതടി കാണാന്‍ നല്ല രസമാണ്. എന്നാല്‍ അതുകൊണ്ട് ഉപകാരമൊന്നുമില്ല. ദൂരെ നിന്ന് കാണുമ്പോള്‍ ഹാ! ഒത്ത നല്ല വലുപ്പത്തിലുള്ള തടി എന്ന് സന്തോഷിക്കുമെങ്കിലും അടുത്തെത്തുമ്പോള്‍ കാമ്പില്ലാത്ത തടിക്കഷ്ണമായി തോന്നും. ഇതാണ് തിയേറ്ററില്‍ എത്തിയ ആട് രണ്ടാംഭാഗം.

പ്രേക്ഷകനെ ഉപരിപ്ലവമായി മാത്രം സ്പര്‍ശിച്ചുപോകുന്ന അനേകം കോമഡികള്‍കൊണ്ട് കുത്തിനിറയ്ക്കപ്പെട്ടതാണ് ഈ സിനിമ. തിയേറ്ററുകളില്‍ ചിരിയുടെ പൂരത്തിന് കൊടിയേറുകയായി എന്ന പരസ്യവാചകം കണ്ട് സിനിമയ്‌ക്കെത്തുന്ന സാധാരണക്കാരായ പ്രേക്ഷകന്‍ അവസാനം സിനിമകഴിഞ്ഞിറങ്ങുമ്പോള്‍ കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ലല്ലോ? എന്ന് പ്രാര്‍ഥിച്ച് പ്രാകിക്കൊണ്ട് സ്ഥലംവിട്ടാല്‍ അതിന് മറുപടി പറയാന്‍ ഷാജിപാപ്പാനെയോ (ജയസൂര്യ), അറക്കല്‍ അബുവിനെയോ (സൈജു കുറുപ്പ്) തന്നെ കൊണ്ടുവരേണ്ടിവരും. ജനങ്ങള്‍ക്ക് തിരിയാത്തനിലയ്ക്ക് പൊട്ടന്‍കളിച്ചുപറയുവാന്‍ അവരെക്കാളും നല്ല കഥാപാത്രങ്ങള്‍ വേറെയുണ്ടാകില്ല.

ഹോങ്കോങ്ങില്‍നിന്ന് വരുന്ന വിനായകന്റെ കഥാപാത്രത്തില്‍നിന്നാണ് ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമ തുടങ്ങിയതെങ്കില്‍ ആട് രണ്ട് തുടങ്ങുന്നത്. മംഗലാപുരത്തെ സ്വര്‍ണ കള്ളക്കടത്തില്‍നിന്നാണ്. സ്വര്‍ണ കള്ളക്കടത്തുകാരെ അവരുടെ ഇടയില്‍പ്പെട്ടവര്‍തന്നെ ചതിച്ച് സ്വര്‍ണവുമായി മുങ്ങുന്നിടത്തുനിന്ന് കഥ നേരേ ഹൈറേഞ്ചിലേക്ക് വരുകയാണ്. ഇതോടെ സിനിമ പഴയ ഷാജി പാപ്പാന്‍ എന്ന ജയുസൂര്യയിലും സര്‍ബത്ത് ഷമീര്‍ എന്ന വിജയ്ബാബുവിന്റെ എസ്.ഐ.യിലേക്കുമെല്ലാം തിരിച്ചെത്തുകയാണ്.

പണ്ട് സിദ്ദിഖ് ലാല്‍ എങ്ങനെ ജഗദീഷിനെ ഉപയോഗിച്ച് ഒരു മണ്ടന്‍ കഥാപാത്രമുണ്ടാക്കാന്‍ ശ്രമിച്ചുവോ മിഥുന്‍ മാനുവല്‍ തോമസിന്റെ ഈ നിലയ്ക്കുള്ള പരീക്ഷണമാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ കഥാപാത്രം. കമ്പവലി സ്വന്തം ജീവന്റെ പാതിയായി കാണുന്ന ഷാജി പാപ്പന്‍ വീണ്ടും മറ്റൊരു കമ്പവലിമത്സരത്തിനുകൂടി കോപ്പൂകൂട്ടുകയാണ്. ഇത് ഷാജിയുടെ ജീവന്മരണപ്പോരാട്ടവുമാണ്. എന്തുകൊണ്ടെന്നാല്‍ അമ്മയുടെ സമ്മതമില്ലാതെ കിടപ്പാടം പണയംവെച്ചാണ് ഷാജി ഈ കമ്പവലിമത്സരത്തിന്റെ എന്‍ട്രി ഫീയായ അന്‍പതിനായിരം രൂപയും മറ്റ് മുന്‍ചെലവുകള്‍ക്കുമുള്ള പണം കണ്ടെത്തുന്നത്. അവസാനം മത്സരത്തില്‍ ഷാജിയുടെ ടീമായ വിന്നേഴ്സ് വിജയിക്കുന്നുവെങ്കിലും അന്‍പതുപവന്റെ സ്വര്‍ണക്കപ്പ് അണലിഷാജിയുടെ ടീം അടിച്ചുകൊണ്ടുപോകുന്നു. 

ഇരയെ അതിന്റെ മടയില്‍തന്നെ കയറി ആക്രമിക്കുകയെന്ന തമിഴ് നായകന്റെ സ്‌റ്റൈലില്‍ അവരുടെ പാളയത്തില്‍തന്നെ ചെന്ന് കപ്പ് തിരിച്ചുകൊണ്ടുവരുകയാണ് ജയസൂര്യ. എന്നാല്‍ ഇവിടെ പ്രത്യക്ഷപ്പെടുന്ന ലൂസിഫര്‍ എന്ന കഥാപാത്രം ഷാജിപാപ്പാന്റെ പ്രതീക്ഷകളെ തെറ്റിക്കുകയാണ്. ഉപരിപ്ലവമായി രണ്ടുരണ്ടരമണിക്കൂര്‍ കണ്ടിരിക്കാന്‍ അനേകം മസാലച്ചേരുവകള്‍കൂട്ടി തയ്യാറാക്കിയ ഒരു സിനിമ എന്നതിനപ്പുറത്തേക്ക് ആട് രണ്ട് സഞ്ചരിക്കുന്നേയില്ല, ഇനി സഞ്ചരിക്കണമെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് താത്പര്യവുമില്ല. മറിച്ച് രണ്ടുപതിറ്റാണ്ട് മുന്‍പ് സിദ്ദിഖ്ലാല്‍ സിനിമകള്‍ കേരളത്തില്‍ ഉയര്‍ത്തിയ കോമഡിതരംഗങ്ങളുടെ പുതിയ ഒരു കാഴ്ച അവതരിപ്പിക്കാനുള്ള ശ്രമമാണ് ആട് രണ്ടിന്റെ ശ്രമം. സിനിമയിലൂടെ പറയാന്‍ ഉദ്ദേശിച്ചിരുന്ന പല രാഷ്ട്രീയസന്ദേശങ്ങളും ഗ്യാസായിപ്പോകുകയായിരുന്നു.

നല്ലൊരു പ്രമേയം അതിന്റെ വളര്‍ച്ചവികാസങ്ങള്‍ക്കനുസരിച്ച് പറയുകയെന്നതിനപ്പുറം മലയാളത്തിലുണ്ടായ കോമഡി ഹിറ്റുകളുടെ പാറ്റേണ്‍ എങ്ങനെ തങ്ങള്‍ക്കും ആളെക്കൂട്ടാന്‍ തിയേറ്ററിലെ കസേര നിറയ്ക്കാന്‍ ഉപയുക്തമാക്കാം എന്നുള്ളതാണ് ഈ സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ ലക്ഷ്യമെന്ന് തോന്നുന്നു.

Content Highlights: Aadu 2 Review, Aadu 2 malayalam movie, Jayasurya, Shaji Pappan, Midhun Manuel Thomas